സിനിമാ ടിക്കറ്റ് നികുതി വര്‍ധനവ്;  അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബി.ഉണ്ണികൃഷ്ണന്‍
kERALA NEWS
സിനിമാ ടിക്കറ്റ് നികുതി വര്‍ധനവ്;  അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബി.ഉണ്ണികൃഷ്ണന്‍
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 1:57 pm

കൊച്ചി: സിനിമാ ടിക്കറ്റ് നികുതി വര്‍ധനവ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി. സിനിമാ ടിക്കറ്റ് നികുതി പത്ത് ശതമാനം വര്‍ധിപ്പിച്ചതിനെതിരെ സിനിമാതാരങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. എറണാകുളം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സിനിമ സംഘടനയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്ത് മിനിറ്റ് മാത്രമാണ് ചര്‍ച്ച നീണ്ടു നിന്നത്.

വിനോദ നികുതി പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ സിനിമാ മേഖലയ്ക്ക് ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചിരുന്നു. സിനിമാ ടിക്കറ്റുകളുടെ അധിക നികുതി കുറയ്ക്കണമെന്നും സിനിമാ വ്യവസായം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ALSO READ: ‘ദൽഹിയിൽ ജീൻസ് ധരിക്കും, യു.പിയിൽ സാരി’; പ്രിയങ്കക്കെതിരെ വീണ്ടും വ്യക്തി അധിക്ഷേപവുമായി ബി.ജെ.പി.

അടുത്ത മന്ത്രിസഭായോഗത്തിലും ധനകാര്യ മന്ത്രിയുമായും ചര്‍ച്ച ചെയ്ത് സിനിമാ വ്യവസായത്തിന് അനുകൂല നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നിലവില്‍ 100 രൂപയ്ക്ക് താഴെയുള്ള ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനവും മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. 10 ശതമാനം കൂടി നികുതി വര്‍ധിപ്പിക്കുകയാണെങ്കില്‍ സിനിമ ടിക്കറ്റുകള്‍ക്ക് ഏതാണ്ട് 28 ശതമാനത്തോളം നികുതി നല്‍കേണ്ടി വരും. ഇത് സിനിമ മേഖലക്ക് തിരിച്ചടിയാകുമെന്നാണ് സംഘടനാപ്രതിനിധികളുടെ വാദം.