ബാബുഭരദ്വാജ്
ഓരോ ചലച്ചിത്രമേള കഴിയുമ്പോഴും ഒരു നഷ്ടബോധം തോന്നാറുണ്ട്. പല തലത്തിലായിരിക്കും അത്തരം നഷ്ടബോധങ്ങള്‍ മനസ്സിനെ മഥിക്കുക. കണ്ട സിനിമകളെക്കുറിച്ചുള്ള വിഷാദവും കാണാന്‍ കഴിയാതെ പോയെ സിനിമകളെക്കുറിച്ചുള്ള വിഷാദവും മനസ്സിനെ ഗ്രസിക്കും. ഇത്തവണ അതൊന്നും മനസ്സിനെ അലോസരപ്പെടുത്തുന്നില്ല.
ചിലതൊക്കെ കാണാതെ പോയതിലുള്ള വിഷാദം ഒട്ടുമില്ല. ഏറെയുള്ളത് ചിലതൊക്കെ കാണേണ്ടിവന്നിതാലണ്. അത്ര ദരിദ്രമായിരുന്നു ഇത്തവണത്തെ ചലച്ചിത്രമേളയുടെ സംവേദനത്തിന്റെയും ആശയലോകത്തിന്റെയും ഇടം. ഈ മേള പതുക്കെ ഇങ്ങിനെ ഇല്ലാതായപ്പോള്‍ ഞാനതില്‍ ഒട്ടും അത്ഭുതപ്പെടില്ല. പക്ഷെ കേരളത്തില്‍ നിന്നും മറുനാടുകളില്‍ നിന്നും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തുന്ന ആയിരങ്ങള്‍, അവര്‍ സൃഷ്ടിക്കുന്ന ആശയങ്ങളുടേയും അഭിരുചികളുടേയും സംവാദങ്ങളുടേയും സൗഹൃദങ്ങളുടേയും ഭ്രാന്തമായ ഈ ലോകം ഇല്ലാതെയാവുന്നത് സഹിക്കാനാവില്ല. പറന്നെത്താന്‍ ഒരുലോകവും കലയുമില്ലാത്ത ദേശാടനപക്ഷികളുടെ ലോകം ഇല്ലാതാകുമ്പോള്‍ തകര്‍ന്നടിയുന്നത് അതിജീവനത്തിന്‍െ പുതിയൊരു ലോകവും അതിന്റെ കാലാവസ്ഥകളുമാണ്.
ഏഴാം നാള്‍ രാവിലെ ഒരു അത്ഭുതം ഉണ്ടായി. ചിലപ്പോഴൊക്കെ നമ്മളറിയാതെ ചില സിനിമകള്‍ മാറാറുണ്ട്. പുറത്തെഴുതിവെച്ച സിനിമയായിരിക്കില്ല അകത്തെ സ്‌ക്രീനില്‍ തെളിയുന്നത്. ചാര്‍ട്ടില്‍ ഏഴുതിയതായിരിക്കില്ല കളി. അപ്പോഴൊക്കെ ഇച്ഛാഭംഗത്തോടെ കളി തുടങ്ങുമ്പോള്‍ തന്നെ തിയ്യേറ്ററില്‍ നിന്ന് ചാടിയിറങ്ങാറാണ് പതിവ്. ഏഴാം നാള്‍ രാവിലെ കൈരളിയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത് “ഓള്‍ഡ് ഡോഗ്” എന്ന വെനീസ് സിനിമയായിരുന്നു. പുതിയതലമുറയുടെ അഭിരുചികള്‍ പഴയതലമുറയുടെ അഭിരുചികളുമായി സ്വാഭാവികമായും ഉണ്ടാവുന്ന ഏറ്റുമുട്ടലായിരുന്നു ചിത്രത്തിന്റെ പ്രമേയ പരിസരം.
