എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ മോഹന്‍ലാല്‍ മൗനം വെടിഞ്ഞു; അമ്മ മുമ്പും കലുഷിതമായ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും പ്രശ്‌നങ്ങളൊക്കെ മറികടക്കുമെന്നും സൂപ്പര്‍ താരം
എഡിറ്റര്‍
Thursday 29th June 2017 7:13pm

കൊച്ചി: ഒടുവില്‍ വിവാദങ്ങളില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ പ്രതികരിച്ചു. അമ്മ പ്രശ്നങ്ങളൊക്കെ മറി കടക്കുമെന്ന് താരസംഘടനയുടെ വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. അമ്മ മുമ്പും ഇത്തരം കലുഷിതമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ മറി കടന്നിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു വിവാദ വിഷയത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം.

എന്തു തന്നെ പറഞ്ഞാലും അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് നേരത്തെ താര സംഘടനയായ അമ്മ വ്യക്തമാക്കിയിരുന്നു. ജനറല്‍ ബോഡി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ ഭാരവാഹികള്‍.

ദിലിപീനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനെ മാത്രമല്ല അമ്മയിലെ ഒരംഗങ്ങളെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.


Also Read: ചെറിയ പിഴവ് മതി വലിയ സ്വപ്നങ്ങള്‍ തകരാന്‍; ചെറിയ പിഴവ് മൂലം ഇന്ത്യന്‍ താരം പവന്‍ നേഗിക്ക് നഷ്ടമാക്കിയത് വലിയ സ്വപ്നം


വാര്‍ത്താ സമ്മേളനത്തില്‍ കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം താരങ്ങളെ പ്രകോപിപ്പിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് നടന്‍ മുകേഷ് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചയായോ, നടിയ്ക്കെതിരെ ചില താരങ്ങള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചര്‍ച്ചയായോ തുടങ്ങിയ ചോദ്യങ്ങളാണ് അമ്മ ഭാരവാഹികളെ പ്രകോപിപ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചര്‍ച്ചയായില്ല എന്നാണ് അമ്മ അറിയിച്ചത്. ഈ വിഷയത്തില്‍ അംഗങ്ങള്‍ക്ക് എന്തെങ്കിലും അറിയിക്കാനുണ്ടോയെന്ന് താന്‍ ചോദിച്ചതാണെന്നും ആരും വിഷയം യോഗത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നതെന്നുമാണ് ഗണേഷ് കുമാര്‍ നല്‍കിയ വിശദീകരണം.


Also Read: ‘ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മാസ്‌ക് ധരിക്കൂ’; വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയിന്‍ ലോകശ്രദ്ധ നേടുന്നു; ചിത്രങ്ങള്‍ കാണാം


ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ സലിംകുമാറും ദിലീപും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായോ എന്ന ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് സംസാരിച്ചത്. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ക്കെതിരെ ഡയസിലിരുന്ന് സിനിമാ താരങ്ങള്‍ കൂക്കിവിളിക്കുകയും ചെയ്തു. ഇതിനിടെ വാര്‍ത്താ സമ്മേളനം ഇടയ്ക്കുവെച്ച് അവസാനിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. ഇടവേള രാജുവാണ് ഇത്തരം ഇടപെടല്‍ നടത്തിയത്. വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതായി അദ്ദേഹം ഇടയ്ക്കു കയറി പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ തുടരുകയായിരുന്നു.

Advertisement