എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ ‘ചേലാകര്‍മ്മം’ എന്നത് പുരുഷ ചേലാകര്‍മ്മത്തിന്റെ ഫീമെയില്‍ വേര്‍ഷനല്ല
എഡിറ്റര്‍
Monday 28th August 2017 1:14pm

Female Genital Mutilation (F.G.M) എന്ന അതീവഹീനവും നിന്ദ്യവുമായ പ്രവൃത്തിയെ female circumcision എന്ന് ലഘൂകൃത രൂപത്തിലേക്ക് തര്‍ജ്ജിമ ചെയ്യുന്നത് തന്നെ ഒരു അപാകത ആവും…

Mutilate എന്നതിന്റെ തത്തുല്ല്യ മലയാള പദമായി കൂടുതല്‍ അനുയോജ്യം ”ഛേദിച്ചു വികലമാക്കുക” അഥവാ ”വികലമായ അംഗച്ഛേദം” എന്നാവും.

ചേലാകര്‍മ്മം എന്ന് തുലനം ചെയ്യുമ്പോള്‍ കുറച്ചു കൂടി സാമൂഹികമായി അംഗീകരിക്കപ്പെട്ട ഒന്നായി മാറുകയും, ഇസ്‌ലാം മതവിശ്വാസത്തിന്റെ ഭാഗമായി അനുഷ്ടിക്കുന്ന പുരുഷ ചേലാകര്‍മ്മത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ ആണ് എന്നും തോന്നിക്കുന്ന ഒന്നാവുകയും ചെയ്യുന്നു, ഇതത്ര ഉചിതം എന്ന് തോന്നുന്നില്ല.

Circumcision എന്നത് ശാസ്ത്രീയമായി അനുവര്‍ത്തിക്കപ്പെട്ടു പോരുന്ന ഒരു മെഡിക്കല്‍ പ്രക്രിയ കൂടിയാണ്,
ലിംഗാഗ്ര ചര്‍മ്മം പിന്നിലേയ്ക്ക് നീക്കാന്‍ പ്രയാസമായി വരുന്ന ഫൈമോസിസ്, പാരാ ഫൈമോസിസ്, Balanoposthitis പോലുള്ള രോഗാണുബാധകള്‍, balanitis പോലുള്ള നീര്‍ക്കെട്ടലുകള്‍ തുടങ്ങിയ കുറെ രോഗങ്ങള്‍ക്ക് പരിഹാരചികിത്സ ആയും , ലിംഗത്തില്‍ ഉണ്ടാവുന്ന ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാന്‍ ഉദ്ദേശിച്ചും ശാസ്ത്രീയമായി ചെയ്യുന്ന പ്രക്രിയ ആണ്.

(ഡോക്ടര്‍ എന്ന കാഴ്ചപ്പാടില്‍ പറഞ്ഞാല്‍ അശാസ്ത്രീയ രീതികളില്‍ ഇത് ചെയ്യുന്നത് ആരോഗ്യത്തിനു ഹാനീകരം ആകാവുന്നതും ആശാസ്യകരം അല്ലാത്തതും എന്നുകൂടി സൂചിപ്പിക്കുന്നു, അത്തരം രീതികളെ അനുകൂലിക്കുന്നില്ല)

Female Genital Mutilation

എന്നത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ആധുനിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ഒന്നല്ല എന്ന് മാത്രമല്ല വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നും ആണ.്

നിയമ വിരുദ്ധം ആയതിനാല്‍ അനസ്തീസ്യ കൊടുക്കാതെ പ്രാകൃതമായ രീതിയില്‍ ആണ് മിക്കവാറും ഇത് ചെയ്യപ്പെടുന്നത് എന്നാണു കണക്കുകള്‍.

