'ഇനി നിങ്ങള്‍ക്കായി എനിക്ക് ശബ്ദമുയര്‍ത്താനാവും'; മോചിപ്പിക്കപ്പെട്ട ഫാറൂഖ് അബ്ദുള്ളയുടെ ആദ്യ പ്രതികരണം ഇങ്ങനെ
national news
'ഇനി നിങ്ങള്‍ക്കായി എനിക്ക് ശബ്ദമുയര്‍ത്താനാവും'; മോചിപ്പിക്കപ്പെട്ട ഫാറൂഖ് അബ്ദുള്ളയുടെ ആദ്യ പ്രതികരണം ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Friday, 13th March 2020, 5:05 pm

ശ്രീനഗര്‍: സ്വതന്ത്രനായിരിക്കുന്നെന്നും ഇനി ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാനാവുമെന്നും വീട്ടുതടങ്കലില്‍നിന്നും മോചിപ്പിക്കപ്പെട്ട ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. ദല്‍ഹിയിലെത്തി പാര്‍ലമെന്റില്‍ കശ്മീരിനുവേണ്ടി ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്കിന്ന് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ ഇന്ന് സ്വതന്ത്രനായി. ഇപ്പോള്‍ എനിക്ക് ദല്‍ഹിയിലേക്ക് പോയി പാര്‍ലമെന്റില്‍ നിങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാവും’, ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

തന്റെ സ്വാതന്ത്രത്തിന് വേണ്ടി നിലകൊണ്ട ജമ്മുകശ്മീരിലെ എല്ലാ ജനങ്ങള്‍ക്കും രാജ്യമൊട്ടാകെയുള്ള നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘എല്ലാ നേതാക്കളെയും വിട്ടയക്കുന്നതിലൂടെ മാത്രമേ ഈ മോചനം പൂര്‍ണമാകൂ. എല്ലാവരെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഫാറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും നീളും. ഇരുവരും ആഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