മെസിയെ അവഗണിച്ചതിന് അവന്‍ പരസ്യമായി മാപ്പ് പറയാതെ വിടാന്‍ പോണില്ല; പി.എസ്.ജി ഡിഫന്‍ഡറെ വളഞ്ഞിട്ടാക്രമിച്ച് ആരാധകര്‍
Football
മെസിയെ അവഗണിച്ചതിന് അവന്‍ പരസ്യമായി മാപ്പ് പറയാതെ വിടാന്‍ പോണില്ല; പി.എസ്.ജി ഡിഫന്‍ഡറെ വളഞ്ഞിട്ടാക്രമിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th October 2022, 11:45 am

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി എതിരില്ലാത്ത ഒരു ഗോളിന് ഒളിമ്പിക്വെ ഡി മാഴ്‌സിലെയെ തോല്‍പിച്ചിരുന്നു. ആദ്യ പകുതിയുടെ അധിക നിമിഷത്തില്‍ സൂപ്പര്‍ താരം നെയ്മരാണ് പി.എസ്.ജിക്കായി വലകുലുക്കിയത്.

കഴിഞ്ഞ ദിവസത്തെ വിജയത്തോടെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും പി.എസ്.ജിക്ക് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ അത്രകണ്ട് തൃപ്തരായിരുന്നില്ല.

പി.എസ്.ജി പ്രതിരോധ താരം ഹാക്കിമിയുടെ പ്രകടനമായിരുന്നു ആരാധകരെ ഏറ്റവുമധികം ചൊടിപ്പിച്ചത്. മെസിക്ക് പാസ് നല്‍കാതെ നിരന്തരമായി എംബാപ്പെക്ക് മാത്രം പാസ് നല്‍കിയതോടെയാണ് ആരാധകര്‍ കലിപ്പായിരിക്കുന്നത്.

റയലിന്റെ മുന്‍ ഫുള്‍ ബാക്കായിരുന്ന ഹാക്കിമി നിരവധി തവണയാണ് മത്സരത്തില്‍ ഉടനീളം മെസിയെ അവഗണിക്കുന്ന നിലപാട് തുടര്‍ന്നത്.

ഇതിന് പിന്നാലെയാണ് ആരാധകര്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഹാക്കിമിയെ പരസ്യവിചാരണ നടത്തിയത്.

എംബാപ്പെ പ്രതിരോധത്തിലാവുന്ന സമയം വരെ ഹാക്കിമി മെസിയെ അവഗണിക്കുകയായിരുന്നുവെന്നും അവന്‍ മെസിക്കൊപ്പം കളിക്കാന്‍ യോഗ്യനല്ലെന്നും ആരാധകര്‍ പറയുന്നു.

 

സീസണില്‍ 16 മത്സരം കളിച്ച ഹാക്കിമി രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയത്.

2021ല്‍ ഇന്റര്‍മിലാനില്‍ നിന്നുമായിരുന്നു താരം പി.എസ്.ജിയിലെത്തിയത്. അന്നുമുതല്‍ ലീഗ് വണ്‍ വമ്പന്‍മാര്‍ക്കായി 56 മത്സരം കളിച്ച താരം ആറ് ഗോളും എട്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയത്.

അതേസമയം, പി.എസ്.ജി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും രണ്ട് സമനിലയുമടക്കം 29 പോയിന്റാണ് പി.എസ്.ജിക്കുള്ളത്.

11 മത്സരത്തില്‍ നിന്നും എട്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 26 പോയിന്റുമായി ലോറിയന്റാണ് രണ്ടാം സ്ഥാനത്ത്.

ഒക്ടോബര്‍ 22നാണ് ലീഗ് വണ്ണില്‍ പി.എസ്.ജിയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ 18ാം സ്ഥാനത്തുള്ള അയാക്‌സിയോ ആണ് എതിരാളികള്‍.

 

Content highlight: Fans slams Achraf Hakimi for ignoring Lionel Messi