ഫഹദിന്റെ കണ്ണുകളില്‍ മയങ്ങി നെറ്റ്ഫ്‌ളിക്‌സും; സ്‌പെഷ്യല്‍ വീഡിയോ
Entertainment
ഫഹദിന്റെ കണ്ണുകളില്‍ മയങ്ങി നെറ്റ്ഫ്‌ളിക്‌സും; സ്‌പെഷ്യല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th April 2021, 3:13 pm

നടന്‍ ഫഹദ് ഫാസിലിന്റെ കണ്ണുകള്‍ക്ക് ആരാധകരേറെയാണ്. സന്തോഷവും സങ്കടവും ആകാംക്ഷയും ചതിയും ഭയവുമെല്ലാം കണ്ണുകളിലൂടെ പറയുന്ന നടനെന്നാണ് ഫഹദിനെ പലരും വിശേഷിപ്പിക്കാറ്.

വിവിധ ചിത്രങ്ങളിലെ ഫഹദിന്റെ കണ്ണുകള്‍ മാത്രം വരുന്ന ഷോട്ടുകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള വീഡിയോകള്‍ ആരാധകര്‍ ഇറക്കിയിട്ടുണ്ട്. ദേശീയ സിനിമാ മാധ്യമങ്ങളില്‍ വരെ നടന്റെ കണ്ണുകള്‍ കൊണ്ടുള്ള പ്രകടനത്തെ കുറിച്ച് എഴുത്തുകളും പല തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫഹദിന്റെ കണ്ണുകളുടെ ഫാന്‍സിന്റെ കൂട്ടത്തിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് ലോകത്തിലെ പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സാണ്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ഇരുള്‍ എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ചേര്‍ത്തു വെച്ചുകൊണ്ടാണ് ഫഹദിന്റെ കണ്ണുകളെ പുകഴ്ത്തി ചെറിയൊരു വീഡിയോ നെറ്റ്ഫ്‌ളിക്‌സ് ഇറക്കിയിരിക്കുന്നത്.

19 സെക്കന്റ് മാത്രമുള്ള വീഡിയോ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് ഇറങ്ങിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

സൈക്കോ ത്രില്ലറായ ഇരുളും ദിലീഷ് പോത്തന്റെ ചിത്രമായ ജോജിയുമാണ് ഫഹദിന്റെ ഒടുവില്‍ പുറത്തുവന്ന ചിത്രങ്ങള്‍. ജോജിയിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് നടന്‍ നേടിക്കൊണ്ടിരിക്കുന്നതും. ഇരുള്‍ വലിയ രീതിയില്‍ ചര്‍ച്ചയായെങ്കിലും മികച്ച നിലവാരം പുലര്‍ത്തുന്ന പ്രകടനം തന്നെയാണ് ചിത്രത്തില്‍ ഫഹദ് നടത്തുന്നതെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.


Content Highlight: Fahadh Faasil’s eyes in Irul movie special video by Netflix