ഇപ്പോള്‍ പൊളിയുന്ന ഒരു നുണയേക്കാള്‍ ശക്തമായ മറ്റൊരു നുണ അണിയറയില്‍ ഒരുങ്ങും
FB Notification
ഇപ്പോള്‍ പൊളിയുന്ന ഒരു നുണയേക്കാള്‍ ശക്തമായ മറ്റൊരു നുണ അണിയറയില്‍ ഒരുങ്ങും
പ്രമോദ് പുഴങ്കര
Saturday, 3rd November 2018, 6:18 pm

വ്യാജവാര്‍ത്തകളെപ്പോലെ, ഹിംസാത്മകമായ നുണകളെപ്പോലെ വര്‍ഗീയ, ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം കളിക്കുന്ന മറ്റൊരു കളിയില്ല. അത് ഒരു സംഭവത്തില്‍ നിന്നും ഒരു നുണയെ ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്. അങ്ങനെ മറ്റു പലര്‍ക്കും ചെയ്യാനാവുന്നതാണ്. എന്നാല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ആദ്യം ഒരു നുണയുണ്ടാക്കുകയും അതിലേക്ക് സംഭവങ്ങളെ നിറയ്ക്കുകയും ചെയ്യുന്നു. ഏതു സംഭവവും പാകമാകുന്ന ഒരു വലിയ നുണ സൃഷ്ഠിക്കുകയാണ് ഫാഷിസത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. അതിലേക്കു പാകമാകുന്ന സംഭവങ്ങള്‍ പിന്നീടാണുണ്ടാകുന്നത്.

അതുകൊണ്ടാണ് പത്തനംതിട്ടയില്‍ കാണാതായ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിയുമ്പോള്‍, അയാള്‍ ഒരു ഹിന്ദുവാണെന്നും അങ്ങനെയെങ്കില്‍ അയ്യപ്പഭക്തനാണെന്നും, അയ്യപ്പഭക്തനെങ്കില്‍ അയാള്‍ വിശ്വാസികളെ വേട്ടയാടിയ പിണറായി പൊലീസിന്റെ അടിയേറ്റ് മാത്രമാണ് കൊല്ലപ്പെട്ടിരിക്കുക എന്നും വളരെ ആത്മവിശ്വാസത്തോടെ സംഘപരിവാറിന് പ്രചരിപ്പിക്കാന്‍ കഴിയുന്നത്. ഒരു വിശ്വാസി കൊല്ലപ്പെടും എന്നത് അവര്‍ നിര്‍മ്മിച്ചെടുത്ത നുണയിലെ ഒരു ഘടകമാണ്. അത്തരത്തില്‍ ഏതു സംഭവത്തിനും കയറിയിരിക്കാന്‍ പാകത്തില്‍ അവര്‍ രൂപപ്പെടുത്തിയതാണ് ശരിക്കുള്ള നുണ. അതൊരു സംഭവം മാത്രമല്ല, അതൊരു സാമൂഹ്യശരീരമാണ്.

Read Also : “ഇവരുടെ പാരമ്പര്യം തന്നെയിതാണ് ; സംഘപരിവാറിന്റെ വര്‍ഗീയ കലാപ ശ്രമങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ശ്രീചിത്രന്‍

ഇത്തരത്തില്‍ വാസ്തവമാണെന്നു ധരിക്കുന്ന ഒരു വ്യാജബോധത്തെ, വ്യാജയാഥാര്‍ത്ഥ്യത്തെ, കപടാവബോധത്തെ ഉണ്ടാക്കിയെടുക്കുന്നതാണ് ഫാഷിസത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. തങ്ങളാരാണ് എന്നത് സ്ഥാപിക്കച്ചെടുക്കുന്നതിലാണ് ഫാഷിസ്റ്റുകളുടെ ഏറ്റവും വലിയ വ്യാജനിര്‍മ്മിതി. എന്താണോ തങ്ങള്‍ അതിനെ പൂര്‍ണമായും മറച്ചുവെച്ചുകൊണ്ടാണ് ഫാഷിസം അതിന്റെ രംഗപ്രവേശം നടത്തുന്നത്. അത് പ്രകടിപ്പിക്കുന്ന ക്ഷോഭം മുഴുവന്‍ അതിന്റെ തന്നെ സ്വഭാവവിശേഷങ്ങള്‍ക്കും വര്‍ഗ്ഗതാത്പര്യങ്ങള്‍ക്കും എതിരായിരിക്കും. ഇറ്റലിയില്‍ മുസോളിനിയും ജര്‍മ്മനിയില്‍ ഹിറ്റ്ലറും ഷീശി joint stock കമ്പനികളെ ദേശസാത്കരിക്കും എന്നുപോലുള്ള വമ്പന്‍ സോഷ്യലിസ്റ്റ് പ്രഖ്യാപനങ്ങളാണ് നടത്തിയത്. അധികാരത്തിലെത്തിയപ്പോള്‍ നേരെ തിരിച്ചാണ് ചെയ്യുക എന്നത് ഫാഷിസ്റ്റുകള്‍ക്ക് പ്രശ്‌നമല്ല.

