Administrator
Administrator
ആ പെണ്‍കുട്ടികളുടെ ജീവിതം കോടതി വരാന്തയില്‍ ഒടുങ്ങണോ?
Administrator
Wednesday 10th August 2011 3:51pm

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെണ്‍വാണിഭക്കേസുകള്‍ ഓരോന്നായി തേഞ്ഞുമാഞ്ഞുപോവുകയാണ്. ഏറ്റവും പുതുതായി വിതുര പെണ്‍വാണിഭക്കേസില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് സംഭവത്തിലെ ഇരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരിക്കയാണ്. പെണ്‍കുട്ടിയുടെ ഹരജി പരിഗണിച്ച് കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

‘കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ ഒഴിവാക്കണം. ഒരു കുടുംബിനിയായി കഴിയുന്ന തന്റെ കുടുംബജീവിതത്തെ ഇത് ബാധിക്കും. ഓരോ തവണയും കോടതിയില്‍ ഹാജരാകുന്നത് പീഡനത്തിന് സമാനമായ അനുഭവമാണ്. താന്‍ ഒരിക്കലും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല’ -പെണ്‍കുട്ടി ഹരജിയില്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയുടെ ഹരജിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. അതേസമയം പീഡന സംഭവങ്ങളില്‍ ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളുടെ ബാക്കിപത്രമാണ് ഈ ഹരജി. ഒരിക്കല്‍ ജീവിതം ചവച്ചരക്കപ്പെട്ടവരാണിവര്‍. അവിടെ നിന്നും തിരിച്ചുവന്ന് വീണ്ടും ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. പീഡനക്കേസിലെ പ്രതികള്‍ നിര്‍ബന്ധമായും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ നീതി നടപ്പാക്കുന്നതിലെ കാലതാമസം പ്രതികളെ രക്ഷപ്പെടുത്തുന്നതിന് സഹായിക്കും. ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവിതം കോടതി വരാന്തകളില്‍ ഒടുങ്ങുകയും ചെയ്യും. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു. സ്ത്രീപീഡനക്കേസുകള്‍ക്കായി അതിവേഗ കോടതികള്‍?

ജസ്റ്റിസ്.ഡി ശ്രീദേവി, വനിതാ കമ്മീഷന്‍ അധ്യക്ഷ

വിതുര പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയോട് എന്തു ത്യാഗം സഹിച്ചും വിചാരണക്കായി കോടതിയില്‍ ഹാജരാകണമെന്നേ എനിക്ക് പറയാനാകു. കാലങ്ങള്‍ കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഒരു കാരണവശാലും അവര്‍ രക്ഷപ്പെടാന്‍ പാടില്ല. 22 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കെ എല്ലാത്തിന്റെയും വിചാരണയ്ക്ക് കോടതിയില്‍ ഹാജരാവാന്‍ ബുദ്ധിമുട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ വാദത്തില്‍നിന്നും അവളുടെ മാനസികാവസ്ഥ മനസ്സിലാക്കാം. പക്ഷേ ഇവിടെ അതിനേക്കാള്‍ പ്രസക്തി കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക എന്നതിനാണ്.

ശിക്ഷിക്കപ്പെട്ടാലും അവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും തുറന്നുകൊടുക്കുന്ന, അവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന ഒരു നിയമസംവിധാനമാണ് ഇവിടെയുള്ളത്. എന്നിരുന്നാലും പീഡനവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ പുറത്തുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശിക്ഷ നടപ്പിലാക്കപ്പെടും എന്നതിന് ഒരു തെളിവ് ആവശ്യമാണ്. അതിനാല്‍ കോടതിയില്‍ ഹാജരാവണമെന്നുതന്നെയാണ് എനിക്ക് ആ കുട്ടിയോട് പറയാനുള്ളത്.

