വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; മുവാറ്റുപുഴയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍
Kerala News
വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; മുവാറ്റുപുഴയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th April 2021, 10:42 pm

മൂവാറ്റുപുഴ: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ സഞ്ജിത് മൊണ്ടാല്‍ ആണ് പൊലീസ് പിടിയിലായത്.

സംസ്ഥാനത്തെ വിവിധ സ്വകാര്യ ലാബുകളുടെയും ആശുപത്രികളുടെയും പേരില്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. മൂവാറ്റുപുഴയിലെയും പരിസര പ്രദേശങ്ങളിലേയും അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കാണ് പ്രധാനമായും ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയിരുന്നത്.

മൂവാറ്റുപുഴ കീച്ചേരിപടിയില്‍ ട്രെയിന്‍, ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിങ് സ്ഥാപനം നടത്തുകയാണ് ഇയാള്‍. ഒരാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

മൂവാറ്റുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.

അതേസമയം കേരളത്തില്‍ ഇന്ന് പുതുതായി 35,013 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Fake Covid certificate production; West Bengal native arrested in Muvattupuzha