ലോകാരോഗ്യസംഘടന തന്നെ വിവരിക്കുന്നത് അനുസരിച്ച് നാലോളം തരത്തില്‍ ഈ പ്രക്രിയ ചെയ്യുന്നുണ്ട്. കൃസരി (Clitoris) മാത്രം നീക്കം ചെയ്യുന്നത് തൊട്ടു, യോനിയുടെ ബഹ്യഭാഗങ്ങള്‍ മൊത്തം നീക്കം ചെയ്തു ചെറിയ ഒരു ദ്വാരം മാത്രം നില നില്‍ക്കുന്ന രീതിയില്‍ ആക്കുകയും ഗര്‍ഭധാരണ ആവശ്യത്തിനായി വീണ്ടും മുറിവുണ്ടാക്കി വികസിപ്പിക്കുകയും ചെയ്യുന്ന പ്രാകൃത രീതി (Infibulation), സ്ത്രീ ജനനേന്ദ്രിയ ഭാഗങ്ങളില്‍ മുറിവ്, തുള, കരിക്കല്‍ എന്നിവ നടത്തുന്ന ഗിഷിരി കട്ടിംഗ് എന്നിങ്ങനെ പ്രാകൃതവും ക്രൂരവുമായ പല രീതികള്‍ ആണ് ഉള്ളത്.

പുരുഷ ചേലാകര്‍മ്മത്തെക്കാള്‍ ആരോഗ്യപരമായി സങ്കീര്‍ണ്ണവും ഹാനീകരമായതും ആണിതെന്നു താരതമ്യം ചെയ്താല്‍ പറയാം.

ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ലിസ്റ്റും നീണ്ടതാണ്…

മൂത്രത്തില്‍ പഴുപ്പ് ഉള്‍പ്പെടെയുള്ള രോഗാണുബാധകള്‍, നിരന്തരമുള്ള വേദന, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉള്ള വേദന, ബ്ലീഡിംഗ്, എപിഡെര്‍മോയ്ഡ് സിസ്റ്റ് എന്ന മുഴ, പ്രസവസമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ , വന്ധ്യത എന്നിങ്ങനെ അനേകം ശാരീരിരിക പ്രശ്‌നങ്ങളും, വിഷാദ രോഗം പോലുള്ള മാനസിക പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് സമ്മാനിക്കുന്ന ഒന്നാണ് ഇത്.

രക്തസ്രാവം മൂലമോ രോഗാണു ബാധ മൂലമോ മരണപ്പെടുന്ന സ്ത്രീകളും അനേകര്‍ ഉണ്ടെന്നാണ് കണക്കുകള്‍.
Clitoral hood reduction AYhm clitoridotomy കൃസരിയുടെ മേല്‍ ആവരണമായ ത്വക്കിന്റെ അളവ് കുറയ്ക്കുന്ന ഒരു പ്ലാസ്റ്റിക് സര്‍ജറി പ്രക്രിയ ആണ് ഇത്. ഇത് മുതിര്‍ന്ന സ്ത്രീകളില്‍ അവരുടെ അറിവോടും സമ്മതത്തോടും കൂടി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം ചെയ്യുന്ന ഒന്നാണ് (ഇതില്‍ മതപരമോ ആചാരപരമോ ആയ ഇടപെടല്‍ ഇല്ല). ഈ ശസ്ത്രക്രിയയും കുഞ്ഞുങ്ങളില്‍ നടത്തുന്ന ”സ്ത്രീ ചേലാകര്‍മ്മവും” ഒന്നാണെന്ന് കരുതാന്‍ വയ്യാ.

മതപരവും സാമൂഹികവുമായ വശങ്ങള്‍

പുരുഷ ചേലാകര്‍മ്മം ഇസ്‌ലാമിക അനുഷ്ഠാനം ആണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സ്ത്രീകളില്‍ ഈ വിധ അംഗചേദം നടത്തുന്നത് ഇസ്‌ലാമികമല്ല എന്ന് വാദിക്കുന്നവര്‍ ആണ് ഇസ്‌ലാമില്‍ തന്നെ ഭൂരിഭാഗവും, ആ വിഷയത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നതും കാണാം.

