കൊറോണ ബാധിച്ച് നടന്‍ മോഹന്‍ലാല്‍ മരിച്ചെന്ന് പ്രചാരണം; നടപടിയെടുക്കുമെന്ന് പൊലീസ്
COVID-19
കൊറോണ ബാധിച്ച് നടന്‍ മോഹന്‍ലാല്‍ മരിച്ചെന്ന് പ്രചാരണം; നടപടിയെടുക്കുമെന്ന് പൊലീസ്
ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 2:24 pm

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നടപടിയെടുക്കുമെന്ന് കേരള പെലീസ്. മോഹന്‍ലാല്‍ ഫാന്‍സ് നല്‍കിയ പരാതിയുടെ പുറത്താണ് നടപടി.

സമീര്‍ എന്ന വ്യക്തിയാണ് ഇത്തരത്തില്‍ പോസ്റ്റ് പങ്കുവെച്ചതെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് സ്റ്റേറ്റ് സെക്രട്ടറി വിമല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

മോഹന്‍ലാല്‍ മരിച്ചതായി അഭിനയിച്ച ഒരു സിനിമയിലെ സീനിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തായിരുന്നു ഇയാളുടെ പ്രചരണം. കേരളപൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 31 രാത്രി മുതലാണ് ഇയാള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയത്.

വിമല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

‘ഇയാളുടെ പേര് സമീര്‍. മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച്‌ കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച്‌ മരിച്ചു’ എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ഇയാള്‍ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.’