എന്റെ സിനിമയില്‍ നിന്നും ഒഴിവായിപ്പോയ നടിയെ മറ്റൊരു സിനിമക്ക് വേണ്ടി ഞാന്‍ നിര്‍ദേശിച്ചു, അവര്‍ പിന്നീട് ഇന്ത്യ മുഴുവനും ഫേമസായി: ഫാസില്‍
Film News
എന്റെ സിനിമയില്‍ നിന്നും ഒഴിവായിപ്പോയ നടിയെ മറ്റൊരു സിനിമക്ക് വേണ്ടി ഞാന്‍ നിര്‍ദേശിച്ചു, അവര്‍ പിന്നീട് ഇന്ത്യ മുഴുവനും ഫേമസായി: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 7:02 pm

തന്റെ സിനിമയിലേക്ക് പൃഥ്വിരാജിനേയും അസിനേയും കാസ്റ്റ് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ഫാസില്‍. പ്ലാന്‍ ചെയ്തിരുന്ന ചിത്രം പിന്നീട് മാറി പോയെന്ന് പറഞ്ഞ ഫാസില്‍ മറ്റ് സിനിമകളിലേക്ക് പൃഥ്വിരാജിനേയും അസിനേയും എത്തിക്കുന്നതില്‍ താന്‍ വഹിച്ച പങ്കിനെ പറ്റിയും സംസാരിച്ചു. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കാപ്പയുടെ പ്രൊമോഷന്‍ പരിപാടിയില്‍ വെച്ചാണ് ഫാസില്‍ സംസാരിച്ചത്.

‘ഞാനാണ് പൃഥ്വിയെ ആദ്യമായിട്ട് സിനിമക്ക് വേണ്ടി ഇന്റര്‍വ്യു ചെയ്യുന്നതെന്നാണ് എന്റെ വിശ്വാസം. ഇന്റര്‍വ്യു ചെയ്തു, സ്‌ക്രീന്‍ ടെസ്റ്റ് എടുത്തു. അന്ന് കൂടെ ഒരു പെണ്ണുമുണ്ടായിരുന്നു, അസിന്‍. പക്ഷേ എന്തുകൊണ്ടോ ആ സബ്‌ജെക്ട് മാറി, പിന്നീട് ഞാന്‍ പോയി ഫഹദിനെ വെച്ച് വേറെ പടം ചെയ്തു.

പിന്നീടൊരിക്കല്‍ രഞ്ജിത് എന്നെ വിളിച്ചിട്ട് എന്റെ അടുത്ത സിനിമയിലെ നായകന്‍ സുകുമാരന്‍ ചേട്ടന്റെ മകനാണെന്ന് പറഞ്ഞു. ഫാസില്‍ ഇന്റര്‍വ്യു ചെയ്തയാളല്ലേ എങ്ങനെയുണ്ടെന്നും എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ഗംഭീരമായിരിക്കുമെന്ന്.

ആ അവസരത്തില്‍ തന്നെ സത്യന്‍ അന്തിക്കാടും എന്നെ വിളിച്ചു. എന്റെ സിനിമയിലേക്ക് ഒരു കഥാ നായികയെ വേണം ഫാസിലിന്റെ പരിചയത്തില്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ അസിന്റെ പേര് പറഞ്ഞുകൊടുത്തു.

അങ്ങനെ ആ നിയോഗം സത്യന് കിട്ടി. സത്യനാണ് അസിനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്. പിന്നീട് അസിന്‍ ഇന്ത്യയില്‍ മുഴുവനും ഫേമസായി. അങ്ങനെ ചില നിമിത്തങ്ങളിലൂടെയാണ് ഞാനിവിടെ വന്നത്. ഇന്ന് പൃഥ്വിരാജിന് മൊമന്റോ കൊടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്,’ ഫാസില്‍ പറഞ്ഞു.

ഡിസംബര്‍ 22നാണ് കാപ്പ റിലീസ് ചെയ്യുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Content Highlight: fasil about prithviraj and asin