എന്റെ ആ സിനിമകളൊന്നും ഇപ്പോള്‍ കാണുമ്പോള്‍ ഇഷ്ടപ്പെടാറില്ല; അത്രയൊന്നും അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും: ഫഹദ്
Movie Day
എന്റെ ആ സിനിമകളൊന്നും ഇപ്പോള്‍ കാണുമ്പോള്‍ ഇഷ്ടപ്പെടാറില്ല; അത്രയൊന്നും അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും: ഫഹദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 4:24 pm

ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയന്‍കുഞ്ഞ് ജൂലൈ 22 ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മണ്ണിടിച്ചില്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മണ്ണിടിച്ചിലും അതിന്റെ ഭീകരതയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയില്‍ തന്നെയാണ് ചിത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഫഹദിന്റെ ഒരു വണ്‍മാന്‍ ഷോ തന്നെയാണ് ചിത്രം. ഫഹദിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തിലേക്ക് മലയന്‍കുഞ്ഞിലെ അനിക്കുട്ടനേയും ഇനി ചേര്‍ത്തുവെക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. മലയന്‍കുഞ്ഞിനെ കുറിച്ചും തന്റെ ചില മുന്‍ കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഫഹദ് ഇപ്പോള്‍.

താന്‍ മുന്‍പ് ചെയ്ത ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിലെ തന്റെ പെര്‍ഫോമന്‍സ് ഇഷ്ടമാവാറില്ലെന്നാണ് ഫഹദ് പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇനിയുമേറെ നന്നാക്കാമായിരുന്നെന്ന് തോന്നിയ സിനിമകള്‍ ഉണ്ടായിരുന്നെന്ന് ഫഹദ് പറയുന്നത്.

ഫഹദ് എന്ന ബ്രാന്‍ഡിനെ ഫഹദ് ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ബ്രാന്‍ഡ് ഉള്ളതായിട്ട് താന്‍ വിശ്വസിക്കുന്നില്ലെന്നും താനുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും സ്വയം ആസ്വദിക്കാറില്ലെന്നുമായിരുന്നു ഫഹദിന്റെ മറുപടി.

‘ ഞാന്‍ ചെയ്ത നല്ല സിനിമകള്‍ ഇപ്പോള്‍ പോയി കാണുമ്പോള്‍ എന്റെ മിസ്‌റ്റേക്‌സ് മാത്രമേ എനിക്ക് കാണാന്‍ പറ്റുന്നുള്ളൂ. ഫഹദ് എന്ന ബ്രാന്‍ഡിനെയൊന്നും ഞാന്‍ എന്‍ജോയ് ചെയ്യുന്നില്ല. എങ്കില്‍ പോലും ചെയ്യാന്‍ പറ്റുന്ന സിനിമകളിലും ചെയ്ത സിനിമകളിലുമൊക്കെ എനിക്ക് ഹാപ്പിനെസ് ഉണ്ട്.

പിന്നീട് സിനിമ കാണുമ്പോള്‍ എന്തുകൊണ്ടാണ് ആ സന്തോഷം തോന്നാത്തത് എന്ന ചോദ്യത്തിന് താന്‍ മൂവ് ഓണ്‍ ചെയ്ത പോലെയാണ് തോന്നുന്നതെന്നായിരുന്നു ഫഹദിന്റെ മറുപടി. ഇന്നായിരുന്നെങ്കില്‍ അതിനെ വേറൊരു രീതിയില്‍ ചെയ്യാമെന്ന് തോന്നിയിട്ടുണ്ട്. അതേസമയം ആ സിനിമ ചെയ്യുന്ന സമയത്ത് തീര്‍ച്ചയായും ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള തീരുമാനത്തിലാണ് സിനിമ ചെയ്യുന്നത്.

എന്നാല്‍ കുറച്ചുകഴിയുമ്പോഴാണ് അങ്ങനെ അല്ലായിരുന്നു അത് പെര്‍ഫോം ചെയ്യേണ്ടത് ഇത്രയൊന്നും അഭിനയിക്കേണ്ട കാര്യമില്ലായിരുന്നു (ചിരി) എന്നൊക്കെ തോന്നുക. കൂടുതല്‍ അഭിനയിച്ചുപോയി എന്നൊക്കെ തോന്നും(ചിരി), ഫഹദ് പറഞ്ഞു.

മലയന്‍കുഞ്ഞ് എന്ന സിനിമ തന്നെ സംബന്ധിച്ച് ഒരു എക്‌സ്പീരിയന്‍സ് ആണെന്നും ഇതിന് മുന്‍പ് ഇങ്ങനെ ഒരു സിനിമ താന്‍ ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും ഫഹദ് പറഞ്ഞു. മണ്ണിടിച്ചില്‍ പ്രമേയമാണെങ്കിലും നല്ലൊരു കഥയും ഇത് പറയുന്നുണ്ട്. സെക്കന്റ് ഹാഫിന് വേണ്ടി ഒരു കഥ പറഞ്ഞുവെക്കുന്നുണ്ട്. ഈ പടം ചെയ്തുകഴിഞ്ഞപ്പോള്‍ ഒരു ഫ്രഷ് എക്‌സ്പീരിയന്‍സ് ആണ് തനിക്ക് കിട്ടിയതെന്നും ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil about Malayankunju movie and his previous roles