എഡിറ്റര്‍
എഡിറ്റര്‍
കയ്യേറി നിര്‍മ്മിച്ച ക്ഷേത്രങ്ങളും പള്ളികളും പൊളിച്ചുകളയാനുള്ള ധൈര്യം കൂടി അധികാരികള്‍ കാണിക്കണം
എഡിറ്റര്‍
Friday 21st April 2017 12:33pm

ഹൈറേഞ്ചില്‍ പലയിടത്തും സര്‍ക്കാര്‍ കുടിയേറ്റം അനുവദിച്ച കാലത്ത് ആരാധനാലയങ്ങള്‍ക്കും സ്ഥലം പതിച്ചുകൊടുത്തിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്‌ലാം ആരാധനാലയങ്ങള്‍ക്ക് തുല്യ അളവിലാണ് പലയിടത്തും ഭൂമി നല്‍കിയത്.

ഉടുമ്പഞ്ചോല താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് ഇപ്പോഴത്തെ കിഴക്കേക്കവലയിലാണ് ഇപ്രകാരം സ്ഥലം നല്‍കിയത്. പിന്നീട് വിശ്വാസികള്‍ പെറ്റുപെരുകയിതോടെ ഈ സ്ഥലമൊന്നും പോരാതെ വന്നു. കത്തോലിക്കാ പള്ളിക്കാര്‍ തങ്ങള്‍ക്കു കിട്ടിയ സ്ഥലത്ത് ഒരു കുരിശുമാത്രം നിലനിര്‍ത്തി. എന്നിട്ട് കുറച്ചുമാറി ഏക്കറുകണക്കിന് സ്ഥലം വാങ്ങി പള്ളിയും സ്‌കൂളും മറ്റും നിര്‍മിച്ചു. അവിടെ കയ്യേറ്റമുണ്ടോ എന്ന് ആരും പരിശോധിച്ചിട്ടില്ല. അമ്പലവും മസ്ജിദും അനുവദിക്കപ്പെട്ട സ്ഥലത്തുതന്നെയായിരുന്നു. പില്‍ക്കാലത്ത് അവര്‍ക്കും സ്ഥലം പോരാതെ വന്നു. ഇതോടെ അമ്പലത്തിനും പള്ളിക്കും ഇടയിലായി ഉണ്ടായിരുന്ന അരയേക്കറോളം കണ്ണായ സര്‍ക്കാര്‍ ഭൂമിയില്‍ രണ്ടുകൂട്ടരും കണ്ണുവച്ചു. മസ്ജിദ് പുതുക്കിപ്പണിതപ്പോള്‍ മതില്‍ അവിടേക്ക് ഇറക്കിക്കെട്ടി ഭൂമി കൈവശപ്പെടുത്തി.

അമ്പലംകാരാകട്ടെ ബാക്കി വന്ന സ്ഥലത്ത് സ്റ്റേജും ഓഡിറ്റോറിയവും കെട്ടി കൈവശപ്പെടുത്തി. റവന്യു ആസ്ഥാനത്തിനും പൊലീസ് സ്റ്റേഷനും സമീപത്തായിരുന്നു ഈ കയ്യേറ്റം. ഇന്ന് നെടുങ്കണ്ടത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാലോ അഞ്ചോ ക്ഷേത്രങ്ങളും പല സഭകളുടേതുമായി അഞ്ചിലേറെ കുരിശടികളും പള്ളികളുമുണ്ട്. അവയില്‍ ഏതൊക്കെ പതിച്ചുകിട്ടിയത് ഏതൊക്കെ കയ്യേറിയത് എന്നാര് അന്വേഷിക്കാന്‍!

മുണ്ടിയെരുമയില്‍ ഒരു പള്ളിക്കാര്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന കുരിശുപള്ളി പുതുക്കി വലുതൊരെണ്ണം പണിയാന്‍ തീരുമാനിച്ചത് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. രായ്ക്കുരാമാനം അതിനടുത്ത് ആര്‍.എസ്.എസുകാര്‍ ഗണപതി വിഗ്രഹം സ്ഥാപിച്ചു. അത് മാറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ കുരിശുപള്ളി പുതുക്കിപ്പണിയരുതെന്നായി തിരിച്ചുള്ള ആവശ്യം. അതോടെ കുരിശുപള്ളി പദ്ധതിയിട്ടതുപോലെ വിപുലീകരിക്കാനാകാതെ പോയി.


