വാഹനം മന്ത്രി പുത്രന്‍ ഓടിച്ച് കയറ്റിയതെന്ന് കര്‍ഷകര്‍; പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ തീരുമാനം
national news
വാഹനം മന്ത്രി പുത്രന്‍ ഓടിച്ച് കയറ്റിയതെന്ന് കര്‍ഷകര്‍; പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd October 2021, 10:34 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കളക്ട്രേറ്റുകള്‍ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കി.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവമെന്നത് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അപകടത്തില്‍ എട്ട് പേര്‍ മരിച്ചെന്ന് ലഖിംപൂര്‍ എ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. നാല് പേര്‍ സമരത്തിന് എത്തിയ കര്‍ഷകരും നാല് പേര്‍ കാറിലുണ്ടായിരുന്നവരുമാണെന്നാണ് പൊലീസ് പറയുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

അപകടമുണ്ടായതോടെ ജില്ലയില്‍ പ്രതിഷേധം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. ‘ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പരിപാടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍ വഴിയരികില്‍ നില്‍ക്കുന്ന കര്‍ഷകരിലേക്ക് ഇടിച്ചുകയറുകയും 2 കര്‍ഷകര്‍ മരിക്കുകയും 8 കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.’ എന്നാണ് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Farmers say minister’s son drove vehicle; The decision to make the protest nationwide