'പാക് ആണവബോംബിന്റെ പിതാവ്' അന്തരിച്ചു; ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയപ്പോഴും 'ദേശീയ നായകനാ'യി തുടര്‍ന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍
World News
'പാക് ആണവബോംബിന്റെ പിതാവ്' അന്തരിച്ചു; ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയപ്പോഴും 'ദേശീയ നായകനാ'യി തുടര്‍ന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th October 2021, 9:59 am

ഇസ്‌ലാമാബാദ്: പാകിസ്ഥാനെ ആണവശക്തിയായി വളര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞന്‍ അബ്ദുല്‍ ഖദീര്‍ ഖാന്‍ എന്ന എ.ക്യു ഖാന്‍ അന്തരിച്ചു. ഞായറാഴ്ചയായിരുന്നു കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഖാന്റെ മരണം. 85 വയസ്സായിരുന്നു.

പാകിസ്ഥാനെ ലോകത്തെ ആദ്യ ഇസ്‌ലാം ആണവശക്തിയായി വളര്‍ത്തിയതിലും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതിലും ഖാന് വലിയ പങ്കുണ്ട്. ഇതിലൂടെ ഇന്ത്യയോളം തന്നെ വലിയ ആണവശക്തിയായി പാകിസ്ഥാന്‍ വളര്‍ന്നതാണ് ഒരു ‘ദേശീയ നായക’ പരിവേഷത്തിലേക്ക് ഖാന്‍ എത്താന്‍ കാരണമായത്.

ഇസ്‌ലാമാബാദിന് സമീപത്തുള്ള കഹൂതയില്‍ പാകിസ്ഥാനിലെ ആദ്യ ആണവ പാര്‍ക്ക് സ്ഥാപിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഖാന്‍ ആയിരുന്നു.

ഇതിനെത്തുടര്‍ന്ന് 1998 മേയിലാണ് പാകിസ്ഥാന്‍ അവരുടെ ആദ്യ ആണവപരീക്ഷണം നടത്തുന്നത്. ഇന്ത്യ പൊക്രാന്‍ ആണവ പരീക്ഷണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇതും.

ലോകത്തെ ഏഴാമത്തെ വലിയ ആണവശക്തിയായി പാകിസ്ഥാന്‍ ഉയരാന്‍ കാരണം ഈ പരീക്ഷണങ്ങളായിരുന്നു. ഇന്ത്യക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്താനും പരീക്ഷണങ്ങള്‍ പാകിസ്ഥാനെ സഹായിച്ചു.

1936ല്‍ ഭോപ്പാലില്‍ ജനിച്ച ഖാന്‍ വിഭജനസമയത്താണ് കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറിയത്.

പാകിസ്ഥാന് ദേശീയ ഐക്കണെ നഷ്ടപ്പെട്ടു എന്നായിരുന്നു ഖാന്റെ മരണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. അബ്ദുല്‍ ഖദീര്‍ ഖാന്‍ നല്‍കിയ സംഭാവനകള്‍ പാകിസ്ഥാന്‍ ഒരിക്കലും മറക്കില്ല എന്നാണ് പ്രസിഡണ്ട് ആരിഫ് അല്‍വി പറഞ്ഞത്.

എന്നാല്‍ പാകിസ്ഥാന്റെ ആണവ രഹസ്യങ്ങള്‍ ഉത്തരകൊറിയയും ഇറാനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ ചരിത്രവും ഖാനുണ്ട്.

ഉത്തരകൊറിയയും ഇറാനും ലിബിയയുമായി നിയമവിരുദ്ധമായി ആണവ സാങ്കേതികവിദ്യ പങ്കുവെച്ചു എന്ന കുറ്റത്തിന് 2004ല്‍ ഖാനെ അറസ്റ്റ് ചെയ്തു. ഇത് പാകിസ്ഥാനില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

പിന്നീട് ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ഖാന്‍ കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് പറയുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ഖാന് മാപ്പ് അനുവദിച്ചു. എന്നാല്‍ 2009 വരെ ഖാന്‍ വീട്ടുതടങ്കലില്‍ തുടര്‍ന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും പാകിസ്ഥാന്‍ ഖാനെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍ ഖാന്‍ ചെയ്ത കുറ്റങ്ങളെ നിസാരവല്‍ക്കരിച്ചെന്നും വേണ്ടത്ര ശിക്ഷ നല്‍കിയില്ലെന്നുമായിരുന്നു വിമര്‍ശനം.

എന്നാല്‍ ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയതോ ശിക്ഷ അനുഭവിച്ചതോ ഖാന് പാകിസ്ഥാനില്‍ ഉണ്ടായിരുന്ന നായക പദവിക്കും ദേശസ്‌നേഹി പരിവേഷത്തിനും യാതൊരു കോട്ടവും വരുത്തിയിരുന്നില്ല. എന്നാല്‍ 2009ല്‍ തടങ്കലില്‍ നിന്ന് മോചിതനായതിന് ശേഷം ഖാന് പാകിസ്ഥാനില്‍ യാത്രാനിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

പാകിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമായ നിഷാന്‍-ഇ-ഇംതിയാസ് (ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ്), മൊഹ്‌സിന്‍-ഇ-പാകിസ്ഥാന്‍ എന്നിവ ഖാന് ലഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: ‘Father of Pakistan’s nuclear bomb’ Abdul Qadeer Khan died