ധനമന്ത്രാലയത്തിന്റെ ഉത്തരവ് കാറ്റില്‍പ്പറന്നു; ധനവകുപ്പ് വാങ്ങിയത് 12 ജീപ്പുകള്‍, വില 96 ലക്ഷം
kERALA NEWS
ധനമന്ത്രാലയത്തിന്റെ ഉത്തരവ് കാറ്റില്‍പ്പറന്നു; ധനവകുപ്പ് വാങ്ങിയത് 12 ജീപ്പുകള്‍, വില 96 ലക്ഷം
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 9:42 am

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട ധനവകുപ്പ് തന്നെ 12 പുതിയ എ.സി ബൊലേറോ ജീപ്പുകള്‍ വാങ്ങി. നാല്‍പ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്റര്‍ മാത്രം ഓടിയ വാഹനങ്ങള്‍ക്കു പകരമാണ് പുതിയവ വാങ്ങിയത്. 96 ലക്ഷം രൂപയാണ് ഇവ വാങ്ങാനായി ചെലവിട്ടിരിക്കുന്നത്.

ഇന്നലെ നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് നല്‍കിയ ഉത്തരത്തിലാണ് ഈ വിവരങ്ങളുള്ളത്.

വകുപ്പ് മേധാവികള്‍ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശം നേരത്തേ ധനമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ധനവകുപ്പിന് കീഴിലെ ധനകാര്യപരിശോധന വിഭാഗം നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് 12 മഹേന്ദ്ര ബൊലേറോ ജീപ്പുകള്‍ വാങ്ങിയത്.

ധനകാര്യ പരിശോധനാ വിഭാഗത്തിന് നിലവിലുള്ള ആള്‍ട്ടോ കാറില്‍ പരിശോധനയ്ക്കായി കൂടുതല്‍ ജീവനക്കാര്‍ക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. 12 ജില്ലകളിലെ വാഹനങ്ങളില്‍ എ.സി ഇല്ലാത്തതിനാല്‍ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും മറുപടിയിലുണ്ട്.

നിലവിലുള്ള പഴയ വാഹനങ്ങള്‍ ദേശീയ സമ്പാദ്യ പദ്ധതി വിഭാഗത്തിന് കൈമാറുമെന്നും വിശദീകരിക്കുന്നു.

പ്രളയത്തിനുശേഷം സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ആയതിന്റെ ഭാഗമായാണ് മന്ത്രാലയം നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.