കേരളത്തിലെ പെണ്‍വാണിഭക്കേസുകള്‍ പരിഗണിക്കാന്‍വേണ്ടി മാത്രം ഒരു ഫാസ്റ്റ് ട്രാക്ക് കോടതിയ്ക്ക് രൂപം നല്‍കേണ്ടതായിരുന്നു. എന്തുകൊണ്ടോ അന്നത്തെ വനിതാസംഘടനകള്‍ അന്ന് അതിന് പ്രാധാന്യം കൊടുത്തില്ല. ഇത്തരം കേസുകളില്‍ പെട്ടെന്ന് തീര്‍പ്പ് കല്‍പിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി പീഡനത്തിനിരയായി എന്നതിന്റെ പേരില്‍ കോടതിമുറി കയറിയിറങ്ങുന്നത് അവരുടെ കുടുംബജീവിതത്തെയും ബാധിക്കും. പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കേസുകളില്‍ പോലീസ് ഉള്‍പ്പടെയുള്ള പല ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളാണ്. അതുകൊണ്ടാണ് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതാവുന്നതും വിചാരണയും വിധിയും നീണ്ടുപോകുന്നതും. പലര്‍ക്കും ഈ ഉദ്യോഗസ്ഥരുടെ ഭീഷണിയ്ക്കുമുന്നില്‍ വഴങ്ങേണ്ടി വരുന്നു.

ക്രിമിനല്‍കേസുകള്‍ക്കുമാത്രമായി ഇവിടെ അതിവേഗ കോടതിയുണ്ട്. പീഡനക്കേസുകള്‍ക്കുമാത്രമായി ഇത്തരം സംവിധാനം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വരുന്ന 16 ാം തിയതി നടക്കാനിരിക്കുന്ന വനിതാ കമ്മീഷന്‍ മീറ്റിങ്ങിന്റെ അജന്‍ഡയില്‍ ഈ വിഷയവും ഉള്‍പ്പെടുത്തും. ഈ നിമിഷംവരെ ഈയൊരു വിഷയം ഞങ്ങളുടെ അജന്‍ഡയിലില്ലായിരുന്നു. ഇപ്പോള്‍ നിങ്ങളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ഒരു കാര്യംകൂടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. അടുത്ത മീറ്റിങ്ങില്‍ നിര്‍ബന്ധമായും ഈ വിഷയം ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അതിവേഗ കോടതി നടപ്പിലാക്കുന്നതു സംബന്ധിച്ച നിര്‍ദേശം ഞങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കേരളത്തിലെ പീഡനക്കേസുകളുടെ തോതനുസരിച്ച് ആവശ്യമെങ്കില്‍ പ്രത്യേക ജഡ്ജിയെയും നിയമിക്കും.

പി. സുരേന്ദ്രന്‍, എഴുത്തുകാരന്‍

നമ്മുടെ നിയമസംവിധാനത്തിനകത്ത് ധാരാളം ന്യൂനതകളുണ്ട്. ഇത്തരത്തിലുള്ള കേസുകളില്‍ പങ്കുള്ളവരില്‍ ഭൂരിപക്ഷവും ഉന്നത സാമ്പത്തിക ശേഷിയുള്ള ആളുകളായിരിക്കും. പെണ്‍വാണിഭക്കേസുകള്‍ പരിശോധിക്കുകയാണെങ്കില്‍ നമുക്കറിയാം മിക്ക കേസുകള്‍ക്കും സിനിമ സീരിയല്‍ വ്യവസായവുമായി ചെറിയ ബന്ധമെങ്കിലും ഉണ്ടാവും. അതായത് വന്‍തുകകള്‍ മുടക്കാനുള്ളവരാണ് ഈ ബിസിനസില്‍ പങ്കാളികളാവുന്നത്. വലിയ വ്യവസായം എന്ന രീതിയില്‍ ഇതിനെ കാണുന്നതിനാല്‍ ഈ ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാള്‍ സമീപിക്കുക വന്‍തുകകള്‍ പ്രതിഫലമായി നല്‍കാന്‍ കഴിയുന്നവരെയാണ്. ഇത്തരം ആളുകള്‍ പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും നിയമസംവിധായനങ്ങളെ വരെ സ്വാധീനിക്കാനിടയുണ്ട്. ഇത് ഇരകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു.

