സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിക്കണം; മുറവിളി കൂട്ടി ആരാധകര്‍
Sports
സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിക്കണം; മുറവിളി കൂട്ടി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd November 2022, 5:39 pm

ന്യൂസിലാന്‍ഡുമായുള്ള മൂന്നാം മത്സരം മഴയില്‍ മുങ്ങിയതോടെ സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ഒരു ജയത്തോടെ ഇന്ത്യ ടി-20 പരമ്പര സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ പതറിപ്പോയ മാച്ചായിരുന്നു ഇത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് പതിയെ ആണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലനെ നഷ്ടമായി. വൈകാതെ മാര്‍ക് ചാപ്മാനും ക്രീസ് വിട്ടു.

പിന്നീട് ഡേവണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച പാര്‍ട്ണര്‍ഷിപ്പ് പുറത്തെടുത്തു. ഇരുവരുടെയും അര്‍ധ സെഞ്ച്വറികള്‍ ടീം സ്‌കോര്‍ 160ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ അടിപതറിയ ന്യൂസിലാന്‍ഡിന് 2 പന്തുകള്‍ ശേഷിക്കേ മുഴുവന്‍ വിക്കറ്റും നഷ്ടമായി.

 

 

ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും ഇഷ്ടം പോലെ റണ്‍ വഴങ്ങിയ മാച്ചില്‍ മുഹമ്മദ് സിറാജ് മാത്രം വേറിട്ട് നിന്നു. നാല് ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് താരം കൊയ്തത്. അര്‍ഷ്ദീപ് നാല് വിക്കറ്റ് എടുത്തെങ്കിലും 37 റണ്‍സും വിട്ടുനല്‍കിയിരുന്നു.

ബാറ്റര്‍മാരും നിരാശ പെടുത്തുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പതറിപ്പോയിരുന്നു.

ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും റിഷബ് പന്തും പത്തും പതിമൂന്നും റണ്‍സ് എടുത്ത് മടങ്ങി. ടി-20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാറിനും കാര്യമായൊന്നും ചെയ്യാനായില്ല. 13 റണ്‍സ് എടുത്ത് സ്‌കൈയും, ഡക്കായി ശ്രേയസ് അയ്യരും മടങ്ങിയ മാച്ചില്‍ ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. 18 ബോളില്‍ നിന്നും 30 റണ്‍സാണ് ഹര്‍ദിക് നേടിയത്.

ഇങ്ങനെ ഇന്ത്യയുടെ സ്‌കോര്‍ 75/4 ല്‍ നില്‍ക്കുമ്പോഴാണ് മഴയുടെ വരവ്. ആദ്യം മത്സരം കുറച്ച് സമയത്തേക്ക് നിര്‍ത്തി വെച്ചെങ്കിലും പിന്നീട് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ഒരു വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

മാച്ചിന് പിന്നാലെ സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ അവസരം നല്‍കാത്തതിലെ വിമര്‍ശനവും കൂടുതല്‍ ശക്തമായിരിക്കുകയാണ്. മത്സരം തുടങ്ങുന്നതിന് മുമ്പേ തന്നെ ഈ വിമര്‍ശനങ്ങളുണ്ടായിരുന്നു. മൂന്ന് മാച്ചിലും സഞ്ജുവിനെ ഇറക്കാത്തതോടെ കടുത്ത പ്രതിഷേധത്തിലാണ് ആരാധകര്‍.

ഫോം ഔട്ടായി നില്‍ക്കുന്ന റിഷഭ് പന്തിന് തന്നെ അവസരം നല്‍കിയതിനെ ചോദ്യം ചെയ്തുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. അവസാന മാച്ചിലും താരം മോശം പ്രകടനം നടത്തിയതോടെ ഇത് രൂക്ഷമായിരിക്കുകയാണ്.

ട്വിറ്ററില്‍ സഞ്ജുവിനോടും ബി.സി.സി.ഐയോടും മറ്റൊരു ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. കളിക്കാന്‍ അവസരം നല്‍കാത്ത രീതി തുടരുന്ന സാഹചര്യത്തില്‍ ഇനി ടീമില്‍ തുടരേണ്ടതില്ലെന്നും വിരമിക്കണമെന്നുമാണ് സഞ്ജുവിനോട് പലരും ആവശ്യപ്പെടുന്നത്.

ബി.സി.സി.ഐയോടും ഇവര്‍ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. 2015ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച മികച്ച കളിക്കാരന് കളിക്കാന്‍ പോലും അവസരം നല്‍കാതെ ഇങ്ങനെ ക്രൂരത തുടരുന്നതിലും നല്ലത് വിരമിക്കാന്‍ പറയുന്നതല്ലേയെന്നാണ് ഇവരുടെ ചോദ്യം.

Content Highlight: Fans ask Sanju Samson to retire as he is not getting any chance to play