പ്രണയവിവാഹം നടത്തിക്കൊടുത്തതിന്റെ പേരില്‍ വികാരിയെ മര്‍ദിച്ചു; വധുവിന്റെ പിതാവ് അറസ്റ്റില്‍
Kerala News
പ്രണയവിവാഹം നടത്തിക്കൊടുത്തതിന്റെ പേരില്‍ വികാരിയെ മര്‍ദിച്ചു; വധുവിന്റെ പിതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2022, 11:30 am

കുന്നംകുളം: പ്രണയവിവാഹം നടത്തിക്കൊടുത്തതിന്റെ പേരില്‍ വികാരിക്ക് മര്‍ദനമേറ്റു. സംഭവത്തില്‍ വധുവിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആര്‍ത്താറ്റ് മാര്‍ത്തോമാ സഭയിലെ വൈദികന്‍ ഫാ. ജോബിയും ഭാര്യ ഷൈനിയുമാണ് ആക്രമിക്കപ്പെട്ടത്. മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ചാണ് പെണ്‍കുട്ടിയുടെ പിതാവും പ്രതിയുമായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണ്‍ ഇവരെ ആക്രമിച്ചത്. ഇയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

പള്ളി വികാരിയെയും ഭാര്യയെയും വില്‍സണ്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
ഞായറാഴ്ച പള്ളിയിലെ കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് ആക്രമിക്കപ്പെട്ടത്.

വീട്ടിലേക്ക് അതിക്രമിച്ച് കടന്ന വില്‍സണ്‍ വൈദികനെയും വീട്ടുകാരെയും അധിക്ഷേപിച്ച് സംസാരിക്കുകയും കസേരയും മറ്റ് സാധനങ്ങളും വലിച്ചെറിയുകയുമായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ ഫാ. ജോബിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. ഭാര്യക്ക് നേരെയും ആക്രമണമുണ്ടായി.

പള്ളിക്കമ്മിറ്റി അംഗങ്ങളടക്കമുള്ളവര്‍ സ്ഥലത്തെത്തിയതോടെ വില്‍സണ്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വിവാഹത്തിന്റെ പേരില്‍ മുമ്പും ഫാ. ജോബിയുടെ വീട്ടിലെത്തി വില്‍സണ്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്.

ഇടവകയുടെ സെക്രട്ടറി ബൈജു സി. പാപ്പച്ചന്റെ വീട്ടിലും ചെന്ന് ബഹളമുണ്ടാക്കിയ വില്‍സണെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാണിയാമ്പാലിലെ സ്വന്തം വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫാ. ജോബിയെയും ഭാര്യയെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു ഇതേ ഇടവകയിലുള്ള യുവാവുമായി വില്‍സണിന്റെ മകളുടെ വിവാഹം നടന്നത്. പ്രായപൂര്‍ത്തിയായ ഇരുവരുടെയും അപേക്ഷ ലഭിച്ചതനുസരിച്ച് പള്ളിവികാരിയായ ഫാ. ജോബി ബിഷപ്പുമായി സംസാരിച്ച് അനുമതി വാങ്ങുകയും വിവാഹം നടത്തിക്കൊടുക്കുകയുമായിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

Content Highlight: Father of bride attacks priest in Thrissur  for supporting love marriage of his daughter