നമ്മുടെ കോടതികളുടേയും നിയമസംവിധാനത്തിന്റെയും ഭാഗത്തുനിന്ന് സ്ത്രീപക്ഷ സമീപനം ഉണ്ടാവുന്നില്ല. പലപ്പോഴും നിയമവിചാരണകള്‍ മറ്റൊരു പീഡനമായാണ് ഇരകള്‍ക്ക് അനുഭവപ്പെടുക. നിയമം തന്നെ പുരുഷ കേന്ദ്രീകൃതമാണ്. കിളിരൂര്‍ കേസിന്റെ കാര്യം തന്നെയെടുത്താല്‍ ഇത് നമുക്ക് വ്യക്തമാകും. കിളിരൂര്‍ കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ലത എന്ന സ്ത്രീയെ ചോദ്യം ചെയ്താല്‍ തന്നെ കേസിലുള്‍പ്പെട്ട എല്ലാവരുടേയും വിവരങ്ങള്‍ ലഭിക്കും. തെളിവില്ല, അന്വേഷണം വഴിമുട്ടുന്നു തുടങ്ങിയ പറച്ചിലെല്ലാം ഒഴിവുകഴിവായേ കാണാന്‍ സാധിക്കുകയുള്ളൂ.

എനിക്ക് തോന്നുന്നത് പെണ്‍വാണിഭക്കേസുകളെ കൈകാര്യം ചെയ്യുന്ന രീതി തന്നെ മാറ്റേണ്ടതുണ്ട്. നമ്മുടെ മാധ്യമങ്ങളെല്ലാം ഇത്തരം പീഡനവാര്‍ത്തകള്‍ വിവാദമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത് കുറച്ചുകാലം വിവാദമായി മുഖ്യധാരയില്‍ നിലനില്‍ക്കും. പിന്നീട് മറ്റുവാര്‍ത്തകള്‍ വന്നാല്‍ അവര്‍ അതിനു പിറകേ പോകും. അപ്പോഴും പീഡനക്കേസിലെ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ടാവും.

വിതുര കേസില്‍ പെണ്‍കുട്ടി ഇപ്പോള്‍ നല്‍കിയ ഹരജി അവര്‍ ആത്മാര്‍ത്ഥമായി നല്‍കിയതാണെങ്കില്‍ ആരെയും വേദനിപ്പിക്കുന്നതാണ്. ഇത്രയും കാലം ഈ കേസിനു പിന്നാലെ നടന്ന സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയ പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയാവാം ഇങ്ങനെ ചെയ്യിച്ചത്. അല്ലെങ്കില്‍ ഈ കേസിലുള്‍പ്പെട്ടവരുടെ സമ്മര്‍ദ്ദത്താലോ സ്വാധീനത്താലോ ചെയ്തതുമാവാം. എന്താണ് ഇതിനു പിന്നിലെ പ്രേരണ എന്ന് കൃത്യമായി അറിയാത്തതിനാല്‍ പ്രതികരിക്കുന്നില്ല.

എം. പി. ബഷീര്‍, മാധ്യമപ്രവര്‍ത്തകന്‍

പെണ്‍വാണിഭ കേസുകള്‍ അന്വേഷിച്ചു തീര്‍പ്പാക്കുന്നതിനെടുക്കുന്ന കാലതാമസം കേരളത്തില്‍ എപ്പോഴും സംഭവിക്കുന്ന ഒന്നാണ്. പെണ്‍വാണിഭ കേസുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ വേണ്ടി മാത്രം ഒരു അതിവേഗ സംവിധാനം ആവിശ്യമാണ്. പൊതു കോടതികളെ അപേക്ഷിച്ച് സ്‌പെഷ്യല്‍ കോടതികള്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുമ്പോള്‍ ഇരകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്.

