മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റു; ബോട്ടില്‍ നിന്ന് നേവിയുടെ വെടിയുണ്ടകള്‍ കണ്ടെടുത്തു
Kerala News
മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റു; ബോട്ടില്‍ നിന്ന് നേവിയുടെ വെടിയുണ്ടകള്‍ കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th September 2022, 3:04 pm

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ കടലില്‍ നിന്ന് മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുന്നതിനിടെയാണ് സംഭവം. മത്സത്തൊഴിലാളിയുടെ ചെവിക്കാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല.

ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിന് സമീപത്ത് വെച്ചായിരുന്നു സംഭവം. സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിക്ക് സമീപമുള്ള ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

നേവി ഉദ്യോഗസ്ഥര്‍ ഫയറിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വെടിയുണ്ടയാണ് ബോട്ടില്‍ നിന്ന് കണ്ടെത്തിയത്. നേവി ഉദ്യോഗസ്ഥര്‍ അവിടെ ഫയറിങ്ങ് പരിശീലനം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇതാണോ അപകടകാരണമെന്ന് വ്യക്തമല്ല.

 നേവി ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയിക്കണമെന്നും, ഇത് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.

അതേസമയം, വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന പറഞ്ഞു. ബുള്ളറ്റ് പരിശോധിച്ച ശേഷമായിരുന്നു നേവിയുടെ പ്രതികരണം. പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന വ്യക്തമാക്കി.

Content Highlight: Fisherman got shot at sea in near Fort Kochi