ഹോ, എന്റെ ജനാധിപത്യ ഭരണകൂടമേ, ആര്‍ക്കു വേണ്ടിയുണ്ടാക്കിയ നിയമമാണ് സര്‍ഫാസി
FB Notification
ഹോ, എന്റെ ജനാധിപത്യ ഭരണകൂടമേ, ആര്‍ക്കു വേണ്ടിയുണ്ടാക്കിയ നിയമമാണ് സര്‍ഫാസി
ഡോ. ആസാദ്
Wednesday, 15th May 2019, 1:07 pm

പരിശുദ്ധമായ നമ്മുടെ ഉന്നത നിയമനിര്‍മാണ ശാലകളില്‍ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച ഒരു നിയമം നിരാലംബരും അവശരുമായ മനുഷ്യര്‍ക്കു പിറകേ, ഇന്ത്യന്‍ പൗരര്‍ക്കു പിറകേ ഇങ്ങനെ വേട്ടനായ്ക്കളെ അഴിച്ചു വിടുന്നതെന്തിനാണ്?

പാര്‍ലമെന്റംഗങ്ങളേ, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേ, നിങ്ങളുടെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു. ധനകാര്യ സ്ഥാപനങ്ങളുടെ വേട്ടനായ്ക്കള്‍ കടിച്ചുകീറിയ മനുഷ്യരുടെ രക്തം. അതിനി നിങ്ങള്‍ക്കു നുണച്ചിറക്കാം. ആ മാംസം രുചിക്കാം. ഈ പാപത്തിനു പങ്കുകാര്‍ വേറെയില്ല.

നീതിപീഠങ്ങളെയും നിയമപാലകരെയും നോക്കുകുത്തികളാക്കി ഇരകളെ കടിച്ചുകീറാന്‍ ബാങ്കുകള്‍ക്ക് നിങ്ങള്‍ ദംഷ്ട്രകള്‍ നല്‍കി. ബാങ്കുകള്‍തന്നെ വാങ്ങാന്‍ ശേഷിയാര്‍ജ്ജിക്കും വിധം ജനങ്ങളെ കൊള്ളയടിച്ചവര്‍ വാഴ്ത്തപ്പെട്ടു. അവര്‍ക്കു ജീവനമായി സകല ബാങ്കുകളും പണം ചുരത്തി. ആ പണപ്പുളപ്പിന് അധികാരികള്‍ തുറമുഖങ്ങള്‍ നല്‍കി. വിമാന നിര്‍മാണ ശാലകള്‍ നല്‍കി. ലോകംചുറ്റാന്‍ സ്വപ്ന പേടകവും.

അവരൊന്നും തിരിച്ചടച്ചില്ല. ലക്ഷക്കണക്കിനു കോടികള്‍ വിഴുങ്ങിയ അപൂര്‍വ്വ ജന്മങ്ങള്‍ എവിടെയും ആദരിക്കപ്പെട്ടു. സര്‍ഫാസി അവരുടെ കാല്‍ക്കല്‍ വാലും ചുരുട്ടിക്കിടന്നു. ജനങ്ങളുടെ വിയര്‍പ്പുതുട്ടുകള്‍ വലിച്ചൂറ്റി തടിച്ചുകൊഴുത്ത മാന്യന്മാരെ തൊടില്ല സര്‍ഫാസി. വഞ്ചകരായ ജനനേതാക്കളേ, പറയണം ജനാധിപത്യത്തെ ആരുടെ ആലയിലാണ് അറവിനു നിര്‍ത്തിയത്? പാവങ്ങളെ അരിയുന്ന അറവു കത്തികള്‍ക്കു സര്‍ഫാസിയെന്നു പേരിട്ട ബുദ്ധി ആരുടേതാണ്?

ഹോ, എന്റെ ജനാധിപത്യ ഭരണകൂടമേ, ഞാന്‍ ഭൂമി തൊടുവോളം ശിരസ്സു താഴ്ത്തുന്നു. ഇന്നലെ തീയെരിച്ച സഹനങ്ങള്‍ക്കു മുന്നില്‍ നാണംകെട്ടു കണ്ണുപൊത്തി ഉറക്കെയുറക്കെ വിലപിക്കുന്നു. ആ അമ്മയെയും മകളെയും ദേശീയ പതാകകൊണ്ടു നീ പുതപ്പിച്ചേക്കും. ഒരു ദേശഭക്തിഗാനത്തില്‍ ഉയിര്‍പ്പിച്ചെന്നും വരും. എനിയ്ക്കീ കാപട്യത്തിനു കാവല്‍ നില്‍ക്കാന്‍ വയ്യ.

എങ്കിലുമെന്റെ ജനങ്ങളേ, രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കൂട്ടിക്കൊടുപ്പിന്റെ ഒറ്റുപണം വാങ്ങിയതെങ്ങനെയാവും? ആരില്‍നിന്നാവും? ഈ നടുക്കത്തിലും എന്റെ നാട് ഇടിത്തീവീണ് പൊള്ളി പിടയാത്തതെന്ത്? ഈ തെരുവിനെ ഇനിയും തീ തീണ്ടാത്തതെന്ത്? അടുത്ത ഇര, അടുത്ത ഇര എന്നിങ്ങനെ അറവുമാടുകളുടെ നിശബ്ദ പ്രകടനം സര്‍ഫാസി വാളുകള്‍ക്കു കീഴെ ഇതാ കടന്നു പോകുന്നു. ജനനേതാക്കളേ, സര്‍ക്കാറേ സമരംകൊണ്ടു വിശുദ്ധപ്പെട്ട ഒരു വാക്കിനാല്‍ ഒന്നു തഴുകാമോ! നീട്ടിയെറിഞ്ഞ ആശ്വാസ വാക്കുകള്‍ ഞങ്ങളില്‍നിന്നും എടുത്തുമാറ്റാമോ? പണമുതലാളിത്തത്തിന്റെ കാവല്‍ജീവികളല്ലാത്ത ആരാനുമുണ്ടെങ്കില്‍ ‘സര്‍ഫാസി നിയമം റദ്ദാക്കുക’ എന്ന ഒറ്റ മുദ്രാവാക്യംകൊണ്ടു ഞങ്ങളെ അഭിവാദ്യം ചെയ്യൂ.