ഡോ. ആസാദ്
ഡോ. ആസാദ്
FB Notification
ഭരണഘടനയെ കുറിച്ച് പറയുന്ന ഇടതുപക്ഷം തീവ്രവലതുപക്ഷത്തിന്റെ ‘ധാര്‍മ്മിക സദാചാരം’ മാതൃകയാക്കരുത്
ഡോ. ആസാദ്
Friday 25th January 2019 11:46am

തടവും പരോളും രാവും പകലുമെന്നപോലെ മാറിമാറി അനുഭവിക്കാനാവും ചിലര്‍ക്കൊക്കെ. വല്ലപ്പോഴും കര്‍ക്കശമായ നിബന്ധനകളോടെ കിട്ടാവുന്ന ഒരു പുറംകാഴ്ച്ച മാത്രമാണ് പരോള്‍. ജീവപര്യന്തം തടവുകാര്‍ക്ക് അതെളുപ്പം കിട്ടുകയുമില്ല. പക്ഷെ, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികളുടെ കഥയതല്ല. ശിക്ഷിക്കപ്പെട്ട നാള്‍മുതല്‍ ക്ഷേമാന്വേഷണത്തിന് നേതാക്കന്മാരും ജനപ്രതിനിധികളുമുണ്ട്. ജയിലില്‍ സൗകര്യങ്ങളെല്ലാമുണ്ട്. ഫോണും ഇന്റര്‍നെറ്റും വരെ ലഭ്യമായിരുന്നു. പിന്നെ വിവാഹം, വിരുന്ന്, പാര്‍ട്ടി സമ്മേളനങ്ങള്‍, പരിപാടികള്‍ എല്ലാറ്റിലും പങ്കുചേരാം. ബാലകൃഷ്ണപിള്ള കഴിഞ്ഞാല്‍ ഇത്ര ഭാഗ്യം സിദ്ധിച്ച തടവുകാര്‍ മറ്റൊരുകാലത്തും എവിടെയും ഉണ്ടായിക്കാണില്ല. ഏറ്റവും അടുത്ത അവസരത്തില്‍ നറുക്കെടുത്തോ, സര്‍ക്കാറിന്റെ ദയാവായ്പാനുകൂല്യത്താലോ ഇനി അവരെ പുറത്തു വിടുകയുമാവാം.

ഭരണഘടന, നിയമവ്യവസ്ഥ, ധാര്‍മ്മിക ഉത്തരവാദിത്തം എന്നൊക്കെ വിളിച്ചലറുന്നവരാണ് കോടതിവിധിയെ ഇങ്ങനെ പരിഹസിക്കുന്നത്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ ഒരംഗീകൃത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടരാന്‍ അനുവദിക്കുന്ന അധാര്‍മ്മികവൃത്തി ജനാധിപത്യ ജീവിതത്തിനു ഭീഷണിയാണ്. ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. തെറ്റു ചെയ്തിട്ടില്ല എന്നുത്തമബോധ്യമുണ്ടെങ്കില്‍ കോടതിയെ അതു ബോധ്യപ്പെടുത്തണം. മേല്‍ക്കോടതികളിലേയ്ക്ക് അപ്പീല്‍ പോകാം. അല്ലാതെ കോടതി ശിക്ഷിച്ച ഒരാളെ പാര്‍ട്ടി കുറ്റവിമുക്തനാക്കും എന്നുവരുന്നത് ധിക്കാരമാണ്. ജനാധിപത്യാധികാരം കൈയാളുന്ന പാര്‍ട്ടി അത്ര തരംതാഴാന്‍ പാടില്ല.

അസുഖമുള്ളതുകൊണ്ടാണ് പരോള്‍ അനുവദിക്കുന്നത് എന്ന വാദത്തെ കോടതി തള്ളുന്നതാണ് ഇന്നലെ കണ്ടത്. അസുഖമുള്ളവര്‍ക്ക് പരോളല്ല ചികിത്സയാണു വേണ്ടതെന്ന് കോടതി ഓര്‍മ്മപ്പെടുത്തുന്നു. രാഷ്ട്രീയത്തടവുകാരല്ല കൊലക്കുറ്റം ചെയ്തവരാണ് വലിയ ആനുകൂല്യം നേടിയെടുക്കുന്നത്. സര്‍ക്കാറിനെയും സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കു സാധിക്കുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവവും പങ്കാളിത്തത്തിന്റെ വൈപുല്യവും അതു വെളിപ്പെടുത്തുന്നുണ്ട്. അധാര്‍മ്മിക രാഷ്ട്രീയത്തിന്റെ ഗുജറാത്തു മാതൃകകളെ ചെറുക്കുന്നവരാണു നാം. ആ സമരത്തില്‍ ഇടതുപക്ഷവുമുണ്ട്. എന്നാല്‍ അധാര്‍മ്മികവൃത്തികള്‍ അവരുടെ സമരങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. ഞങ്ങളാണു നിശ്ചയിക്കേണ്ടത് എന്ന ധിക്കാരത്തിന് നവബ്രാഹ്മണ്യത്തിന്റെ അഹന്തയെന്ന വിശേഷണമാവും ചേരുക.

കൊലയാളികള്‍ക്ക് നേതൃസ്ഥാനവും കൊലക്കുറ്റത്തിനു വിചാരണ നേരിടുന്നവര്‍ക്ക് സ്വീകരണവും നല്‍കുന്ന ‘ധാര്‍മ്മിക സദാചാരം’ ഇടതുപക്ഷത്തിന് ഭൂഷണമല്ല. അങ്ങനേ വന്നാല്‍ കോടിയേരിയില്‍നിന്നു അമിത്ഷായിലേക്കു ഒട്ടും ദൂരം കാണില്ല. ഒരേ രാഷ്ട്രീയം ഭിന്ന പാത്രങ്ങളില്‍ എന്ന അനുഭവമേ ജനങ്ങള്‍ക്കുണ്ടാവൂ. സാംസ്‌കാരിക പ്രവര്‍ത്തകര്‍ നവോത്ഥാനത്തെപ്പറ്റി ഉത്ക്കണ്ഠപ്പെടുമ്പോള്‍ ഇക്കാര്യവും ഓര്‍ക്കുമെന്നു കരുതുന്നു

 

ഡോ. ആസാദ്
Advertisement