മുഹമ്മദ് സലാ; ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സന്ദേശം, മുസ്‌ലീങ്ങള്‍ക്കും
FB Notification
മുഹമ്മദ് സലാ; ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സന്ദേശം, മുസ്‌ലീങ്ങള്‍ക്കും
നജിം കൊച്ചുകലുങ്ക്
Monday, 10th June 2019, 8:39 am

കുറച്ചുനാള്‍ മുമ്പ് ഷാജി എം.എല്‍.എ പ്രസംഗിച്ച അതേ കാര്യങ്ങള്‍ ഇപ്പോള്‍ ‘ദ ഇക്കണോമിസ്റ്റും’ ‘ദ ഹിന്ദു’വും അടക്കമുള്ള പത്രങ്ങളില്‍ വാര്‍ത്തയായി വായിക്കുന്നു. എന്‍.എസ് മാധവന്‍ മനോരമയില്‍ ലേഖനമെഴുതുന്നു. ലോകത്തെ പിടികൂടിയ ‘ഇസ്ലാം ഭീതി’യെ അകറ്റാന്‍ മുസ്‌ലീങ്ങള്‍ സര്‍ഗാത്മകരായാല്‍ മതിയെന്നാണ് ഷാജി പ്രസംഗിച്ചത്.

ഫുട്ബാള്‍ കളിക്കാരന്‍ മുഹമ്മദ് സലായെ ചൂണ്ടിക്കാട്ടിയാണ് ഷാജി പ്രസംഗിച്ചത്. അതേ മുഹമ്മദ് സലായെ കുറിച്ചാണ് ഇപ്പോള്‍ എന്‍.എസ് മാധവനും ലോകോത്തര മാധ്യമങ്ങളും എഴുതുന്നത്. ഈജിപ്ഷ്യന്‍ കളിക്കാരനായ മുഹമ്മദ് സലാ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ക്ലളബിന് വേണ്ടി കളിക്കാന്‍ തുടങ്ങിയ ശേഷമുള്ള വിപ്ലവകരവും അതിശയകരവുമായ ഒരു സാമൂഹിക മാറ്റത്തെ ചൂണ്ടിയാണീ എഴുത്തുകളെല്ലാം.

മുഹമ്മദ് സലായിലൂടെ ‘ആത്മീയ ഇസ്‌ലാമി’നെ അറിയാന്‍ തുടങ്ങിയതോടെ ഏറ്റവും വലിയ മുസ്‌ലിം വിരുദ്ധത അലയടിച്ചിരുന്ന വടക്കന്‍ ഇംഗ്ലണ്ടില്‍ ഇസ്‌ലാമോഫോബിയക്ക് വന്‍തോതില്‍ കുറവുവന്നിരിക്കുന്നു എന്ന പഠനമാണ് പുറത്തുവന്നത്. മുസ്‌ലിം തീവ്രവാദികളും ഭീകരവാദികളും പരിചയപ്പെടുത്തുന്ന ബോംബ് ഇസ്‌ലാമല്ല മുഹമ്മദ് സലായുടെ ആത്മീയ ഇസ്‌ലാമെന്നും ഐ.സിസിനെ ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്ന ബോംബ് ഗൈഡല്ല ഖുര്‍ആനെന്നും കാല്‍പന്ത് പ്രേമികളെങ്കിലും മനസിലാക്കി തുടങ്ങിയതോടെ സമൂഹത്തിന്റെ ഇസ്‌ലാം ഭീതി അകലുന്നു എന്നാണ് അമേരിക്കയിലെ സ്റ്റാന്‍ഫഡ് യൂനിവേഴ്‌സിറ്റി നടത്തിയ ആ പഠനം സൂചിപ്പിക്കുന്നത്.

ഇസ്‌ലാം വിരുദ്ധ വികാരം ശക്തമായ വടക്കന്‍ ഇംഗ്ലളണ്ടില്‍ ഇത്രയും വലിയ സാമൂഹിക മാറ്റത്തിന് ഒരു കാല്‍പ്പന്തുകളിക്കാരന്റെ കാലിന്റെ മാന്ത്രികതക്ക് കഴിഞ്ഞെങ്കില്‍ ഏതേതെല്ലാം സര്‍ഗാത്മക വഴികളിലൂടെ ഏതേതെല്ലാം പ്രതിഭകളിലൂടെ ലോകത്തെങ്ങും ഈ മാറ്റം സാധ്യമാക്കാന്‍ കഴിയുമെന്ന് ചിന്തിച്ച് അത്ഭുതപ്പെടുന്നു.

മത തീവ്രവാദത്തിന്റെ ബോംബുചിന്തകളെ ചുഴറ്റിയെറിയാം. പ്രതിരോധക്കാരെന്ന് പറഞ്ഞ് മതതീവ്രവാദം പറഞ്ഞുവരുന്നവരില്‍ നിന്ന് പുതുതലമുറയെ അകറ്റിനിറുത്താം. ചിത്രകാരനും സംഗീതകാരനും കലാകാരനും എഴുത്തുകാരനും ബുദ്ധിജീവിയും ചലച്ചിത്രകാരനും അധ്യാപകനും എന്‍ജിനീയറും ഡോക്ടറും ഐ.എ.എസുകാരനും തേങ്ങയിടലുകാരനും മണ്‍വെട്ടിപണിക്കാരനും മേശനും തുടങ്ങി ഓരോ രംഗത്തെയും പ്രതിഭകളെല്ലാം അവരവരുടെ സര്‍ഗാത്മകതകളിലൂടെ മനസുകളെ കീഴടക്കട്ടെ… സമാധാനം വിരിയിക്കട്ടെ…. അങ്ങനെ ലോകത്തെ ചൂഴ്ന്നുനില്‍ക്കുന്ന ഇസ്‌ലാം ഭീതിയുടെ… ഐ.സിസ് മതഭ്രാന്തിന്റെ ഇരുട്ടിനെ അകറ്റട്ടെ…