എഡിറ്റര്‍
എഡിറ്റര്‍
ഫാസിസത്തിനെതിരെ ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി; കോഴിക്കോട് ഒരുങ്ങി; ശശികുമാറും എന്‍.എസ് മാധവനും അക്ഷയ മുകുളും പങ്കെടുക്കും
എഡിറ്റര്‍
Wednesday 9th August 2017 2:51pm

Image may contain: text

കോഴിക്കോട്: ഫെസ്റ്റിവെല്‍ ഓഫ് ഡെമോക്രസി എന്ന പേരില്‍ ആഗസ്റ്റ് 12, 13, 14 ദിവസങ്ങളില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജീവിതത്തിന്റെ എല്ലാ തുറകളിലും നിന്ന് കൊടുങ്കാറ്റുപോലെ വന്നെത്തുന്ന നിര്‍ഭയ ചേതനകളുടെ സ്വതന്ത്രസാക്ഷാത്കാരമാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ആഗസ്റ്റ് 12ന് ക്രോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ‘ജനാധിപത്യത്തിലെ എഴുത്ത്’ എന്ന വിഷയത്തിലുള്ള സംവാദത്തോടു കൂടിയാണ് കൂട്ടായ്മയ്ക്കു തുടക്കമാകുന്നത്. സംവാദം സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും.

അശോകന്‍ ചരുവില്‍, പി.കെ പാറക്കടവ്,ആര്‍. ഉണ്ണി, ടി.ഡി രാമകൃഷ്ണന്‍, എസ്.ജോസഫ്, സിതാര എസ്, വിനോയ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ‘ഫാസിസത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ സംവാദം നടക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാറാണ് സംവാദം ഉദ്ഘാടനം ചെയ്യുന്നത്.

എന്‍.പി രാജേന്ദ്രന്‍, ടി.പി ചെറൂപ്പ, കമല്‍റാം സജീവ്, പി.വി ജോഷ്വേ, വി. മുസഫര്‍ അഹമ്മദ്, ഷിബു മുഹമ്മദ്, കെ.കെ ഷാഹിന, ടി.എം ഹര്‍ഷന്‍, ഇ. സനീഷ് എന്നിവര്‍ പങ്കെടുക്കും.

ആഗസ്റ്റ് 12 ാം തിയതി രാവിലെ പത്ത് മണിക്ക് ആര്‍ട് ഗാലറിയല്‍ ചിത്രരചനയും ഏകാംഗ നാടകവും നാടകഗാനങ്ങളും അവതരിപ്പിക്കപ്പെടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ‘ദേശവും പശുരാഷ്ട്രീയവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 3. 30 ന് ‘കവിതയുടെ രാഷ്ട്രീയഭാവങ്ങള്‍’ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.

ആഗസ്റ്റ് 13 ന് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ രാവിലെ 10 മണിക്ക് സ്വാതന്ത്രോത്സവം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം നടന്‍ അലന്‍സിയര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ‘ എന്റെ എഴുത്ത് എന്റെ സ്വാതന്ത്ര്യം’ എന്ന വിഷത്തിലും സംവാദം നടക്കും.

ആഗസ്ത് 13 ന് ആര്‍ട്ഗാലറിയില്‍ ‘ ജെന്റര്‍ ജനാധിപത്യം ആവിഷ്‌കാരം എന്ന വിഷയത്തിലെ സംവാദം പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ബഹുസ്വരതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സംവാദം എഴുത്തുകാരന്‍ ആനന്ദും ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 5 ന് സൈബര്‍ ഇടങ്ങളിലെ ജനാധിപത്യം എന്ന വിഷയത്തിലും സംവാദം നടക്കും. എം.ബി രാജേഷ് എം.പിയാണ് ഉദ്ഘാടകന്‍.

ആഗസ്റ്റ് 14 ന് ടൗണ്‍ഹാളില്‍ രാവിലെ 10 മണിക്ക് ‘ എന്തുകൊണ്ട് ജനാധിപത്യം ആഘോഷിക്കപ്പെടണം’ എന്ന വിഷയത്തില്‍ സംവാദം നടക്കും. എം.കെ രാഘവന്‍ എം.പിയാണ് ഉദ്ഘാടകന്‍.

ഇന്ത്യന്‍ ദേശീയത എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സംവാദം എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും.

സമാപന ദിവസത്തില്‍ വൈകീട്ട് 4 മണിക്ക് ‘ഫാസിസത്തിന്റെ സംസ്‌കാരനിര്‍മിതി’ എന്ന വിഷയത്തിലെ സംവാദം അക്ഷയ മുകുള്‍ ഉദ്ഘാടനം ചെയ്യും. കെ.ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.എന്‍ ഗണേശ്, കെ.ഇ.എന്‍, സണ്ണി എം കപിക്കാട്, പി.എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയോടനുബന്ധിച്ച് 12,13,14 ദിവസങ്ങളില്‍ സാംസ്‌ക്കാരിക നിലയത്തില്‍ വെച്ച് ഫിലിം ഫെസ്റ്റിവല്‍ നടക്കും.

ആഗസ്റ്റ് 12 ന് വൈകീട്ട് സാള്‍ട്ട് ആള്‍ടര്‍നേറ്റ് റോക്ക് അവതരിപ്പിക്കുന്ന പാട്ടും കൊട്ടും ആഗസ്റ്റ് 13 ന് വൈകീട്ട് ഏഴ് മണിക്ക് ചൂട്ട് വയനാട് അവതരിപ്പിക്കുന്ന കാല്‍ച്ചുവട്ടിലുരൊരു പാട്ടുവെട്ടമെന്ന പാട്ടും നൃത്തവും അരങ്ങേറും. ആഗസ്റ്റ് 14 വൈകീട്ട് ആറ് മണിക്ക് തിയേറ്റര്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന തിയേറ്റര്‍ സോങ് പെര്‍ഫോമന്‍സും ഉണ്ടാവും.

 

Advertisement