റാഞ്ചിയില്‍ 164 മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ട വര്‍ഗീയ ലഹള ഉണ്ടായത് ഉറുദു അടിച്ചേല്‍പ്പിക്കുന്നു എന്ന പ്രചാരണത്തിനും പ്രതിഷേധത്തിനും ഇടയിലാണ്. ഉറുദുവിനെതിരെ എന്തിനാണ് മുസ്ലീങ്ങ്ങളെ കൊല്ലുന്നത് എന്ന ചോദ്യം ആരും ചോദിച്ചില്ല. ഉറുദു മുസ്‌ലീങ്ങളുടേതാണ് എന്നും എല്ലാ മതക്കാരും ഉപയോഗിക്കുന്ന ഒരു ഭാഷയുടെ പേരില്‍ ഒരു വിഭാഗം ആളുകള്‍ മാത്രം കൊല്ലപ്പെടണമെന്നുമുള്ള വിചിത്രമായ യുക്തിക്കു കയറിയിരിക്കാന്‍ പാകപ്പെടുന്ന ഒരു സാമൂഹ്യശരീരത്തെ നിര്‍മ്മിച്ചിരുന്നു അപ്പോഴേക്കും. അതിനുള്ളില്‍ പിന്നെ എത്ര മുസ്‌ലിം ശവശരീരങ്ങളെയും കയറ്റിവെക്കാം.

Read Also : കേരളം കത്തുമെന്ന് ശ്രീധരന്‍പിള്ള അന്നേ പറഞ്ഞതാണ്: ഹര്‍ത്താല്‍ നടത്തി കലാപത്തിന് കോപ്പുകൂട്ടുന്ന സംഘപരിവാറിനെ തുറന്നുകാട്ടി ഹരീഷ് വാസുദേവന്‍

ശത്രുവിനെ ഉണ്ടാക്കുന്നതാണ് നുണ. ആ നുണയ്ക്കുള്ളിലാണ് സംഭവങ്ങള്‍ ചേര്‍ത്തുവെക്കപ്പെടുന്നത്. ഹിന്ദു ആക്രമിക്കപ്പെടുന്നു എന്നും മതം ഭീഷണിയിലാണ് എന്നുമാണ് നുണ. അതിനുള്ളില്‍ എത്ര ഗുണ്ടകളെയും വിശ്വാസികളായി കയറ്റിയിരുത്താം. അപ്പോള്‍ ഒരു സംഭവത്തെ നുണയാക്കി വ്യാജവാര്‍ത്തയാക്കി അവതരിപ്പിക്കുന്നത് ഒരു സ്വാഭാവിക ധര്‍മ്മമായി മാറുന്നു. ഈ നുണയുടെ സാമൂഹ്യശരീര നിര്‍മ്മിതിയെ എങ്ങനെ നേരിടാന്‍ എന്നതാണ് ഒരു ജനാധിപത്യ സമൂഹം നേരിടുന്ന വെല്ലുവിളി. അല്ലെങ്കില്‍ ഇപ്പോള്‍ പൊളിയുന്ന ഒരു നുണയേക്കാള്‍ ശക്തവും വിശ്വസനീയവുമായ മറ്റൊരു നുണ അണിയറയില്‍ ഒരുങ്ങും. അല്പംകൂടി കഴിഞ്ഞാല്‍ ആരും പ്രചരിപ്പിക്കാതെ തന്നെ നുണകള്‍ സംഭവങ്ങളാവുകയും അവ തര്‍ക്കങ്ങള്‍ക്ക് പോലും ഇടയില്ലാത്തവിധത്തില്‍ സ്വാഭാവികമാവുകയും ചെയ്യും.

അവിടെവെച്ച് ഫാഷിസം സമൂഹവുമായുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു. പിന്നീട് നിങ്ങള്‍ക്ക് മറവി ജീവിതമാവുകയും ഓര്‍മ്മ മരണമാവുകയും ചെയ്യും