ഇനി ടോളും ഫാസ്റ്റ്...വരുന്നൂ ഫാസ് ടാഗ്
DWheel
ഇനി ടോളും ഫാസ്റ്റ്...വരുന്നൂ ഫാസ് ടാഗ്
ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 3:32 pm

ടോൾ പ്ലാസയിലെ കുരുക്കിന് വിരാമമാകുന്നു.രാജ്യത്തെ ടോൾപ്ലാസ കവാടങ്ങളെല്ലാം ഡിസംബർ ഒന്നുമുതൽ പൂർണമായും ഫാസ് ടാഗ് ട്രാക്കുകളാക്കും. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും.ഫാസ് ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾ എത്തിയാൽ വൻതുക പിഴ ഈടാക്കാനാണ് ദേശീയപാതാ അതോറിറ്റി മേഖലാകേന്ദ്രങ്ങൾക്കു നൽകിയ നിർദേശം. എത്ര രൂപയാണോ ടോൾ അടയ്ക്കേണ്ടിയിരുന്നത് അതിന്‍റെ ഇരട്ടി പിഴയായി ഈടാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു.

എന്താണ് ഫാസ് ടാഗ്?

വാഹനത്തിന്‍റെ വിൻഡ് സ്ക്രീനിലാണ് (മുൻവശത്തെ ഗ്ലാസ്) ഫാസ്ടാഗ് സ്റ്റിക്കർ പതിക്കുക. ഇതിൽ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോൾ ഇടപാട്.

വാഹനം ടോൾ പ്ലാസയിലെത്തുമ്പോൾ പണമടയ്ക്കാതെ കടന്നുപോകാം. ഫാസ് ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽനിന്ന് പണം പിടിച്ചോളും. അക്കൗണ്ടിലെ പണം തീരുന്നമുറയ്ക്ക് ടാഗ് റീചാർജ് ചെയ്യാം. ഒരുവാഹനത്തിന് ഒരു ഫാസ് ടാഗ് ആണ് ഉണ്ടാവുക. മറ്റു വാഹനങ്ങളിലേക്ക് ഇതു മാറ്റി പതിപ്പിക്കാനാവില്ല.

തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഫാസ് ടാഗ് രജിസ്ട്രേഷൻ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി നിർദിഷ്ട ഫീസ് അടച്ചാൽ സ്റ്റിക്കർ കിട്ടും. പുതിയ വാഹനങ്ങൾക്ക് ഡീലർമാർതന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. ബാങ്കുകളിലൂടെയും മൊബൈൽ വാലറ്റുകളിലൂടെയും ടാഗ് റീചാർജ് ചെയ്യാം.

 

നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് ഏർപ്പെടുത്തേണ്ടിവരും. 2017 ഡിസംബർമുതൽ പുതിയ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൂലം ടോൾപ്ലാസകളിൽ കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് തീരുമാനമെന്ന് ഗതാഗതമന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു.പുതിയ വാഹനങ്ങളില്‍ ഫാസ് ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും വാഹന ഡീലര്‍മാര്‍ക്കാണ്.