എഡിറ്റര്‍
എഡിറ്റര്‍
നിരീശ്വരവാദിയായതിന്റെ പേരിലാണ് എന്റെ മകന്‍ കൊല്ലപ്പെട്ടതെങ്കില്‍ ഞാനും ഇനി നിരീശ്വരവാദിയാണ്: തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട ഫാറൂഖിന്റെ അച്ഛന്‍
എഡിറ്റര്‍
Monday 27th March 2017 2:51pm

ചെന്നൈ: തമിഴ്‌നാട്ടില്‍ നിരീശ്വരവാദിയായ യുവാവിനെ കൊലചെയ്ത മതഭ്രാന്തരെ വെല്ലുവിളിച്ച് യുവാവിന്റെ പിതാവ്. സോഷ്യല്‍ മീഡിയകളിലൂടെ നിരീശ്വരവാദം പ്രചരിപ്പിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട എച്ച്. ഫാറൂഖ് എന്ന യുവാവിന്റെ പിതാവ് ആര്‍ ഹമീദാണ് മതഭ്രാന്തന്മാരെ വെല്ലുവിളിച്ച് രംഗത്തുവന്നിരിക്കുന്നത്.

‘പൊലീസ് പറയുന്നതുപോലെ അവനെ മുസ്‌ലിം മതചിന്താഗതിക്കാര്‍ കൊലപ്പെടുത്തിയതാണെങ്കില്‍ ഖുര്‍ ആനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് അവര്‍ കൊലനടത്തിയത്. പ്രവാചകന്റെ കാലം മുതല്‍ തന്നെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്താനുള്ള അനുമതി നല്‍കിയ വിശുദ്ധഗ്രന്ഥമാണ് ഖുര്‍ആന്‍. ഒരു നിരീശ്വരവാദിയായതിന്റെ പേരിലാണ് അവര്‍ അവനെ കൊന്നതെങ്കില്‍ ഞാനും ഈ സംഘടനയുടെ ഭാഗമാകാന്‍ തീരുമാനിച്ചിട്ടുണ്ട്. അവന്‍ ചെയ്തത് തന്നെ ഞാനും ചെയ്യും.’ അദ്ദേഹത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: മംഗളത്തിന്റെ മാധ്യമ ധര്‍മ്മത്തിന് മംഗളം പാടി സോഷ്യല്‍ മീഡിയ; ട്രോളുകള്‍ കാണാം 


‘അവന്‍ വാക്കില്‍ ഉറച്ചുനില്‍ക്കുന്നവനാണ്. കുടുംബത്തിലുണ്ടാവുന്ന ചടങ്ങുകളില്‍ പ്രാര്‍ത്ഥിക്കേണ്ടി വരുമെന്നതിനാല്‍ അവന്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. കുറേക്കാലമായി അവന്‍ ഇത്തരമൊരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതായി അറിഞ്ഞിരുന്നില്ല. അവന്‍ മറ്റുള്ളവരിലോ, അവന്റെ ഭാര്യയില്‍ പോലും അവന്റെ വിശ്വാസം അടിച്ചേല്‍പ്പിക്കാത്തതിനാല്‍ അവനെ അവന്റെ പാട്ടിനു വിട്ടേക്കൂ എന്നാണ് എന്റെ ഭാര്യ എന്നോടു പറഞ്ഞത്. അവന്‍ മറ്റുള്ളവരെ ആദരിച്ചിരുന്നു.’ ഹമീദ് പറയുന്നു.

ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകനായ ഫാറൂഖ് കഴിഞ്ഞയാഴ്ചയാണ് കൊല്ലപ്പെട്ടത്. നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചിന്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിന്റെ പേരിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.

Advertisement