Must Read: മൂന്നാറിലെ കുരിശു പൊളിക്കലിനു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡ; കളം മൂപ്പിച്ചത് കേന്ദ്ര മന്ത്രിമാരെന്നും ദേശാഭിമാനി 


അതുപോലെയാണ് കുരിശുമലകളുടെ കാര്യം. ഉയര്‍ന്ന സ്ഥലത്തു പലയിടത്തും കുരിശുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ അത്തരം സ്ഥലങ്ങള്‍ മുമ്പേ കണ്ടെത്തി ശൂലം സ്ഥാപിക്കലായി ആര്‍.എസ്.എസ്- വിശ്വഹിന്ദു പരിഷത്തുകാരുടെ പരിപാടി. പ്രശ്‌നമുണ്ടാകുമെന്നു കരുതി പള്ളിയും അമ്പലവും അവിടെ ഉണ്ടാകാതായി.

ചിലയിടത്ത് ഹൈന്ദവ സംഘടനകള്‍ സ്ഥലം വാങ്ങി അമ്പലം പണിതപ്പോള്‍ മറ്റു ചിലയിടത്ത് സഭകള്‍ പള്ളി പണിതു. പക്ഷേ, മത്സരത്തില്‍ ജയിച്ചത് സഭകളാണ്. എണ്ണിയാലൊടുങ്ങാത്തത്ര കുരിശിന്‍തൊട്ടികളും കുരിശുമലകളും ഇന്ന് ഇടുക്കിയിലുണ്ട്. കുരിശുമല കയറ്റവും കുരിശുപള്ളിയുമൊക്കെ അവിടെ വന്‍ വ്യവസായമാണ്.

കുട്ടിക്കാനത്തുനിന്നു കട്ടപ്പനയ്ക്കു പോകുമ്പോള്‍ വഴിയരികിലൊരിടത്ത് അത്ഭുതങ്ങളുടെ കുരിശു കാണാം. പതിയെപ്പതിയെ കുരിശടി വികസിക്കാന്‍ തുടങ്ങിയതോടെ എതിര്‍വശത്തായി ഹൈന്ദവസംഘടനകള്‍ ശൂലവും പട്ടും സ്ഥാപിച്ചു. ദൂരെനിന്നു നോക്കിയാല്‍ രണ്ടും നല്ല കാഴ്ചയാണ്. അടുത്തടുത്ത് അമ്പലവും പള്ളിയുമിരിക്കുന്ന ഈ കാഴ്ച അവിടെ മത സൗഹാര്‍ദ്ദം പുലരുന്നതുകൊണ്ടല്ല, മറിച്ച് മതങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെയും കുശുമ്പിന്റെയും പകയുടെയും ഭാഗമാണ്.

നേരത്തേ ഒരു പോസ്റ്റില്‍ സൂചിപ്പിച്ച കല്ലുമ്മേക്കല്ലിലും അതൊക്കയാണ് സംഭവിച്ചത്. കുരിശുമലയുടെ സാധ്യത മനസ്സിലാക്കിയ ഹൈന്ദവസംഘനകള്‍ അതിനു മുമ്പേ സ്ഥലം വാങ്ങി അമ്പലം പണിതു. പള്ളിക്കാര്‍ക്ക് സമീപത്തുമാത്രമായി കുരിശുമല ഒതുക്കേണ്ടിയും വന്നു. അടുത്തടുത്ത് ഇവിടെയും അമ്പലവും പള്ളിയും വന്നത് മതസൗഹാര്‍ദ്ദമല്ലെന്നര്‍ഥം.

മതികെട്ടാനിലുമുണ്ടായിരുന്നു ഒരു കുരിശ്. കുടിയിറക്കാന്‍ ചെന്നവര്‍ ആദ്യം പൊളിച്ചുമാറ്റിയത് അതാണ്. വിശ്വാസികളില്‍ ചിലര്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ഇപ്പോള്‍ മൂന്നാറിലെ കുരിശ് കയ്യേറി നിര്‍മിച്ചതാമെങ്കില്‍ പൊളിച്ചുമാറ്റിയതില്‍ യാതൊരു ഔചിത്യക്കുറവുമില്ല. അതോടൊപ്പം കുറഞ്ഞപക്ഷം ഹൈറേഞ്ചിലെങ്കിലും കയ്യേറി നിര്‍മിച്ച ക്ഷേത്രങ്ങളും പള്ളികളും പൊളിച്ചുകളയാനുള്ള ധൈര്യംകൂടി അധികാരികള്‍ കാണിക്കണം.

Advertisement