സംഘപരിവാറിന്റെ റിക്രൂട്ടിങ് ഏജന്‍സികളാകാന്‍ എതിര്‍നേതാക്കളെന്തിന് ഉത്സാഹിക്കണം?
FB Notification
സംഘപരിവാറിന്റെ റിക്രൂട്ടിങ് ഏജന്‍സികളാകാന്‍ എതിര്‍നേതാക്കളെന്തിന് ഉത്സാഹിക്കണം?
ഡോ. ആസാദ്
Saturday, 10th March 2018, 10:45 am

 

കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ മറ്റു പാര്‍ട്ടികള്‍ ഉത്സാഹിക്കുകയാണ്. മതേതര ജനാധിപത്യ പാര്‍ട്ടികളുടെ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകാവുന്നവരുടെ പട്ടികയുമായി രംഗത്തു വരുന്നു. “എനിക്കു പോകണമെന്നു തോന്നിയാല്‍ പോകും അതെന്റെ കാര്യ”മെന്ന് കോണ്‍ഗ്രസ് നേതാവ് സുധാകരനു പോലും പറയേണ്ടി വരുന്നു. അതു കേട്ടപ്പോഴും “അയാളതാ പോകുന്നു ” എന്നു പറയുന്നത് എന്തു തരം രാഷ്ട്രീയമാണ്?

മതേതര ജനാധിപത്യ പാര്‍ട്ടികളില്‍നിന്ന് സംഘപരിവാര രാഷ്ട്രീയത്തിലേയ്ക്കുള്ള മാറ്റത്തിന് പരുവപ്പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കി കക്ഷിമാറ്റത്തെ സ്വാഭാവികവും വേഗമാര്‍ന്നതുമാക്കാന്‍ എതിര്‍ നേതാക്കളെന്തിന് ഉത്സാഹിക്കണം? വലതുപക്ഷ രാഷ്ട്രീയത്തില്‍ കൂടുവിട്ടു കൂട്ടുചേരല്‍ പ്രവണത കൂടുതലാണ്. അത് സ്വാഭാവികവുമാണ്. എന്നാല്‍ അക്കൂട്ടത്തിലെ മതേതര ജനാധിപത്യ മനസ്സുകളെ ശക്തിപ്പെടുത്തി ഫാഷിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തില്‍ നിര്‍ത്താനാണ് ശ്രമിക്കേണ്ടത്. അവരെ പിടിച്ചോ അവരെ പിടിച്ചോ എന്ന് അന്യോന്യം ചൂണ്ടിക്കാണിക്കേണ്ട കാര്യമില്ല. അപകടകരമായ രാഷ്ട്രീയ ലീലയാണത്.


Also Read: രാത്രിയുമ്മകഥകള്‍- 1 മാലാഖമാരും വെയിലമ്മയും ഉപ്പുപൂമ്പാറ്റകളും


കേരളത്തിലെ രാഷ്ട്രീയത്തിലും ഇപ്പോള്‍ വെള്ളം കയറാത്ത അറകളില്ല. ആര്‍ക്കും എങ്ങോട്ടും മാറാനാവും വിധം വലതുപക്ഷ പൊതുബോധം ശക്തിപ്പെടുകയാണ്. ഇടതുപക്ഷത്തുനിന്നും സംഘപരിവാര രാഷ്ട്രീയത്തിലേയ്ക്ക് ഒരാളും മാറുന്നില്ലെന്ന് ഭാവിക്കേണ്ടതില്ല. അതിനു പാകത്തിലാണ് സാംസ്‌കാരികവും രാഷ്ട്രീയവുമായ പൊതുബോധം പരുവപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയാദര്‍ശങ്ങള്‍ ബലി നല്‍കിയുള്ള താല്‍ക്കാലിക നിശ്ചയങ്ങളും നവലിബറല്‍ മത്സരങ്ങളിലുള്ള ഭ്രമവും നമ്മെ വല്ലാതെ മാറ്റിയിട്ടുണ്ട്. ആശയവാദത്തിന് സാംസ്‌കാരിക ജീവിതത്തില്‍ ലഭിച്ച മേല്‍ക്കൈ ചെറുതല്ല.

കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസത്തെ ചെറുക്കാന്‍ പ്രതിരോധ രാഷ്ട്രീയം ശക്തിപ്പെടണം. പാര്‍ട്ടികള്‍ അവയുടെ ആദര്‍ശങ്ങളുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കണം. സംഘപരിവാര രാഷ്ട്രീയത്തിന്റെ റിക്രൂട്ടിങ് ഏജന്‍സികളായി മറ്റു പാര്‍ട്ടികള്‍ മാറേണ്ടതില്ല. പ്രത്യേകിച്ചും ചെങ്ങന്നൂര്‍ എന്ന പുതു പരീക്ഷണത്തിനു മുന്നില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പാലിക്കുന്നത് നന്ന്.