കൊല്ലത്ത് ഓഖിക്ക് സമാനമായി കടല്‍ കയറുമെന്ന് വ്യാജ സന്ദേശം; കര്‍ശന നടപടിയെന്ന് കലക്ടര്‍
kERALA NEWS
കൊല്ലത്ത് ഓഖിക്ക് സമാനമായി കടല്‍ കയറുമെന്ന് വ്യാജ സന്ദേശം; കര്‍ശന നടപടിയെന്ന് കലക്ടര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 6:56 pm

കൊല്ലം: കൊല്ലം ജില്ലയില്‍ സുനാമി വരാന്‍ സാധ്യതയുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ജില്ലയില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നും ഓഖി ചുഴലിക്കാറ്റിന് സമാനമായി കടല്‍ കയറുമെന്നുള്ള വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. പി.ആര്‍.ഡി, ഫിഷറീസ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ളവയിലൂടെയാണ് പ്രചരണം നടക്കുന്നത്. രണ്ട് ദിവസമായി വ്യാജ സന്ദേശം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിറ്റി പൊലീസ് കമ്മീഷണറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ കലക്ടറുടെ ‘കലക്ടര്‍ കൊല്ലം’ ഫെയ്‌സ്ബുക്ക് പേജിലും ‘പി.ആര്‍.ഡി കൊല്ലം’ എന്ന ഫെയ്‌സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ആധികാരിക സ്വഭാവത്തിലുള്ളതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിലും വ്യാജന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മഴക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന അക്കൗണ്ട് അഡ്രസ്സ് സൃഷ്ടിച്ചാണ് വ്യാജന്‍ രംഗത്തെത്തിയിരിക്കുന്നത്.