യുപിയില്‍ ബി.എസ്.പി തകര്‍ന്നടിഞ്ഞതല്ല,  ഉയര്‍ത്തെഴുന്നേറ്റതാണ്
FB Notification
യുപിയില്‍ ബി.എസ്.പി തകര്‍ന്നടിഞ്ഞതല്ല, ഉയര്‍ത്തെഴുന്നേറ്റതാണ്
അഡ്വ സജി കെ ചേരമന്‍
Tuesday, 11th June 2019, 8:57 am

ഈ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ BSP ക്കും, BSP യുടെ നേത്യത്വത്തില്‍ രൂപം കൊണ്ട മഹാസഖ്യത്തിനും UP യില്‍ നേരിട്ട തിരിച്ചടിയെ സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. BJP ക്കെതിരെ രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ ബദല്‍ എന്ന നിലക്ക് ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷയാവാം സഖ്യത്തിന്റെ പരാജയത്തെ ഇത്ര കടുത്ത ഭാഷയില്‍ വിമര്‍ശിക്കുവാന്‍ ചിലര്‍ മുന്നിട്ടിറങ്ങുന്നതിന്റെ കാരണം എന്ന് കരുതാവുന്നതാണ്. എന്നാല്‍ മറ്റു ചിലരുടെ BSP/മായാവതി വിമര്‍ശനത്തെ അത്ര നിക്ഷകളങ്കയായി കാണാന്‍ കഴിയുന്നതുമല്ല. തെരഞ്ഞെടുപ്പിന് ശേഷം SP യുമായുള്ള സഖ്യം അവസാനിപ്പിക്കാനുള്ള ബഹന്‍ജിയുടെ തീരുമാനം പുറത്തു വന്നതോട് കൂടി വിമര്‍ശകര്‍ പൂര്‍വ്വാധികം ആവേശത്തോടെ തങ്ങളുടെ വിമര്‍ശന ശരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്.

മറുവശത്തു, BSP യുടെ തെരഞ്ഞെടുപ്പ് പ്രകടനത്തിലും BJP യുടെ തെരഞ്ഞെടുപ്പ് വിജയത്തിലും ‘മനം നൊന്തു’ ഒരു വിഭാഗം BSP പ്രവര്‍ത്തകരും അനുഭാവികളും നിരാശരായി, മായാവതിയെ കുറ്റപ്പെടുത്തിയും, ഉപദേശിച്ചും കാലം കഴിക്കുന്ന പതിവ് കാഴ്ചയും പരക്കെ കാണാനുണ്ട്. ഒരു കാര്യം വ്യക്തമായി പറയാന്‍ കഴിയും, വിമര്‍ശകരും വിഷാദ രോഗത്തിനടിമപ്പെട്ടവരും കാര്യങ്ങളെ വസ്തു നിഷ്ഠമായി വിലയിരുത്താന്‍ ശ്രമിച്ചിട്ടില്ല എന്നതു തന്നെയാണത്.

UP യിലെ BSP/SP/BJP പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ വസ്തു നിഷ്ഠമായി പരിശോധിക്കുകയാണിവിടെ.

  • BSP യുടെ 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനം.

 

മത്സരിച്ച സീറ്റുകള്‍ – 80

ശതമാനം – 19.77%

ലഭിച്ച വോട്ട് – 1,59,14,194

സീറ്റ് – 0

 

BSP യുടെ 2019 ലെ തെരഞ്ഞെടുപ്പ് പ്രകടനം.

 

മത്സരിച്ച സീറ്റുകള്‍ – 38

ശതമാനം – 19.26%

ലഭിച്ച വോട്ട് – 1,66,59,754

സീറ്റ് – 10

 

SP യുടെ 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനം.

 

മത്സരിച്ച സീറ്റുകള്‍ – 80

ശതമാനം – 22.35%

ലഭിച്ച വോട്ട് – 1,79,88,967

സീറ്റ് – 5

 

SP യുടെ 2019 ലെ തെരഞ്ഞെടുപ്പ് പ്രകടനം.

 

മത്സരിച്ച സീറ്റുകള്‍ – 37

ശതമാനം – 17.96%

ലഭിച്ച വോട്ട് – 1,55,33,620

സീറ്റ് – 5

 

BJP യുടെ 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനം.

 

മത്സരിച്ച സീറ്റുകള്‍ – 80

ശതമാനം – 42.63%

ലഭിച്ച വോട്ട് – 3,43,18,854

സീറ്റ് – 71

 

BJP യുടെ 2019 ലെ തെരഞ്ഞെടുപ്പ് പ്രകടനം.

 

മത്സരിച്ച സീറ്റുകള്‍ – 80

ശതമാനം – 49.56%

ലഭിച്ച വോട്ട് – 4,28,58,171

സീറ്റ് – 62.

മുകളിലെ കണക്കുകള്‍ എന്താണ് വ്യക്തമാക്കുന്നത്? UP യില്‍ BSP തകര്‍ന്നടിഞ്ഞു എന്നാണോ? 2014ലെ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ മത്സരിച്ചു നേടിയതിനേക്കാള്‍ 7,45,560 അധികം വോട്ടുകള്‍ നേടിയാണ് ഇത്തവണ 38 സീറ്റുകളില്‍ മാത്രം മത്സരിച്ച BSP യുടെ 10 പേര്‍ വിജയിച്ചത്.

