സാനിറ്ററി പാഡിലെ ശ്രീകൃഷ്ണന്റെ ചിത്രം; 'മാസൂം സവാലി'നെതിരെ കേസ്
Entertainment news
സാനിറ്ററി പാഡിലെ ശ്രീകൃഷ്ണന്റെ ചിത്രം; 'മാസൂം സവാലി'നെതിരെ കേസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th August 2022, 3:38 pm

സാനിറ്ററി പാഡിന് മേല്‍ ശ്രീകൃഷ്ണന്റെ ചിത്രം സ്ഥാപിച്ചുകൊണ്ട് സിനിമാ പോസ്റ്റര്‍ പുറത്തിറക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശ് പൊലീസാണ് സംവിധായകനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.

മാസൂം സവാല്‍ (Masoom Sawaal) എന്ന സിനിമയുടെ പോസ്റ്ററിനെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിന്ദുരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് റാത്തോറിന്റെ പരാതിയിന്മേലാണ് കേസ്.

‘മതവികാരം വ്രണപ്പെടുത്തി’ എന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ഉപാധ്യായ്, നിര്‍മാതാവ് രഞ്ജന ഉപാധ്യായ്, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ശ്രീകൃഷ്ണനെ സാനിറ്ററി പാഡില്‍ കാണിക്കുന്ന രീതിയില്‍ മാസൂം സവാലിന്റെ നിര്‍മാതാവ് പോസ്റ്റര്‍ പുറത്തുവിട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.

‘ശ്രീകൃഷ്ണന്റെ ചിത്രം സാനിറ്ററി പാഡില്‍ ആലേഖനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെക്കും,’ എന്നാണ് അമിത് റാത്തോര്‍ പരാതിയില്‍ ആരോപിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ ‘സനാതന ധര്‍മ’ത്തിന്റെ അനുയായികളുടെ മതവികാരത്തെ തകര്‍ത്തുവെന്നും ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് കലാപത്തിന് കാരണമായേക്കുമെന്നും പരാതിയില്‍ പറയുന്നു.

സിനിമയുടെ നിര്‍മാതാവും സംഘവും വളരെ ആസൂത്രിതമായി രാജ്യത്ത് വംശീയ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

ഐ.പി.സി സെക്ഷന്‍ 295 (ഏതെങ്കിലും മതവിഭാഗത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ആരാധനാലയങ്ങളെ മുറിവേല്‍പ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് യു.പിയിലെ ഗാസിയാബാദ് ജില്ലയിലെ സാഹിബബാദ് സര്‍ക്കിള്‍ ഓഫീസര്‍ സ്വതന്ത്ര സിങ് വ്യക്തമാക്കി.

മാസൂം സവാല്‍ പ്രദര്‍ശിപ്പിക്കുന്ന സാഹിബാബാദിലെയും ഗാസിയാബാദിലെയും രണ്ട് തിയേറ്ററുകള്‍ക്ക് പുറത്ത് ഹിന്ദു രാഷ്ട്ര നവ്‌നിര്‍മാണ്‍ സേന അംഗങ്ങള്‍ പ്രതിഷേധിക്കുമെന്ന് അമിത് റാത്തോര്‍ പ്രതികരിച്ചു. രണ്ട് തിയേറ്ററുകള്‍ക്കും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ആര്‍ത്തവം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യം.

Content Highlight: FIR filed against the makers of Masoom Sawaal movie for a poster showing picture of Lord Krishna on sanitary pad