അട്ടപ്പാടി മധു കേസില്‍ കൃത്യമായ തെളിവുകള്‍ ധരിപ്പിക്കുന്നില്ല; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം
Kerala News
അട്ടപ്പാടി മധു കേസില്‍ കൃത്യമായ തെളിവുകള്‍ ധരിപ്പിക്കുന്നില്ല; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th June 2022, 2:42 pm

തിരുവനന്തപുരം: അട്ടപ്പാടിയിലെ മധു വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി കുടുംബം. കൃത്യമായ തെളിവുകള്‍ വേണ്ട രീതിയില്‍ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

പുതിയ പ്രോസിക്യൂട്ടര്‍ വരുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് കാട്ടി കോടതി ഹരജി തള്ളി.

ഫലപ്രദമായി കേസ് വാദിക്കാന്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് കഴിയുന്നില്ലെന്ന് കാട്ടി മധുവിന്റെ അമ്മയും സഹോദരിയുമാണ് മണ്ണാര്‍ക്കാട് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

കേസില്‍ മുമ്പ് നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാരും ഫീസും മറ്റ് ആനൂകുല്യങ്ങളും ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പിന്‍മാറിയിരുന്നു.

പൊലിസ് ഭീഷണിക്ക് വഴങ്ങി ആണ് ആദ്യം മൊഴി നല്‍കിയതെന്നാണ് പതിനൊന്നാം സാക്ഷി ചന്ദ്രന്‍ കോടതിയില്‍ പറഞ്ഞത്.

2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നീളുന്നതില്‍ മധുവിന്റെ കുടുംബം കടുത്ത പ്രതിഷേധത്തിലാണ്.

കേസില്‍ തുടക്കം മുതല്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടുമാസം മുന്‍പ് വി.ടി രഘുനാഥ് കത്ത് നല്‍കിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല.

തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികള്‍ ആരംഭിക്കുകയായിരുന്നു.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി മധുവിന്റെ കുടുംബം നേരത്തെയും രംഗത്തെത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു.

സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ടുവന്നത്.

Content Highlights: Family demands change of public project in Madhu murder case in Attappadi