സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Qatar Worldcup Football
ഏഷ്യന്‍ ടീമുകള്‍ക്ക് തിരിച്ചടി; ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ ഉണ്ടായേക്കില്ലെന്ന് ഫിഫയുടെ സൂചന
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 8th November 2018 1:08pm

ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കുകയെന്നതു അസാധ്യമാണെന്നു വ്യക്തമാക്കി ഫിഫ.  ഫുട്‌ബോള്‍ ലോകകപ്പില്‍ ടീമുകളുടെ പങ്കാളിത്തം 32ല്‍ നിന്ന് 48 ആക്കി ഉയര്‍ത്താന്‍ ഫിഫ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് 2022 ല്‍ സാധ്യമാകില്ലെന്നാണ് ഫിഫ നല്‍കുന്ന സൂചന.

2026ല്‍ യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലാണ് പുതിയ മാറ്റം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

Read Also : അങ്ങനെയെങ്കില്‍ ആദ്യം രാജ്യം വിടേണ്ടത് കോഹ്‌ലിയാണ്; വിദ്വേഷ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍

അതേസമയം നടപ്പിലാകില്ലെന്ന് ഉറപ്പിച്ച് പറയാനും ജിയോനി തയ്യാറായില്ല. ‘ടീമുകളുടെ എണ്ണം വര്‍ധിക്കുന്നത് ഏഷ്യയ്ക്ക ഗുണം ചെയ്യും. ഇന്‍ഫാന്റിനോ പറഞ്ഞു. അത് സാധ്യമാണ്, അതു നടപ്പാക്കാവുന്ന കാര്യമാണ്. ഖത്തരി അധികൃതരുമായും മേഖലയിലെ മറ്റുള്ളവരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. അത് നടക്കുമെന്നു തന്നെയാണു പ്രതീക്ഷ. നമ്മള്‍ എപ്പോഴും ശ്രമിച്ചുക്കൊണ്ടിരിക്കണം’ ജിയാനി പറഞ്ഞു.

‘2022 എന്നത് വളരെ അടുത്താണ്. എങ്കിലും ഖത്തറിനോട് ഇതു സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ അപ്പോഴേക്കും  ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമായിരിക്കും. മാര്‍ച്ചില്‍ മാത്രമെ ഈ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ’ ജിയാനി കൂട്ടിച്ചേര്‍ത്തു.

ടീമുകളുടെ എണ്ണം കൂടുമ്പോള്‍ ഏഷ്യയില്‍ നിന്നുള്ള ടീമുകളുടെ പങ്കാളിത്തവും ലോകകപ്പില്‍ വര്‍ധിക്കും. നിലവില്‍ 32ല്‍ 4.5  ശതമാനമാണ് ഏഷ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തം. ടീമുകളുടെ എണ്ണം 48 ആവുന്നതോടെ ഇത് 8.5 ആയി വര്‍ധിക്കും. അതായത്, ഏഷ്യയില്‍ നിന്ന് 9 ടീമുകള്‍ക്കു വരെ ലോകകപ്പ് കളിക്കാനാവും. 8 ടീമുകള്‍ ഏഷ്യന്‍ യോഗ്യത റൗണ്ടിലൂടെ ലോകകപ്പിനു നേരിട്ടു യോഗ്യത നേടും. ഒരു ടീമിന് പ്ലേ ഓഫ് വഴിയും ലോകകപ്പിലെത്താം. എ.എഫ്.സി റാങ്കിങ് പ്രകാരം ഏഷ്യയില്‍ ഇന്ത്യ 15ാമതാണ്. ആഞ്ഞു ശ്രമിച്ചാല്‍ ഇന്ത്യയ്ക്കും ലോകകപ്പിലേക്ക് യോഗ്യത നേടാനുള്ള സാധ്യത കൂടുകയാണെന്നു ചുരുക്കം. 2022 ലെ ലോകകപ്പില്‍ 48 ടീമിനെ പങ്കെടുപ്പിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

Advertisement