എഡിറ്റര്‍
എഡിറ്റര്‍
‘ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടി’ ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട പ്രചരിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ പരാതി
എഡിറ്റര്‍
Saturday 18th November 2017 9:57am

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ബാങ്ക് വിളി പശ്ചാത്തലത്തില്‍ പേടിയോടെ നടന്നുപോകുന്ന പെണ്‍കുട്ടിയുടെ വീഡിയോയ്‌ക്കെതിരെ പരാതി. ഗുജറാത്തിലെ വോട്ടുകള്‍ ധ്രുവീകരിക്കാനും മുസ്‌ലിം വിദ്വേഷം പരത്താനും ലക്ഷ്യമിട്ടുളളതാണ് ഈ വീഡിയോയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

മനുഷ്യാവകാശ പ്രവര്‍തതകനായ ഗോവിന്ദ് പാര്‍മര്‍ ആണ് ഈ വീഡിയോയ്‌ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെയും ഗുജറാത്ത് പൊലീസിനെയും സമീപിച്ചത്.

ഗുജറാത്തി ഭാഷയിലുള്ള 1.15 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയാണ് പരാതിക്കാധാരം. വൈകുന്നേരം ഏഴുമണിക്കുശേഷം ഗുജറാത്തില്‍ ഇത് സംഭവിക്കാം എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

വളരെ ധൃതിയില്‍ ഭീതിയോടെ റോഡിലൂടെ ഒരു പെണ്‍കുട്ടി നടന്നുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. പശ്ചാത്തലമായി ബാങ്ക് വിളിയ്ക്ക് സമാനമായ ശബ്ദവുമുണ്ട്.

വീട്ടില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആശങ്കയോടെ മകളെ കാത്തിരിക്കുകയാണ്. പശ്ചാത്തലത്തില്‍ കൃഷ്ണന്റെ പ്രതിമയുമുണ്ട്. പെണ്‍കുട്ടി വീട്ടിലെത്തി ഭീതിയോടെ വാതിലില്‍ മുട്ടുന്നു. മാതാവ് വാതില്‍ തുറന്ന് മകളെ കെട്ടിപ്പിടിക്കുന്നു. പിതാവ് തലയില്‍ തലോടുന്നു.


Also Read: ‘വായടക്ക്, നിങ്ങളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട’; കര്‍ണിസേനയുടെ ഭീഷണികളുടെ മുനയൊടിച്ച് പത്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


പിന്നീട് പെണ്‍കുട്ടിയുടെ മാതാവ് ക്യാമറയില്‍ നോക്കി ‘ ഒരു നിമിഷം, ഗുജറാത്തില്‍ ഇങ്ങനെ സംഭവിക്കുമോയെന്ന് നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നുണ്ടോ?’ എന്നു ചോദിക്കുന്നു. അപ്പോള്‍ പിതാവ് പറയുകയാണ് ‘ 20 വര്‍ഷം മുമ്പ് ഇതാണ് സംഭവിച്ചിരുന്നത്. ആ ആളുകള്‍ വന്നാല്‍ വീണ്ടും ഇത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്’ എന്ന്.

അപ്പോള്‍ പെണ്‍കുട്ടി പറയും ‘ പേടിക്കേണ്ട, ആരും വരാന്‍ പോകുന്നില്ല. മോദി ഇവിടെയുണ്ട്.’ എന്ന്. ‘നമ്മുടെ വോട്ട് നമ്മുടെ സുരക്ഷ’ എന്ന് കാവിനിറത്തില്‍ എഴുതിയ കുറിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഈ വീഡിയോ പ്രചരിക്കുന്നത് തടയാനും വീഡിയോയില്‍ കാണുന്നവര്‍ക്കും അതിന്റെ നിര്‍മ്മാതാക്കള്‍ക്കും എതിരെ നിയമനടപടിയെടുക്കാനുമാണ് പാര്‍മര്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.

‘ഭൂരിപക്ഷ സമുദായത്തില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ ഭീതിപടര്‍ത്തുകയാണ് ഈ വീഡിയോ വഴി ലക്ഷ്യമിടുന്നത. മുസ്‌ലീങ്ങള്‍ക്കെതിരെ വിദ്വേഷം വരത്താന്‍ ഇത് ഉപയോഗിക്കുകയുമാണ്. വോട്ടിനുവേണ്ടി ധ്രുവീകരണം നടത്തുന്നത് ഗുരുതരമായ കുറ്റമാണ്.’ പാര്‍മര്‍ പറഞ്ഞു.

Advertisement