എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തിലെ പ്രതി പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയില്‍ അഗ്നിബാധ
എഡിറ്റര്‍
Monday 22nd October 2012 10:42am

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 30 ാം പ്രതി പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയില്‍ അഗ്നിബാധ.

ടി.പി വധത്തിന്റെ ഗൂഢാലോചന നടന്നെന്ന് കുറ്റപത്രത്തില്‍ പറയുന്ന ഓര്‍ക്കാട്ടേരിയിലെ പൂക്കടയിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.

Ads By Google

കടയില്‍ നിന്നും തീ ഉയരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് സംഭവം പോലീസിനെ അറിയിക്കുകയും പോലീസും അഗ്നിശമന സേനയും എത്തിയതിന് ശേഷം തീ അണയ്ക്കുകയും ചെയ്തു.

അതേരസമയം ടി.പി. വധത്തിലെ ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ അന്വേഷണം നടക്കാനിരിക്കെ പൂക്കട കത്തിനശിച്ചത് സംശയത്തിനിടയാക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരിയില്‍ സി.പി.ഐ.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.

എന്നാല്‍ ഈ സംഭവം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ടി.പി. വധക്കേസില്‍ ഇവിടെ വെച്ച് ഗൂഢാലോചന നടന്നതിന് സാക്ഷികള്‍ ഉള്ളതിനാലും കേസില്‍ മഹസര്‍ എഴുതി  കഴിഞ്ഞതിനാലും ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൂക്കടയില്‍ അഗ്നിബാധയുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ടി.പി വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് പതിനാലിനാണ് രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഓഗസ്റ്റ്‌ ആറിനാണ് പടയങ്കണ്ടി രവീന്ദ്രന് കോടതി ജാമ്യം അനുവദിക്കുന്നത്.

കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മെയ് രണ്ടിനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലാണ് ഗൂഢാലോചന നടന്നത്. കെ.സി രാമചന്ദ്രന്‍, കെ.കെ കൃഷ്ണന്‍, സി.എച്ച് അശോകന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കെ.കെ കൃഷ്ണനെയും പതിനൊന്നാം പ്രതി മനോജിനെയുമാണ് കൊലപാതകത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ കുഞ്ഞനന്തന്‍ കെ.സി രാമചന്ദ്രന്റെ ഫോണില്‍ പി.മോഹനനെ വിളിച്ചു. ഫോണ്‍വിളി 53 സെക്കന്റ് നീണ്ടുനിന്നു. കൊലപാതകം ഉറപ്പിക്കാന്‍ കെ.സി രാമചന്ദ്രന്‍ മനോജിന് 10,000 രൂപ ഏപ്രില്‍ 24ന് മുന്‍കൂറായി നല്‍കിയിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

Advertisement