ക്രിസ്ത്യന്‍, മുസ്ലിം, ജൂത സമൂഹങ്ങളില്‍ ഇത് നില നില്‍ക്കുന്നുണ്ട്. ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ ആണ് ഭൂരിഭാഗവും ഈ പ്രാകൃത പ്രക്രിയ നടക്കുന്നത് എങ്കിലും ഇംഗ്ലണ്ടില്‍ പോലും ഈ നിയമവിരുദ്ധ പ്രാക്ടീസ് നടക്കുന്നുണ്ടത്രേ! മുസ്‌ലിംസമുദായം കൂടുതല്‍ ഉള്ള യെമെന്‍, ഈജിപ്ത്, ഇന്തോനേഷ്യ, മാലി എന്നിവിടങ്ങളിലും ഇത് നടക്കുന്നുണ്ട്. ഈജിപ്തില്‍ 15-49 വയസ്സിനുമിടയില്‍ ഉള്ള 90%ത്തോളം സ്ത്രീകളെയും ഇതിനു വിധേയമാക്കുന്നുണ്ട് .

സ്ത്രീയില്‍ ഈ പ്രാകൃത രീതിയില്‍ ഇത്തരമൊന്ന് ചെയ്യപ്പെടുന്നതിന് പിന്നില്‍ വികലമായ തീവ്ര പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടുകള്‍ തന്നെ ആണെന്ന് മനസ്സിലാക്കാം.

പ്രത്യക്ഷത്തിലും പരോക്ഷമായും ഇത് സ്ത്രീ ലൈഗികതയെയും, സ്ത്രീയുടെ വ്യക്തിത്വത്തെയും അടിച്ചമര്‍ത്തി തീരെ ദുര്‍ബല ആക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു രീതിയാണെന്ന് വിലയിരുത്തേണ്ടി വരും.

സ്ത്രീകളുടെ ലൈഗികവേഴ്ച,ലൈഗിക ബന്ധത്തിലൂടെ ഉണ്ടാവുന്ന വൈകാരിക ശാരീരിക സുഖം എന്നിവ ഇല്ലാതാക്കുക എന്നത് തന്നെ ആണ് പ്രാഥമിക ലക്ഷ്യം.സ്ത്രീകളുടെ ”വിശുദ്ധി/പാതിവ്രിത്യം/പരിശുദ്ധി” എന്നിങ്ങനെയുള്ളവയുടെ പ്രാചീന സാമൂഹിക സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കി നിലനിര്‍ത്തുന്ന ഒന്നാണിത്.

2012-ല്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ഈ പ്രക്രീയ നിരോധിക്കുന്ന പ്രമേയം ഐകകണ്‌ഠ്യേന പാസാക്കുകയുണ്ടായി.എന്നിട്ടും ഈ ഹീനപ്രക്രിയ നമ്മുടെ നാട്ടില്‍ ഉടലെടുക്കുന്നു എങ്കില്‍ (എന്തിന്റെ പേരില്‍ ആയാലും) അത് മുളയിലേ പിഴുതു മാറ്റേണ്ടത് ആണെന്നതില്‍ ഒരു സംശയവും ഇല്ല.

ഇന്ത്യയില്‍ സ്ത്രീ ചേലാകര്‍മ്മം

ഇതൊരു പുതിയ കാര്യമല്ല എന്ന അറിവ് പുറത്തു വന്നിട്ട് കുറെ വര്‍ഷങ്ങള്‍ ആയി.
2012 ല്‍ പ്രിയാ ഗോസ്വാമി സംവിധാനം ചെയ്തു പുറത്തു ഇറക്കിയ ”എ പിഞ്ച് ഓഫ് സ്‌കിന്‍” എന്ന ഡോക്യുമെന്റ്റി ഇന്ത്യയില്‍ ദാവൂദി സുന്നി മുസ്‌ലിം വിഭാഗം ആയ ബോഹ്ര എന്ന കൂട്ടരില്‍ വളരെയധികം ദശകങ്ങള്‍ ആയി ഈ ആചാരം നില നില്‍ക്കുന്നതായി പ്രതിപാദിക്കുന്ന ഒന്നായിരുന്നു. ദേശീയ ഫിലിം അവാര്‍ഡിലെ പരാമര്‍ശം ഉള്‍പ്പെടെ ശ്രദ്ധേയമായ ഒന്നായിരുന്നു ഈ ഫിലിം.

മലയാളികളില്‍ പലരും ഇത് ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്, കേരളത്തില്‍ ഇങ്ങനെ ഒരു സംഭവവും വെളിച്ചത്തില്‍ വരുന്നത് ആദ്യമാവും എന്നാല്‍, ഇന്ത്യയില്‍ നാല് സംസ്ഥാനങ്ങളില്‍ എങ്കിലും ഇത് നില നില്‍ക്കുന്നു എന്ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2014 ല്‍ വിശദമായ ഒരു റിപ്പോര്‍ട്ട് ”ദി വീക്ക്” ല്‍ വന്നിട്ടുണ്ട്.

