കപ്പടിച്ചത് ഇന്ത്യ, തോറ്റത് ലങ്ക; ട്രോള്‍ മൊത്തം ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനും ആര്‍.സി.ബിക്കും!
Asia cup 2023
കപ്പടിച്ചത് ഇന്ത്യ, തോറ്റത് ലങ്ക; ട്രോള്‍ മൊത്തം ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനും ആര്‍.സി.ബിക്കും!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th September 2023, 8:44 pm

 

കഴിഞ്ഞ ദിവസം ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ചുകൊണ്ട് ഇന്ത്യ കിരീടം ചൂടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇന്ത്യ വെറും 37 പന്തില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ മത്സരം വിജയിക്കുകയായിരുന്നു.

മത്സരം തോല്‍ക്കുന്ന ടീമിനും മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമിനും, ജയിച്ച ടീമിന് വരെ ട്രോളുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഒരു മത്സരത്തിലെ പ്രകടനങ്ങളും സാഹചര്യങ്ങളും കാരണം പണ്ടുണ്ടായ നാണക്കേടിന് ട്രോളുകള്‍ ലഭിക്കുന്നത് അപൂര്‍വമായ കാര്യമാണ്. അത്തരത്തിലുള്ള ചര്‍ച്ചകളാണ് ഇന്ത്യ-ലങ്ക മത്സരങ്ങള്‍ക്കിടയിലും അതിന് ശേഷവും നടന്നുകൊണ്ടിരുന്നത്.

ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും ബ്രസീല്‍ ടീമിനുമാണ് ഇന്ത്യ-ലങ്ക മത്സരത്തിന് ശേഷം ട്രോളുകള്‍ ലഭിക്കുന്നത്.

ലങ്കയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു ഏഷ്യാ കപ്പ് ഫൈനല്‍ അരങ്ങേറിയത്. തിങ്ങിനിറഞ്ഞ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ശ്രീലങ്ക ആദ്യ ഓവര്‍ മുതല്‍ തകരുകയായിയിരുന്നു. നാണംകെട്ട തോല്‍വിയായിരുന്നു ഫൈനലില്‍ ലങ്കയുടേത്.

ഇതിന് മുമ്പ് സ്വന്തം കാണികളുടെ മുന്നില്‍ ഇത്രയും നാണംകെട്ട സ്‌പോര്‍ട്ട്‌സ് ടീം ബ്രസീലാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. 2014 ബ്രസീലില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ബ്രസീല്‍ സ്വന്തം കാണികളുടെ മുമ്പില്‍ നാണംകെട്ട് തോറ്റുപുറത്തായിരുന്നു.

സെമിഫൈനലില്‍ ആ ലോകകപ്പിലെ ചാമ്പ്യന്‍മാരായി മാറിയ ജര്‍മനിയോട് ഏഴ് ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. അന്ന് ഏറെ ട്രോളുകളാണ് ബ്രസീലിനെ തേടിയെത്തിയത്. അതുപോലെയാണ് ലങ്ക സ്വന്തം കാണികളുടെ മുമ്പില്‍ അടിയറവ് പറഞ്ഞതെന്നാണ് ആരാധകര്‍ ട്രോളിയത്. ഒരു തരത്തിലും മത്സരത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ സമ്മതിക്കാതെയുള്ള ഡോമിനന്റായിട്ടുള്ള വിജയമായിരുന്നു ഇന്ത്യയും ജര്‍മനിയും നേടിയത്.

ലങ്കയുടെ ലോ സ്‌കോറിനെ ആരാധകരെ എത്തിച്ചത് മറ്റൊരു പ്രസിദ്ധമായ തകര്‍ച്ചയിലേക്കായിരുന്നു. 2017 ഐ.പി.എല്ലില്‍ 49 റണ്‍സിന് ഓള്‍ഔട്ടായ ആര്‍.സി.ബിയുടെ സ്‌കോര്‍. ലങ്കയുടെ തകര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ആരാധകര്‍ ആര്.സി.ബിയെ കടത്തുമോ എന്ന ചര്‍ച്ച ആരംഭിച്ചിരുന്നു. അവസാനം ലങ്ക 50 റണ്‍സിലെത്തിയപ്പോള്‍ ആര്‍.സി.ബിയുടെ സ്‌കോര്‍ സേഫാണെന്ന് ഫാന്‍സ് കളിയാക്കി.

ലങ്ക നേടിയ അവസാന ആറ് റണ്‍സ് വിരാടിന്റെ ഓവര്‍ ത്രോയിലൂടെയായിരുന്നു. വിരാട് ആര്‍.സി.ബിയുടെ റെക്കോഡ് തകര്‍ക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഒരുപാട് പേര്‍ കമന്റ് ചെയ്തത്.

എന്തായാലും ആര്‍.സി.ബിയുടെയും ബ്രസീലിന്റെയും തോല്‍വികള്‍ ആരാധകര്‍ മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ ട്രെന്‍ഡ്.

Content Highlight: fans remembers and Trolls Brazil Football team And Rcb after India winning asia cup