കാരണം, കേസ് നീണ്ട് പോകുന്നതിനനുസരിച്ച് അവര്‍ക്ക് പീഡനത്തെ കുറിച്ച് ആവര്‍ത്തിച്ച് വിവരിക്കേണ്ടി വരുന്നു. ഭീകരമായ മാനസിക സംഘര്‍ഷങ്ങളാണ് ഇരകള്‍ ഈ ഘട്ടത്തില്‍ അനുഭവിക്കുന്നത്. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി വിചാരണയുടെ ഒരു ഘട്ടത്തില്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങിയത് ഓര്‍മ്മിക്കേണ്ടതാണ്.

ഇതിനോട് ചേര്‍ത്ത് പറയേണ്ട മറ്റൊരു കാര്യം, വിതുര കേസിലെ പെണ്‍കുട്ടിയുടെ വികാരം മാനിച്ച് ഹരജിയെ അംഗീകരിക്കാമെങ്കിലും പൊതുവില്‍ അന്വേഷണം നിര്‍ത്തിവെയ്ക്കാനാവിശ്യപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ പെണ്‍കുട്ടിയെ അടുത്തിടെ സുഗതകുമാരിയെപ്പോലെയുള്ളവരുടെ നേതൃത്വത്തില്‍ വിവാഹം കഴിച്ചയക്കുകയുണ്ടായി. കേസ് അവസാനിപ്പിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് വിവാഹം കഴിപ്പിച്ച് കൊടുത്തത് എന്നാണ് അറിയാന്‍ കഴിയുന്നത്. രണ്ട് കുട്ടികളുള്ള ഒരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചതോടെ ഇയാളുടെ മുന്‍ ഭാര്യ വഴിയാധാരമായിത്തീരുകയും ചെയ്തിരിക്കുന്നു. ഇക്കാര്യവും പരിശോധിക്കേണ്ടതുണ്ട്.


സുഗതകുമാരി, കവയിത്രി

വിതുര കേസില്‍ ഈ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലല്ല കേസെടുത്തത്. പെണ്‍കുട്ടി സാക്ഷി മാത്രമാണ്. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത്രയും വര്‍ഷമായി ഈ കേസില്‍ തീര്‍പ്പുണ്ടാകാത്തതിനാല്‍ മനസ് തകര്‍ന്ന് ആ പെണ്‍കുട്ടി വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതാവാം. ഏതെങ്കിലും ഒരു പെണ്‍വാണിഭക്കേസില്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടിക്ക് നീതി കിട്ടിയതായി എനിക്ക് അറിവില്ല. സൂര്യനെല്ലി മുതല്‍ ഇങ്ങോട്ടുള്ള കേസുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാവും.

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകരാണ് ഈ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചത്. ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ഇയാളോട് രണ്ടാമതൊരു വിവാഹം കഴിക്കാന്‍ പള്ളിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ സംരക്ഷണയിലുള്ള വിതുര പെണ്‍കുട്ടിയെ അയാള്‍ക്ക് വിവാഹം കഴിച്ചുനല്‍കുകയായിരുന്നു. ഇതിനു പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. അതെല്ലാം ജമാഅത്തെ ഇസ്‌ലാമിക്കാരോട് ചോദിക്കണം.

അഡ്വ. ശിവന്‍ മഠത്തില്‍

പെണ്‍വാണിഭ കേസുകള്‍ മാത്രമല്ല ഏത് കേസിലായാലും കേസ് തീര്‍പ്പാവാന്‍ കാലതാമസം വരുന്നത് നീതി നിഷേധത്തിനു തുല്ല്യമാണ്. അതിന് വേണ്ടി സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഈ നാട്ടിലെ സര്‍ക്കാറിന്റെ ബാധ്യതയാണ്. പക്ഷേ, പെണ്‍വാണിഭക്കേസുകള്‍ക്ക് വേണ്ടി മാത്രം സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ലോകെത്തെമ്പാടും തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട പീഡനങ്ങള്‍ നടക്കുന്നുണ്ട്. ഇനി ഇത്തരത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുകയാണെങ്കില്‍ ഓരോ ക്രിമിനല്‍ കേസുകള്‍ക്കും ഇത്തരത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കേണ്ടതില്ലേ?

