പ്രളയപ്പാടത്ത് അധ്വാനം വിതച്ച് കരയാംപാടത്തുകാര്‍
ഹരിമോഹന്‍

തൃശ്ശൂര്‍ ജില്ലയുടെ നെല്ലറയാണ് കരയാംപാടം. കഴിഞ്ഞവര്‍ഷം കേരളത്തിന്റെ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും കുത്തിയൊലിച്ചുവന്ന പ്രളയത്തിനുപോലും തോല്‍പ്പിക്കാനാവാത്ത പോരാട്ടവീര്യമുണ്ട് ഈ പാടത്ത്. ഒരു തുണ്ട് ഭൂമി പോലും തരിശിടാന്‍ മടിക്കുന്ന കരയാംപാടത്തെ കര്‍ഷകരുടെ രാപകല്‍ ഇല്ലാത്ത അദ്ധ്വാനത്തിന്റെ ഫലം ഇവിടെക്കാണാം.

തൃശ്ശൂരിലെ വരന്തരപ്പിള്ളി പഞ്ചായത്തിലുള്ള കരയാംപാടം എന്ന ഗ്ര മത്തിലാണ് ഈ അതിജീവനം നടക്കുന്നത്. പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടം നേരിട്ടെങ്കിലും പിന്‍വാങ്ങാന്‍ ഒരുക്കമല്ലാത്ത 113 കര്‍ഷകര്‍ ഇന്നീ 90 ഏക്കര്‍ വരുന്ന പാടത്ത് നെല്ല് വിളയിക്കുകയാണ്. കര്‍ഷകസമിതി രൂപീകരിച്ച് പ്രളയാനന്തര കേരളം എങ്ങനെ നിര്‍മിക്കണമെന്നു കാണിച്ചു തരികയാണിവര്‍.

വിരിപ്പൂ കൃഷിയും മുണ്ടകനും കൊയ്തെടുത്താലും വെറുതെയിരിക്കാന്‍ അവര്‍ തയ്യാറല്ല. മൂന്നാം വിളയായി പച്ചക്കറികൃഷിയും അവര്‍ നടത്തും. രണ്ട് പൂ നെല്‍കൃഷിയും പിന്നീട് പച്ചക്കറിയും കൃഷി ചെയ്യുന്ന അപൂര്‍വം പാടശേഖരങ്ങളില്‍ ഒന്നാണ് കരയാംപാടം. കൂടാതെ പാടത്തോടു ചേര്‍ന്നുള്ള നൂറേക്കറോളം വരുന്ന നൂറുകണക്കിനു കര്‍ഷകരുടെ ഭൂമിയില്‍ തെങ്ങും കവുങ്ങും ജാതിയും കൃഷി ചെയ്യുന്നുണ്ട്.

വിശ്രമം പോലും ഇല്ലാതെ മുഴുവന്‍ സമയവും കൃഷിയെ സംരക്ഷിക്കുന്ന കരയാംപാടത്തെ കര്‍ഷകരുടെ ലാഭകണക്കും പ്രളയനന്തര കേരളത്തിന് ഊര്‍ജമാണ്.

വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ പാടശേഖര സമിതിയുടെ വിപണന കേന്ദ്രത്തിലൂടെയാണ് വില്‍പന നടത്തുന്നത്. കൂടുതലുള്ള ഉല്‍പന്നങ്ങള്‍ തൃശൂര്‍ മാര്‍ക്കറ്റിലെത്തിച്ചും അവര്‍ വിറ്റഴിക്കും.

ത്രിതല പഞ്ചായത്തിന്റെയും വരന്തരപ്പിള്ളി കൃഷി ഭവന്റെയും സഹായവും പിന്തുണയും ഇവര്‍ക്കുണ്ട്.

ഹരിതാഭമായ പാടശേഖരത്തിലെ കൃഷിരീതികള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ മാത്രമല്ല ഇവര്‍ വിജയിക്കുന്നത്. ഭൂമാഫിയകളുടെ കണ്ണുപെടാതെ പാടശേഖരത്തിന് സംരക്ഷണം ഒരുക്കാനും അവര്‍ക്കു കഴിയുന്നുണ്ട്.

ഹരിമോഹന്‍
കേരള മീഡിയ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം, 2016 മുതല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായിരുന്നു. നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