ഇത്തവണ ഏറെ ചൈനീസ് ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഉള്ളതൊന്നും കാണാനും പറ്റിയിട്ടില്ല. അതുകൊണ്ട് ഈ ചിത്രം കാണാമെന്ന് കരുതിയാണ് തിയ്യേറ്ററില്‍ കയറിയത്. പുറത്തെ കൂറ്റന്‍ ബോര്‍ഡിലും ചിത്രം അതുതന്നെയാണെന്നാണ് കാണിച്ചിരുന്നത്. സാധാരണ ചിത്രം മാറുമ്പോള്‍ പ്രതിനിധികളുടെ മൊബൈല്‍ ഫോണില്‍ ചിത്രത്തെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഉണ്ടാവുമായിരുന്നു. ഇത്തവണ തുടക്കത്തില്‍ ചിലപ്പോഴൊക്കെ അത്തരം മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ സംഘാടകര്‍ ആ പണി നിറുത്തി. അതുകൊണ്ട് ആ സൗഭാഗ്യം വീണുകിട്ടി. അങ്ങിനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ “ഇവണ്‍ ദ റെയ്ന്‍” എന്ന സിനിമ കാണാനുള്ള സൗഭാഗ്യം ഉണ്ടാവുമായിരുന്നില്ല.
ഈ ചലച്ചിത്രമേളയിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ” ഇവണ്‍ ദ റെയ്ന്‍” എന്ന സ്പാനിഷ് ഫ്രഞ്ച് ക്ലാസിക്കല്‍ സിനിമ. ഒട്ടും കൊട്ടിഘോഷിക്കപ്പെടാതെയാണ് ആ സിനിമ അവതീര്‍ണമാവുന്നത്. എന്തുകൊണ്ട് ഈ സിനിമ അവസാനനാളുകളിലേക്ക് മാറ്റിവെച്ചു എന്നറിയില്ല. കാഴ്ചകക്കാര്‍ പകുതിയും ഉത്സവ നഗരി വിട്ടുപോയതിന് ശേഷമാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ രാഷ്ട്രീയമായിരിക്കാം സംഘാടകരെ ഇതുവരെ ഈ ചിത്രം താമസിപ്പിക്കുന്നതിന് പ്രേരിപ്പിച്ചത്.
കുത്തകകളുടെ ജലചൂഷണമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ക്രിസ്റ്റഫര്‍ കൊളമ്പസിനെക്കുറിച്ചുള്ള ഒരു സിനിമ നിര്‍മിക്കാന്‍ ബൊളീവിയയിലെത്തുന്ന ഒരു ചലച്ചിത്രനിര്‍മാണ യൂണിറ്റിനെക്കുറിച്ചാണ് സിനിമ. അവര്‍ ചിത്രനിര്‍മാണത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം കൊച്ചബാംബയാണ്. അധിനിവേശത്തിന്റെ ക്രൂരവും മാരകവുമായ ഒരു ചരിത്ര സ്മൃതിയാണ് ചിത്രം കൈകാര്യം ചെയ്യേണ്ടിയിരുന്നത്. കൊച്ചബാംബെ തിരഞ്ഞെടുക്കാനുള്ള കാരണം നിര്‍മാണച്ചെലവ് കുറയുമെന്നതും അവിടുത്തെ നാട്ടമേരിക്കക്കാരെ ദിവസം രണ്ട് ഡോളര്‍ വേതനത്തില്‍ അതായത് വെറും നൂറുറുപ്പിക കൊടുത്ത് സംഘടിപ്പിക്കാനുള്ള സൗകര്യം ലഭിക്കുമെന്നതുമാണ്.
പഴയ നാട്ടമേരിക്കക്കാരുടെ ഒരു കൂട്ടം തന്നെ വേണ്ടിയിരുന്നു ചിത്രീകരണത്തിന്. ചിത്രീകരണം നന്നായി നടന്നു പോവുന്നതിനിടയില്‍ ജലസമ്പത്തിന്റെ സ്വകാര്യ വസ്തകരണത്തിനെതിരായി നാട്ടമേരിക്കക്കാര്‍ നടത്തുന്ന സമരം സിനിമയെ ബാധിക്കുന്നു. അതിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ചിത്രത്തില്‍ ആദിവാസികളുടെ നേതാവായി വേഷമിടുന്ന നാട്ടമേരിക്കന്‍ ഈ പ്രതിഷേധ സമരത്തിന്റെ നേതാവാണെന്നതാണ്. ജനങ്ങള്‍ തെരുവിലിറങ്ങി പട്ടാളത്തോടു ഏറ്റുമുട്ടാന്‍ തുടങ്ങുന്നതോടെ നാടാകെ കലാപഭരിതമായി.
