ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് യോഗം നടത്തിയതിന് 16 മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസ്
D' Election 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് യോഗം നടത്തിയതിന് 16 മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 5:29 pm

റാഞ്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച് യോഗം നടത്തിയതിന് ജാര്‍ഖണ്ഡില്‍ 16 മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരെ എഫ്.ഐ.ആര്‍. മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസെടുത്തതെന്ന് കാരവാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബഷീര്‍ അഹമ്മദ്, ഡോ. എസ്.എസ് അഹ്മദ്, അജാസ് അഹമ്മദ്, നദീംഖാന്‍, ഹാജി ഇംമ്രാന്‍, റാസ അന്‍സാരി, ലത്തീഫ്, എം.ഡി നൗഷാദ്, അബ്ദുല്‍ ഗഫ്ഫാര്‍, ഹഫീസ്, ജുനൈദ്, നവാബ് ചിശ്തി, സോനു ഭായ്, ഇമാം അഹ്മദ്, മുഹമ്മദ് ഷാഹിദ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ മുസ്‌ലിംങ്ങള്‍ക്കും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യോഗം നടത്തിയതെന്ന് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

വിജയ് കുമാര്‍ എന്നയാളുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും മതസൗഹാര്‍ദം തകര്‍ത്തെന്നാരോപിച്ച് ഹിന്ദ് പിഡി പൊലീസാണ് കേസെടുത്തത്. “ആസാദ് സിപാഹി” എന്ന പ്രാദേശിക ഹിന്ദി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പരാതി. “മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ മൂന്നാം മുന്നണിയ്ക്ക് കീഴില്‍ മത്സരിക്കും” എന്നതാണ് റിപ്പോര്‍ട്ടിന്റെ തലക്കെട്ടെന്ന് പരാതിയില്‍ പറയുന്നു. മാര്‍ച്ച് 15ന് നടന്ന യോഗത്തില്‍ ആക്ടിവിസ്റ്റുകള്‍ മുസ്‌ലിംങ്ങളെ മത്സരിപ്പിക്കുന്നതില്‍ വിവേചനം കാണിക്കുന്ന മഹാസഖ്യത്തെ വിമര്‍ശിച്ചെന്നും പറയുന്നു.

എന്നാല്‍ യോഗത്തെ കുറിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് “ആസാദ് സിപാഹി” ചീഫ് എഡിറ്റര്‍ ഹരി നാരായണ്‍ സിങ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

യോഗത്തില്‍ വര്‍ഗീയ പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും അത്തരമൊരു ലക്ഷ്യവും തങ്ങള്‍ക്ക് ഇല്ലായിരുന്നുവെന്നും യോഗത്തില്‍ പങ്കെടുത്ത നദീം ഖാന്‍ പറഞ്ഞു.

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് അന്യായമാണെന്ന് സി.പി.ഐ.എം.എല്‍ നേതാവ് വിനോദ് സിങ് പ്രതികരിച്ചു. മുസ്‌ലിം പ്രാതിനിധ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമോ മതസ്പര്‍ധ ഉണ്ടാക്കുന്നതോ അല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രംഗത്ത് പ്രാതിനിധ്യം തേടുന്നത് ഒരോ വിഭാഗത്തിന്റെയും അവകാശമാണെന്നും വിനോദ് സിങ് പറഞ്ഞു.