Bohras എന്ന ഷിയാ മുസ്ലിം വിഭാഗത്തില്‍ പെട്ട 18 സ്ത്രീകള്‍ ഇത് വെളിപ്പെടുത്തി ഓണ്‍ലൈന്‍ പെറ്റിഷനുമായി സമൂഹ മദ്ധ്യത്തിലേക്ക് വന്നത് 2015 ല്‍ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. മുംബൈയിലാണ് സംഭവങ്ങള്‍ നടന്നത്, മാസൂമ എന്ന വനിത ഇതിനു വിധേയ ആയതു 42 വര്‍ഷം മുന്‍പാണ്.

അന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ന്റെ ഒരു ഭാഗം”The beliefs that the clitoral head is ‘unwanted skin’, that it is a ‘source of sin’ that will make them ‘stray’ out of their marriages are reasons that lie at the heart of a practice that predates Islam but thrives amongst Bohras. One woman this reporter spoke to referred to the clitoral head as ‘haraam ki boti’ or immoral lump of flesh.’

ഇരകളുമായിട്ടുള്ള വീഡിയോ അഭിമുഖങ്ങള്‍ പോലും അന്ന് പുറത്തു വന്നിരുന്നു.

ഒടുവിലായി മാതൃഭൂമി വാര്‍ത്തയെ കുറിച്ച്,

മാതൃഭൂമി ഈ ദിവസം തന്നെ ഈ വാര്‍ത്ത ഒന്നാം പേജില്‍ വെണ്ടയ്ക്ക ആക്കിയതും, പുരുഷ ചേലാകര്‍മ്മത്തിനു സമം ആക്കി അവതരിപ്പിച്ചതും അത്ര സദുദ്ദേശപരം ആണെന്ന തോന്നലില്ല (പല കാരണങ്ങള്‍ കൊണ്ട്).
ഈ വര്‍ഷം മേയ് 9നാണ് സുപ്രീംകോടതി ഈ വിഷയം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നത്.

മാതൃഭൂമി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന സഹിയോയുടെ ഒടുവിലെ മലയാളം റിപ്പോര്‍ട്ടില്‍ മലയാളികളായ നേരിട്ട് അറിയാവുന്ന ഇരകള്‍ രണ്ടു വ്യക്തികള്‍ ആണ്, ഒരാള്‍ കേരളത്തിലും കോയമ്പത്തൂരിലും.

എന്നാല്‍ മാതൃഭൂമിയുടെ കണ്ടെത്തലില്‍ കോഴിക്കോട് ക്ലിനിക്കില്‍ നിന്നും നേരിട്ട് തെളിവും, തിരുവന്തപുരത്ത് ഇങ്ങനെ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതിന്റെ പരോക്ഷ തെളിവ് കിട്ടിയതായും പറയുന്നു. എന്നാല്‍ വാര്‍ത്തയില്‍ ഒരിടത്തും കാണാത്ത ഒന്ന് പോക്‌സോ നിയമത്തിനു കീഴില്‍ വരാവുന്ന ഈ കുറ്റകൃത്യം അവര്‍ പോലീസിനോ അധികാരികള്‍ക്കോ റിപ്പോര്‍ട്ട് ചെയ്തതായോ അതിന്റെ മേല്‍നടപടികളോ പ്രതിപാദിച്ചിട്ടില്ല, കേവല സെന്‍സേഷനും അപ്പുറം ഒന്നും മാതൃഭൂമി ഉദ്ദേശിച്ചിട്ടില്ല എന്ന് വേണോ കരുതാന്‍?

പുരുഷ ചേലാകര്‍മ്മത്തെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം : ചേലാകര്‍മ്മം എന്നല്ല മതത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ അല്ലാതെ നടത്തുന്ന ഇത്തരം ശാരീരികപ്രക്രിയകളോടു വ്യക്തിപരമായി യോജിക്കുന്നില്ല.

Advertisement