മേല്‍ സൂചിപ്പിച്ച കണക്കുകളില്‍ ഏറെ ശ്രദ്ധിക്കേണ്ടത് SP യുടെ വോട്ടും, ശതമാനവുമാണ്. 2014 നെ അപേക്ഷിച്ചു 24,55,347 വോട്ടുകളുടെ കുറവാണ് SPക്കു ഉണ്ടായത്. ഇതെവിടെ പോയി? എങ്ങനെ നഷ്ടപ്പെട്ടു? ജാതി ഇന്ത്യയെ ശരിയായി മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് SP വോട്ടുകളില്‍ സംഭവിച്ച ഈ വലിയ ചോര്‍ച്ച മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. 1952ലും 1954ലും സാക്ഷാല്‍ ബാബാസാഹേബ് അംബേദ്കറെ തന്നെ പരാജയപ്പെടുത്തിയ ‘ഇന്ത്യന്‍ ജനാധിപത്യം’ മായാവതിയോടു ‘ജാതി നീതി’ പുലര്‍ത്തിയതില്‍ തെല്ലും അതിശയോക്തിയില്ല എന്നു വേണം കരുതാന്‍. മായാവതി രാജ്യത്തിന്റെ പ്രധാനമന്ത്രി പദമേറുന്നത് സ്വപ്‌നം കണ്ട ദലിതര്‍ ആവേശപൂര്‍വ്വം തങ്ങളുടെ വോട്ടുകള്‍ BSPക്കു നല്‍കിയപ്പോള്‍ SP യുടെ പരമ്പരാഗത വോട്ടു ബാങ്കുകളായ പിന്നോക്ക/ന്യൂനപക്ഷ വോട്ടുകള്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള മായാവതിയുടെ മത്സരത്തെ പരാജയപ്പെടുത്താന്‍ വിനിയോഗിച്ചു എന്ന് വേണം കരുതാന്‍. രാജ്യത്തെ നയിക്കാന്‍ ഒരു ദലിത് വനിത ഉയര്‍ന്നു വരുന്നത് ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സമൂഹം അത്ര കണ്ട് ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്നല്ലേ തിരിച്ചറിയപ്പെടേണ്ടത്?

കഴിഞ്ഞ തവണത്തേക്കാള്‍ 9 സീറ്റുകള്‍ കുറവാണ് ഇത്തവണ BJP വിജയിച്ചതെങ്കിലും അവരുടെ വോട്ടിലും ശതമാനത്തിലും ഉണ്ടായ വര്‍ദ്ധനവ് നാം കാണാതെ പോകരുത്. കഴിഞ്ഞ തവണത്തേക്കാള്‍ 85,39,317 കൂടുതല്‍ വോട്ടുകള്‍ നേടിയാണ് BJP തങ്ങളുടെ വോട്ടു വിഹിതം 42.63% ത്തില്‍ നിന്നും 49.56% ത്തിലേക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് BJP നേടിയ വോട്ടുകളുടെ വര്‍ദ്ധനവ് സീറ്റുകളില്‍ പ്രതിഫലിച്ചില്ല എന്നത് BSP വോട്ടുകളുടെ വര്‍ദ്ധിതമായ കേന്ദ്രീകരണത്തെയാണ് സൂചിപ്പിക്കുന്നത്.

അംബേദ്കറിസത്തില്‍ പ്രബുദ്ധരായ BSP വോട്ടുകള്‍ മഹാസഖ്യത്തിലേക്ക് ഒഴുകി എത്തിയപ്പോള്‍ മായാവതിയുടെ പ്രധാനമന്ത്രിപദ സാധ്യതകളെ ഉയര്‍ത്തി കാട്ടി SP യുടെ പിന്നോക്ക/ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുവാന്‍ സംഘപരിവാറിന് സാധിച്ചു എന്ന് വേണം കരുതാന്‍. ഇത്തരുണത്തില്‍ വേണം SP യുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം അവസാനിപ്പിക്കുവാനുള്ള മായാവതിയുടെ തീരുമാനത്തെ മനസ്സിലാക്കുവാന്‍.

BSP യും മായാവതിയും UP യില്‍ തകര്‍ന്നടിഞ്ഞു എന്ന് പ്രചരിപ്പിക്കുന്ന വിമര്‍ശന കുതികകളോട്….2014ല്‍ 80 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ നേടിയതിനേക്കാള്‍ 7,45
560 അധികം വോട്ടുകള്‍ ഇത്തവണ 38 സീറ്റുകളില്‍ മാത്രം മത്സരിച്ചു നേടി BSP മുന്നോട്ടു തന്നെ എന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ. മായാവതിക്കു ട്യൂഷന്‍ എടുക്കുന്ന പണി ദയവായി അവസാനിപ്പിക്കുമെല്ലോ? അപേക്ഷയാണ്…

വിഷാദ രോഗത്തിനടിമകളായ BSP പ്രവര്‍ത്തകരോട്…ആയിരം തെരഞ്ഞെടുപ്പ് പരാജയങ്ങളിലും തളരാതെ, തകരാതെ മുന്നേറുകയാണ് നാം വേണ്ടത്. കാരണം നമ്മുക്ക് പൂര്‍ത്തീകരിക്കുവാന്‍ മഹത്തായ ഒരു ലക്ഷ്യമുണ്ടെന്നോര്‍ക്കുക. നാം പിന്നോട്ടല്ല, മുന്നോട്ടു തന്നെ. ജയ് ഭീം.