നന്മയുള്ള ലോകമേ... ഗേള്‍ഫ്രണ്ടുമായി ഡേറ്റിന് പോകാന്‍ 300 രൂപ ചോദിച്ച് ആരാധകന്‍ 500 കൊടുത്ത് സൂപ്പര്‍ താരം
Sports News
നന്മയുള്ള ലോകമേ... ഗേള്‍ഫ്രണ്ടുമായി ഡേറ്റിന് പോകാന്‍ 300 രൂപ ചോദിച്ച് ആരാധകന്‍ 500 കൊടുത്ത് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th September 2022, 8:56 pm

ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അമിത് മിശ്ര. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടിയും ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് അടക്കമുള്ള ടീമുകള്‍ക്ക് വേണ്ടിയും പന്തെറിഞ്ഞിട്ടുള്ള താരമാണ് അമിത് മിശ്ര.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ തരംഗമാവുന്നത്. തന്റെ ഗേള്‍ഫ്രണ്ടിനൊപ്പം ഡേറ്റിന് പോകാന്‍ 300 രൂപ ആവശ്യപ്പെട്ട ആരാധകന് 500 രൂപ അയച്ചുനല്‍കിയാണ് അമിത് മിശ്ര ഒരിക്കല്‍ക്കൂടി ചര്‍ച്ചകളുടെ ഭാഗമായത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചപ്പോഴുള്ളതിനേക്കാള്‍ ആരാധകരെയാണ് സോഷ്യല്‍ മീഡിയ വഴി അമിത് മിശ്ര സമ്പാദിച്ചത്. അത്തരത്തിലൊരു ആരാധകനാണ് താരമിപ്പോള്‍ പണം നല്‍കിയിരിക്കുന്നത്.

റോഡ് സേഫ്റ്റി ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ സുരേഷ് റെയ്‌നയുടെ പ്രകടനം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിരമിച്ചതിന് ശേഷം താരം കളിക്കുന്ന ആദ്യ ടൂര്‍ണമെന്റ് എന്ന നിലയിലും റെയ്‌നയുടെ പ്രകടനത്തില്‍ താരങ്ങളും ആരാധകരും ആവേശഭരിതരാണ്.

മത്സരത്തിനിടെ റെയ്‌ന ഒരു ആക്രോബാക്ടിക് ക്യാച്ച് ചെയ്തിരുന്നു. ഈ ക്യാച്ചിനെ അഭിനന്ദിച്ച് മിശ്ര പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘ഭായ് @imraina, എനിക്ക് നിങ്ങളുടെ ടൈം മെഷീന്‍ കടം തരുമോ? പഴയതുപോലെ തന്നെ നിങ്ങള്‍ ഫീല്‍ഡ് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ രോമാഞ്ചമുണ്ടാവുന്നു,’ എന്നായിരുന്നു റെയ്‌നയെ പുകഴ്ത്തി താരം ട്വീറ്റ് പങ്കുവെച്ചത്.

താരത്തിന്റെ ഈ ട്വീറ്റിന് റിയാക്ട് ചെയ്തുകൊണ്ടാണ് ഒരു ആരാധകന്‍ തന്റെ ഗേള്‍ഫ്രണ്ടിനൊപ്പം ഡേറ്റിന് പോകാന്‍ 300 രൂപ നല്‍കാന്‍ അപേക്ഷിച്ചത്. ഇതിനൊപ്പം ഇയാള്‍ തന്റെ യു.പി.ഐ ഐ.ഡിയും നല്‍കിയിരുന്നു.

ഇയാള്‍ക്ക് മിശ്ര 500 രൂപ നല്‍കുകയായിരുന്നു. ‘താങ്കളുടെ ഡേറ്റിന് എല്ലാ വിധ ആശംസകളും’ എന്ന് കുറിച്ചുകൊണ്ട് ട്രാന്‍സാക്ഷന്റെ സ്‌ക്രീന്‍ഷോട്ടും മിശ്ര പങ്കുവെച്ചിരുന്നു.

നിരവധി ആളുകളാണ് മിശ്രക്ക് അഭിനന്ദനമറിയിച്ചും ആരാധകന്റെ ഡേറ്റിന് ആശംസറിയിച്ചും രംഗത്തെത്തിയിരിക്കുന്നത്.

 

 

Content Highlight:  Fan asks Amit Mishra for Rs 300 to take girlfriend on date, spinner sends Rs 500