രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വാഹനം കത്തിക്കലും കൈയ്യേറ്റശ്രമവും; ബി.ജെ.പി നേതാവിനെതിരെ കേസ്
rajasthan election
രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വാഹനം കത്തിക്കലും കൈയ്യേറ്റശ്രമവും; ബി.ജെ.പി നേതാവിനെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 5:24 pm

ബികാനേര്‍: തെരഞ്ഞെടുപ്പ് ദിനത്തില്‍ രണ്ടു പേരെ മര്‍ദ്ദിച്ച്, വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ദേവി സിങ്ങ് ഭാട്ടിയയ്‌ക്കെതിരെ പൊലീസ് കേസ്.

രാജസ്ഥാന്‍ മുന്‍ മന്ത്രിയായിരുന്ന ഭാട്ടിയയും അണികളും ഡിസംബര്‍ 7ന് ലക്ഷ്മണ്‍ സിങ്ങ്, ഗണപത് റാം എന്നിവരെ തല്ലുകയും, അവരുടെ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചതായും പരാതിയില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി. രണ്ടു സംഭവങ്ങളിലായി രണ്ടു വ്യത്യസ്ത കേസുകളാണ് ഭാട്ടിയയ്ക്കും അണികള്‍ക്കുമെതിരെ രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read ബി.ജെ.പി ഫാസിസ്റ്റാണോ അല്ലയോ എന്ന തര്‍ക്കത്തിന് പ്രസക്തിയില്ല; മുളയിലേ തന്നെ ചവിട്ടി ഒടിക്കുകയാണ് വേണ്ടത്: വി.എസ്

ഭാട്ടിയയെ കൂടാതെ വിശ്വജിത് സിങ്ങ്, ജലം സിങ്ങ്, രാകേഷ് മാധുര്‍, രാജു മോദി, വിഷ്ണു ജോഷി, ഉബൈദാന്‍ തുടങ്ങി ഒരു ഡസനോളം ബി.ജെ.പി അണികള്‍ക്കെതിരെയും കേസ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

“പരാതി ലഭിച്ചതു പ്രകാരം എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു”- ബജ്ജു പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വിക്രം സിങ്ങ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തു.

Also Read രാജ്യത്തിന് ഒരു പുതിയ പ്രധാനമന്ത്രി വേണം; തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് അഖിലേഷ് യാദവ്

രാജസ്ഥാനിലെ 200 നിയമസഭാ മണ്ഡലങ്ങളില്‍ 199 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നാളെ പുറത്തു വരും. ആള്‍വാറിലെ രാംഗറില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി ലക്ഷമണ് സിങ്ങ് നവംബര്‍ 29ന് മരിച്ചതിനാല്‍ രാംഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.