ചിത്രീകരണം നിറുത്തിവെച്ചു സംഘത്തിന് തിരിച്ചുപോവേണ്ടിവന്നു. ഇക്കാലത്തെ ജനകീയ മുന്നേറ്റങ്ങളുടെ ലോകഭൂപടത്തില്‍ ഏറ്റവും കൂടുതല്‍ അടയാളപ്പെടുത്തിയ കൊച്ചബാംബയിലെ സാധാരണ മനുഷ്യരുടെ ആഗോള ഭീകരമായ ജലക്കമ്പനികള്‍ക്കുവേണ്ടിയുള്ള സമരത്തിന്റെ ചിത്രമായി ” ഇവണ്‍ ദ റെയ്ന്‍” മാറുകയാണ്. നമ്മുടെ മഴപോലും സ്വകാര്യമാവുന്ന കാലത്തെക്കുറിച്ചുള്ള ചിത്രമായി ഈ സിനിമ മാറുന്നു. ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ ഏറ്റവും വലിയ സാഫല്യങ്ങളിലൊന്നാണ് ഈ സിനിമ.
വൈകുന്നേരം കണ്ട sohra A Moroccan Fairy Tale” എന്ന ചിത്രവും മനസ്സിനെ ആകര്‍ഷിച്ചു. മനോഹരമായ ഒരു കൗമാരപ്രണയകഥയാണ് സൊഹ്‌റ പതിനാല് വയസ്സുകാരനായ ഒരു പെണ്‍കുട്ടിയും പത്തൊന്‍പത്കാരനായ ഒരു ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയം. സിനിമയില്‍ പ്രണയകഥകളുടെ കാലം കഴിഞ്ഞില്ലെന്ന് ഈ ചിത്രം തെളിയിക്കുന്നു. പ്രമോദ് പയ്യന്നൂര്‍ സംവിധാനം നിര്‍വഹിക്കുന്ന ബഷീറിന്റെ ബാല്യകാലസഖി കാണാനുള്ള പ്രേരണയ്ക്ക് ഈ ചിത്രം കാരണമാവുന്നു.
തിയ്യേറ്ററുകളില്‍ പ്രതിനിധികള്‍ ഒരു നോട്ടീസടിച്ച് ഒട്ടിച്ചിട്ടുണ്ട്. തിയ്യേറ്ററുകളില്‍ പോലീസിനെ കയറ്റരുതെന്നാണത്. ഈ ചലച്ചിത്രമേളയിലെ വൃത്തികെട്ട സാന്നിധ്യങ്ങളിലൊന്നാണ് പോലീസ്. ഇതിന് മുന്‍പത്തെ മേളകളിലൊന്നും ഇങ്ങിനെയൊരു പോലീസ് പട ഉണ്ടായിരുന്നില്ല. പോലീസിന്റെ സാന്നിധ്യം ഒരു പ്രകോപനമായി നമുക്ക് അനുഭവപ്പെടും. ആരെ സംരക്ഷിക്കാനാണ് ഈ പോലീസ് സേന എന്ന് നമ്മള്‍ അത്ഭുതപ്പെടും. സംഘാടകരേയും മന്ത്രിയേയും സംരക്ഷിക്കാനായിരിക്കണം. പ്രതിനിധികളായ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുമ്പോള്‍ പോലും അവര്‍ കാണികളായി നില്‍ക്കുകയാണ് ചെയ്യുന്നത്. അവരില്ലായിരുന്നെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കുറേക്കൂടി നിര്‍ഭയരായി കയ്യേറ്റ ശ്രമങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ കഴിഞ്ഞേനെ. ഇരകളെ പ്രതികളാക്കാനുള്ള സഹജവാസനയാണ് പോലീസിനുള്ളത്.
ഓര്‍ക്കാന്‍ ചില സിനിമകളെങ്കിലും ബാക്കിയുള്ളതുകൊണ്ട്, വീണുകിട്ടിയ ഈ സൗഭാഗ്യങ്ങളില്‍ മനസ്സിനെ തൃപ്തിപ്പെടുത്തി ഒരു മടക്കയാത്രയാവാം.


