ഫഹദ്-ദിലീഷ് ചിത്രം ജോജിയുടെ ടീസര്‍ പുറത്ത്; കഥാപാത്രത്തെ കുറിച്ച് മനസുതുറന്ന് ഫഹദ്
Malayalam Cinema
ഫഹദ്-ദിലീഷ് ചിത്രം ജോജിയുടെ ടീസര്‍ പുറത്ത്; കഥാപാത്രത്തെ കുറിച്ച് മനസുതുറന്ന് ഫഹദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st March 2021, 11:45 am

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ജോജി’യുടെ ആദ്യ ടീസര്‍ പുറത്തെത്തി. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ഇത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ജോജി.
ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ എരുമേലി ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തന്റെ കഥാപാത്രത്തെക്കുറിച്ചും അവന്റെ യാത്രയെക്കുറിച്ചും അറിഞ്ഞ നിമിഷം, താന്‍ ഈ സിനിമയുടെ ഭാഗമാകണമെന്ന് ഉറപ്പിച്ചെന്നും അസാധാരണമായ ട്വിസ്റ്റുകളുള്ള സിനിമകള്‍ കാണാന്‍ തനിക്കും ഒരുപാട് ഇഷ്ട്ടമാണെന്നും ജോജിയില്‍ തീര്‍ച്ചയായും ഒരുപാട് സര്‍പ്രൈസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.

ജോജിയിലെ കഥാപാത്രമായി തീരുന്നതിന് ഞാന്‍ സമയമെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തെ രസകരവും ആകര്‍ഷകവുമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ആമസോണ്‍ പ്രൈം വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ചിത്രം ആസ്വദിക്കുമെന്ന് കരുതുന്നു, ഫഹദ് പറഞ്ഞു.

ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഇത്തരം കഥകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്താന്‍ ജോജിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍ പ്രതികരിച്ചു. ജോജി എന്ന ചിത്രത്തിലൂടെ ഫഹദിനൊപ്പം വീണ്ടും ഒന്നിക്കാനായതിന്റെ സന്തോഷമുണ്ടെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്‌സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്.

സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ഡിഐ പ്രൊഡ്യൂസര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷര്‍ ഹംസ. ചമയം റോണക്‌സ് സേവ്യര്‍. സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

ഡിസൈന്‍ യെല്ലോടീത്ത്‌സ്. ഡിഐ കളറിസ്റ്റ് രമേഷ് സി പി. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fahad Fazil Dileesh Pothan Movie JOJI Teaser out