'മെസിയുടെ എല്ലാ നഷ്ടത്തിനും കാരണം അയാളാണ്, അത് കാരണമാണ് മെസിക്ക് ഈ ഗതിയുണ്ടായത്; ട്വിറ്ററില്‍ കോച്ചിനെതിരെ ആഞ്ഞടിച്ച് ആരാധകര്‍
Football
'മെസിയുടെ എല്ലാ നഷ്ടത്തിനും കാരണം അയാളാണ്, അത് കാരണമാണ് മെസിക്ക് ഈ ഗതിയുണ്ടായത്; ട്വിറ്ററില്‍ കോച്ചിനെതിരെ ആഞ്ഞടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th August 2022, 9:38 am

 

ലീഗ് വണ്‍ ഈ സീസണ്‍ മികച്ച രീതിയിലാണ് ലയണല്‍ മെസി ആരംഭിച്ചിരിക്കുന്നത്. പി.എസ്.ജിയുടെ കൂടെ മൂന്ന് മത്സരത്തിലും വിജയിച്ച താരം മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെക്കുന്നത്. മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് ഗോളും രണ്ട് അസിസ്റ്റും മെസി ഇതുവരെ നേടിയിട്ടുണ്ട്.

ബാഴ്‌സയിലെ സുവര്‍ണ കാലത്തെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലായിരുന്നു മെസി പി.എസ്.ജിയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമൊന്നും കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലുമെല്ലാം ഗോള്‍ നേടാന്‍ വിഷമിക്കുന്ന മെസിയെയായിരുന്നു കഴിഞ്ഞ സീസണില്‍ കണ്ടത്. ഈ മോശം ഫോം കാരണം ബാലണ്‍ ഡി ഓര്‍ 30 അംഗ ലിസ്റ്റില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. 15 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു മെസി ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ നിന്നും പുറത്തായത്.

ഇത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ലാലീഗയില്‍ നിന്നും പി.എസ്.ജിയിലെത്തിയ മെസി ഒട്ടും സ്വാതന്ത്രമില്ലാതെയായിരന്നു കളിച്ചത്. അപ്പോഴത്തെ കോച്ചായ പൊച്ചറ്റീനോയെയായിരുന്നു ആരാധകര്‍ ഇതിനെല്ലാം പഴിച്ചത്.

എന്നാല്‍ പുതിയ കോച്ച് ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. പഴയ ഫോമിലുള്ള മെസിയെ കാണാന്‍ ആരാധകരും ഇഷ്ടപ്പെടുന്നു. ഇതിനു പിന്നാലെ വീണ്ടും ആരാധകര്‍ തിരിഞ്ഞിരിക്കുന്നത് മുന്‍ കോച്ചിനെതിരെയാണ്.

പൊച്ചെറ്റീനോക്ക് മെസിയെ എങ്ങനെ ഉപയോഗിക്കണമെന്നറിയില്ലെന്നും മെസിയുടെ ഒരു വര്‍ഷം അദ്ദേഹമാണ് കളഞ്ഞതെന്നുമാണ് ആരാധകര്‍ പറയുന്നത്. നെയ്മറേയും മെസിയേയുമൊന്നും അദ്ദേഹം മര്യാദക്ക് ഉപയോഗിച്ചില്ലെന്നും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നു.

കുറേ കാലത്തിന് ശേഷമാണ് പി.എസ്.ജി. യു.സി.എല്‍ പോരാടാനുള്ള ഒരു ടീമായെങ്കിലും മാറുന്നതെന്നും ആരാധകര്‍ പറയുന്നത്.

Content Highlight: Fans Slams Pochetino after Messi’s Excellent performance in New season of ligue One