ശ്രദ്ധിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ 'വ്യാജന്‍'
Heavy Rain
ശ്രദ്ധിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ 'വ്യാജന്‍'
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 6:36 pm

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജനും. മഴക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന അക്കൗണ്ട് അഡ്രസ്സ് സൃഷ്ടിച്ചാണ് വ്യാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘keralacmdrf@sbi’ എന്നതാണ് യഥാര്‍ഥ അക്കൗണ്ട്. എന്നാല്‍ സമാനമായി ‘kerelacmdrf@sbi’ എന്ന അക്കൗണ്ട് അഡ്രസ്സിലാണ് വ്യാജന്‍. കേരളം എന്ന ഇംഗ്ലീഷ് വാക്കില്‍ ഇംഗ്ലീഷ് അക്ഷരമായ A-യ്ക്കു പകരം E എന്നാണു നല്‍കിയിരിക്കുന്നത്.

ഗൂഗിള്‍ പേ, യു.പി.ഐ എന്നിവ വഴി പണമയക്കുന്നവരെ ലക്ഷ്യമിട്ടാണ് അക്കൗണ്ടുള്ളത്. സന്ദീപ് സഭാജീത് യാദവ് എന്നയാളുടെ പേരിലാണ് അക്കൗണ്ട്.

എന്‍.സി.ഇ.ആര്‍.ടി.ഇയില്‍ റിസര്‍ച്ച് ഫെലോയായി രാജസ്ഥാനില്‍ ജോലി ചെയ്യുന്ന മലയാളി അഭിജിത് പാലൂരാണ് ഇക്കാര്യം വെളിച്ചത്തെത്തിച്ചത്.

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ഥന നടത്താതെ തന്നെ ഇന്നലെ ഒറ്റദിവസം കൊണ്ട് 2.55 കോടി രൂപയാണെത്തിയത്.

സര്‍ക്കാരിനു സംഭാവന നല്‍കരുതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണത്തിനെതിരെ പ്രമുഖരും രംഗത്തെത്തിയതോടെ കേരളം മഴക്കെടുതിയെ ഒറ്റക്കെട്ടായി അതിജീവിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങള്‍ വഴി തുടക്കമിട്ട സംഭാവന ചാലഞ്ചാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വീണ്ടും പണമൊഴുക്കു കൂട്ടിയത്. സാധാരണ 25 മുതല്‍ 35 ലക്ഷം രൂപ വരെയാണ് ദുരിതാശ്വാസ നിധിയിലേക്കു ദിവസേന എത്തുക. എന്നാല്‍, ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ വൈകിട്ടുവരെ 15,029 പേര്‍ ചെറുതും വലുതുമായ തുക സംഭാവന നല്‍കിയതോടെ ഒറ്റ ദിവസത്തെ വരവ് 1.60 കോടി കവിഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാം

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാം. >ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://donation.cmdrf.kerala.gov.in

ധന സെക്രട്ടറിയുടെ ഒപ്പോടു കൂടിയ രസീത് ഉടന്‍ ലഭിക്കും. ഈ രസീത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണു പലരും സംഭാവന ചാലഞ്ചില്‍ പങ്കെടുക്കുന്നത്. സംഭാവന ചെയ്യുന്ന തുകയ്ക്കു മുഴുവന്‍ ആദായ നികുതി കിഴിവ് ലഭിക്കും.