ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ആര്‍ക്കൊക്കെ രാഷ്ട്രീയം പറയാം
FB Notification
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ആര്‍ക്കൊക്കെ രാഷ്ട്രീയം പറയാം
ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 11:46 am

 

ഇവിടെ രാഷ്ട്രീയം പറയാമോ സാര്‍? ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ആര്‍ക്കൊക്കെ രാഷ്ട്രീയം പറയാം? കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും മത്സരത്തിലൂടെയും അധികാരത്തിലെത്തുന്ന സര്‍ക്കാറിന് രാഷ്ട്രീയം പറയുന്നതിനോടു വിരക്തിയും വിരോധവും തോന്നുന്നു? സര്‍ക്കാര്‍ ജീവനക്കാര്‍ അടിമകളാണത്രെ!

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില ചട്ടങ്ങളുണ്ടെന്ന് ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഭരണഘടനാ ബാധ്യത മറികടക്കുന്ന ചട്ടങ്ങള്‍ നിലനില്‍ക്കുമോ? അത് ആരുടെ താല്‍പ്പര്യമാണ്? ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കുന്ന മൗലികാവകാശം തടയാന്‍ ഒരു ചട്ടത്തിനുമാവില്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരം ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരങ്ങളുടെ ഭാഗമാണ്.

ഫാഷിസത്തിനെതിരെ തിളച്ചു പൊന്തുന്നവരാണ് അഭിപ്രായ പ്രകടനത്തെ ഭയക്കുന്നത്! തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഒരഭിപ്രായത്തെയും ഭയപ്പെടില്ല. വിയോജിപ്പിനു മുന്നില്‍ പതറില്ല. കമ്യൂണിസ്റ്റു മാനിഫെസ്റ്റോ അവസാനിപ്പിക്കുന്നത് ഇങ്ങനെ; ”സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവെയ്ക്കുന്നതിനെ കമ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യോപാധികളെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു”.

രാഷ്ട്രീയാഭിപ്രായം രേഖപ്പെടുത്തിയതിന് തൊഴിലില്‍നിന്നു പുറത്തു നിര്‍ത്തുന്ന ധാര്‍ഷ്ട്യം കമ്യൂണിസ്റ്റുകാരുടേതല്ല. അവരുടെ കയ്യിലെ ചുവന്ന കൊടി എന്നെ ലജ്ജിപ്പിക്കുന്നു. കമ്യൂണിസ്റ്റു വിപ്ലവകാരികളെന്നു മേനി നടിച്ചുള്ള എഴുന്നെള്ളത്തുകള്‍ ചരിത്രത്തിലെ ആഭാസ നാടകങ്ങളാവുന്നു. എ.കെ.ജി ഒരിടത്തെഴുതി; ”സ്വയം മാര്‍ക്‌സിസ്റ്റുകളായി ചമഞ്ഞ അവസരവാദികളെപ്പറ്റി എംഗല്‍സ് പറഞ്ഞു,’ ഞാന്‍ ഭയങ്കര സര്‍പ്പങ്ങളെ വിതച്ചു, പക്ഷെ ഞാന്‍ കൊയ്തതു പുഴുക്കളെയാണ്. ഹൈന്‍ തന്നെ അനുകരിച്ചവരോടു പറഞ്ഞ ഈ വാക്യം മാര്‍ക്‌സ് ഈ മാന്യന്മാരോടു പറയേണ്ടതാണ്”.

അവസരവാദ മാര്‍ക്‌സിസ്റ്റുകളോടു എംഗല്‍സും എ.കെ.ജിയുമൊക്കെ പറഞ്ഞത് വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടിവരുന്നു. മാര്‍ക്‌സിസം നിര്‍ഭയമായ അഭിപ്രായ പ്രകടനങ്ങളെ ആദരിക്കുന്നു. വിയോജിപ്പുകളെ സ്വാഗതം ചെയ്യുന്നു. അവസരവാദ മാര്‍ക്‌സിസ്റ്റുകള്‍ എല്ലാം കണ്ടു ഭയപ്പെടുന്നു. വിയോജിക്കുന്നവരെ പുറത്താക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു രാഷ്ട്രീയാഭിപ്രായം പറഞ്ഞുകൂടായെങ്കില്‍ ഇടതുപക്ഷ സംഘടനകളില്‍ പെട്ട അനേകര്‍ക്ക് തൊഴില്‍ നഷ്ടമാവും. കേരളത്തിനകത്തും പുറത്തും രാഷ്ട്രീയാവബോധം ഏറെയുള്ളവര്‍ ഇടതു സംഘടനകളിലാണുള്ളത്. അവരെയാകെ നാണം കെടുത്തുന്ന തീരുമാനങ്ങള്‍ അപക്വമാണ്. പകപോക്കലുമാണത്. അത് കമ്യൂണിസ്റ്റുകാര്‍ക്കു ചേര്‍ന്നതല്ല. എത്രയോ സര്‍ക്കാര്‍ ജീവനക്കാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഞങ്ങള്‍ കണ്ടിരിക്കുന്നു. തെളിവുകളോടെ അതുറക്കെ പറയണോ?

വിയോജിക്കുന്നവരെ പുറത്താക്കുന്ന ഹീന രാഷ്ട്രീയം ഒരിടതു മുന്നണിക്കോ സര്‍ക്കാറിനോ ചേര്‍ന്നതല്ല. നഷ്ടമാകുന്ന രാഷ്ട്രീയമാണ് വഴിത്തെറ്റുകളെ എടുത്തുകാട്ടുന്നത്. സ്വയം തിരുത്തുക. അല്ലെങ്കില്‍ ചരിത്രം അനിവാര്യമായ കൊത്തുപണികള്‍കൊണ്ടു തിരുത്തിത്തുടങ്ങും.