'ഗ്ലാസ് പിടിക്കാന്‍ പോലും കഴിയുന്നില്ല, പാര്‍ക്കിന്‍സണ്‍ രോഗം അലട്ടുന്നു'; വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കണമെന്ന് സ്റ്റാന്‍ സ്വാമി കോടതിയില്‍
national news
'ഗ്ലാസ് പിടിക്കാന്‍ പോലും കഴിയുന്നില്ല, പാര്‍ക്കിന്‍സണ്‍ രോഗം അലട്ടുന്നു'; വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കണമെന്ന് സ്റ്റാന്‍ സ്വാമി കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2020, 3:17 pm

മുംബൈ: പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിച്ചതിനാല്‍ കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ക്കപ്പും വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സ്റ്റാന്‍ സ്വാമി. മുംബൈ പ്രത്യേക കോടതിയിലാണ് വെള്ളം കുടിക്കുമ്പോള്‍ സ്‌ട്രോയും സിപ്പര്‍ കപ്പും ഉപയോഗിക്കാനുള്ള അനുമതി ചോദിച്ച് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ എട്ടിനാണ്. സ്റ്റാന്‍ സ്വാമിയുടെ ആവശ്യം കോടതി നവംബര്‍ 26ന് പരിഗണിക്കും.

‘പാര്‍ക്കിന്‍സണ്‍ രോഗം കാരണം കൈവിറയ്ക്കുന്നതിനാല്‍ ഗ്ലാസുകള്‍ പിടിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല,’ അദ്ദേഹം ഹരജിയില്‍ പറഞ്ഞു.

നിലവില്‍ തലോജ സെന്‍ട്രല്‍ ജയിലിലാണ് 83 കാരനായി സ്റ്റാന്‍ സ്വാമി.

ഭീമ കൊറേഗാവ് കേസില്‍ വാറന്റ് ഇല്ലാതെയായിരുന്നു എന്‍.ഐ.എ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എന്‍.ഐ.എ 15 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തിരുന്നതായും സ്റ്റാന്‍ സ്വാമി പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നും അറസ്റ്റിന് മുമ്പ് പുറത്ത് വിട്ട വീഡിയോയില്‍ സ്റ്റാന്‍ സ്വാമി പറഞ്ഞു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018ലും ഇദ്ദേഹത്തിന്റെ വീട് എന്‍.ഐ.എ റെയ്ഡ് ചെയ്തിരുന്നു. ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ് അദ്ദേഹം. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു.

ഭീമ കൊറേഗാവ് കേസില്‍ സംഭവിച്ചത്

2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചെത്തുകയും ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയും, അതുവഴി ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്‌ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തുകയും ഇതില്‍ മിലിന്ദ് ഏക്‌ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്.

എന്നാല്‍ കേസന്വേഷത്തിനായി തുടര്‍ന്ന് നിയോഗിക്കപ്പെട്ട മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു.

ഈ കേസില്‍ ഇതിനോടകം സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്‌ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Father Stan Swamy appealed in Court that he need Straw and Sipper Cup due to Parkinson