എഡിറ്റര്‍
എഡിറ്റര്‍
‘സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് രാജ്യത്തിന്റെ ദുരന്തം’; ഒളിയമ്പുമായി പ്രകാശ് രാജ്
എഡിറ്റര്‍
Sunday 12th November 2017 5:52pm

ബംഗളൂരു: സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് സിനിമാ താരം പ്രകാശ് രാജ്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് രാജ്യത്തിന്റെ ദുരന്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ബംഗളൂരുവില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനോട് കടുത്ത വിയോജിപ്പാണ്. അവര്‍ അഭിനേതാക്കളാണ്. അതിലുപരി ധാരാളം ആരാധകരും ഉള്ളവരാണ്. അഭിനേതാക്കള്‍ അവരുടെ ഉത്തരവാദിത്വം എന്താണെന്ന് മനസിലാക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ പ്രസ്താവന.

സിനിമാ തീയ്യറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന നിബന്ധനയേയും പ്രകാശ് രാജ് ചോദ്യം ചെയ്തു. സിനിമാ തീയ്യറ്ററുകളില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് രാജ്യസ്നേഹം പ്രകടിപ്പിക്കാനാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘കടക്ക് കൂടിന് പുറത്ത്’; ചിത്രകൂട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസിന്റെ ഗംഭീര വിജയം


നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മോദി സര്‍ക്കാരിനെ പ്രകാശ് രാജ് നിശിതമായി വിമര്‍ശിച്ചിരുന്നു. കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറാണോ എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. ‘ദിസ് ഡേ ദാറ്റ് എയ്ജ്’ എന്ന തലക്കെട്ടോടെ ആരംഭിച്ച കുറിപ്പില്‍ നോട്ടു നിരോധനത്തിലൂടെ പണക്കാര്‍ തങ്ങളുടെ പണത്തെ തിളങ്ങുന്ന പുതിയ നോട്ടുകളിലേക്ക് മാറ്റിയെന്നും അതിന്റെ ആഘാതം നിസഹായരായ പാവപ്പെട്ടവരേയും അസംഘടിതരായ തൊഴിലാളികളെയും വട്ടം കറക്കിയെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച മൗനത്തെ രൂക്ഷമായി വിമര്‍ശിച്ചും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഗൗരിയുടെ മരണം ആഘോഷമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് താരം ഉന്നയിച്ചത്. കൂടാതെ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന കമല്‍ഹാസന്റെ പ്രസ്താവനകളെ പിന്തുണച്ചും അദ്ദേഹം മുന്നോട്ട് വന്നിരുന്നു.

Advertisement