കെ.കെ ഷൈലജ ടീച്ചര്‍, മുന്‍ എം.എല്‍.എ

ഇത്തരമൊരു അവസ്ഥ ഏറെ ദൗര്‍ഭാഗ്യകരമാണ്. നീതി വൈകുന്നത് ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഏറെ സഹായകരമാണ്. ഈ പെണ്‍കുട്ടിയെ സംബന്ധിച്ചു നോക്കുമ്പോള്‍ ഇങ്ങനെയൊരു പരാതി നല്‍കിയതിനു പിന്നില്‍ പ്രചോദനമെന്താണെന്നത് എനിക്ക് വ്യക്തമല്ല. എങ്കിലും എന്തിന്റെ പുറത്തായാലും ഇത്തരമൊരു അവസ്ഥ ഏറെ ദയനീയമാണ്. പെണ്‍വാണിഭക്കേസുകളില്‍ വളരെ പെട്ടെന്ന് തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്ന ഒരു നിയമസംവിധാനം നമുക്ക് വേണം. ഇതിനു പുറമേ ഈ കേസിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു ഹരജി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതിനു പിന്നില്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദമുണ്ടോയെന്ന് കോടതിയുടെ നേതൃത്വത്തില്‍ തന്നെ അന്വേഷിക്കണം. അത് ഈ പെണ്‍കുട്ടിക്ക് മറ്റൊരു പീഡനമാവാതെ ശ്രദ്ധിക്കുകയും വേണം.

നിയമസംവിധാനം നമ്മുടെ ഭരണവ്യവസ്ഥയുടെ ഭാഗമാണ്. അതില്‍ കാലതാമസമുണ്ടാവുന്നുണ്ടെങ്കില്‍ അത് ഭരണവ്യവസ്ഥയുടെ അപാകതകൂടിയാണ്. പണത്തിന്റെ സ്വാധീനം മറ്റേത് മേഖലകളിലേതിലും പോലെ നിയമവ്യവസ്ഥയിലും കാണാം. ഐസ്‌ക്രീം പാര്‍ലര്‍ പോലുള്ള പെണ്‍വാണിഭക്കേസുകള്‍ ഒത്തുക്കിയതില്‍ കോടികളുടെ ഇടപാടാണ് നടന്നിട്ടുള്ളത്.

പെണ്‍വാണിഭക്കേസില്‍ ഇരകളാവുന്നവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യവും നിയമവ്യവസ്ഥ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. അല്ലാതെ നിയമത്തിന്റെ രൂപത്തിലുള്ള പീഡനം അനുവദിക്കാന്‍ അവള്‍ക്ക് അവസരം ഉണ്ടാക്കി നല്‍കുകയല്ല വേണ്ടത്.

തയ്യാറാക്കിയത്: ജിന്‍സി ബാലകൃഷ്ണന്‍, സി.കെ. സുബൈദ, റഫീഖ് മൊയ്തീന്‍, കെ.എം ഷഹീദ്

മറ്റ് ലഞ്ച് ബ്രേക്കുകള്‍

പെണ്ണായാല്‍ പൊന്ന് വേണോ?

ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ ധാര്‍മ്മിക അവകാശമുണ്ടോ?

‘മാരന്റെ രാജി കോണ്‍ഗ്രസ് സ്വയം കുഴിച്ച കുഴി’

വിവാദത്തില്‍ മുങ്ങി ആദ്യ ബജറ്റ്

ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?

ഡോക്ടര്‍മാരുടെ സമരം ആരെ സഹായിക്കാന്‍?

വര്‍ധിപ്പിക്കുന്ന ബസ് ചാര്‍ജ് ജനം ഒടുക്കണോ?

കേരളം ഭരിക്കുന്നത് ബാക്ക് സീറ്റ് ഡ്രൈവര്‍മാരോ?

ലൈംഗിക വിവാദങ്ങള്‍ സി.പി.ഐ.എമ്മിനെ വേട്ടയാടുകയാണോ?

Advertisement