മെറിറ്റ് വാദങ്ങള്‍ പൊളിയുന്നു; സാമ്പത്തിക സംവരണത്തിന്റെ ആദ്യഘട്ടം വിലയിരുത്തുമ്പോള്‍
Economic Reservation
മെറിറ്റ് വാദങ്ങള്‍ പൊളിയുന്നു; സാമ്പത്തിക സംവരണത്തിന്റെ ആദ്യഘട്ടം വിലയിരുത്തുമ്പോള്‍
കവിത രേണുക
Tuesday, 27th October 2020, 6:01 pm

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തുവന്നുകഴിഞ്ഞു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ചട്ടഭേദഗതികള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം പി.എസ്.സി അംഗീകരിച്ചത് ആഗസ്ത് മാസത്തിലാണ്. സംവരണം നടപ്പാക്കാനായി കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ക്കായിരുന്നു പി.എസ്.സി യോഗം അന്ന് അംഗീകാരം നല്‍കിയത്. ചട്ടഭേദഗതി മന്ത്രി സഭ അംഗീകരിക്കുകയും ചെയ്തു.

സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതോടെ കേരളത്തില്‍ ഉദ്യോഗ മേഖലയിലും സാമ്പത്തിക സംവരണം നിയമപരമായി നടപ്പാക്കപ്പെടുകയാണ്. ഭരണഘടനയുടെ പത്താം ഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിനായി റിട്ട. ജഡ്ജി കെ. ശശിധരന്‍നായര്‍ ചെയര്‍മാനും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ മെമ്പറുമായി ഒരു കമീഷനെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമീഷന്‍ ശുപാര്‍ശ പരിഗണിച്ചാണ് സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. വരുമാനവും സാമ്പത്തിക പിന്നോക്കാവസ്ഥയും പരിഗണിച്ചാണ് സംവരണത്തിന് അര്‍ഹത തീരുമാനിക്കുന്നത്.

മുന്നാക്ക സംവരണത്തിനെതിരായ പ്രതിഷേധങ്ങള്‍

ഇന്ത്യയില്‍ സാമൂഹികമായും ജാതീയമായും പിന്നാക്കം നില്‍ക്കുന്നവരെ മുന്നോട്ട് കൊണ്ടുവരുന്നതിനായി ഏര്‍പ്പെടുത്തിയ പിന്നാക്ക സംവരണ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് പുതിയ മുന്നാക്ക സംവരണമെന്ന വിമര്‍ശനങ്ങള്‍ ഗൗരവമായി ഉയര്‍ന്നുകഴിഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ സീറ്റ് വിഭജനത്തില്‍ നടക്കുന്ന ക്രമക്കേടുകളെ ചൂണ്ടിക്കാട്ടിയാണ് ദളിത് വിദ്യാര്‍ത്ഥികളും മുസ്ലിം ന്യൂനപക്ഷവുമടക്കമുള്ളവര്‍ പ്രതിഷേധവുമായി നിലവില്‍ രംഗത്തെത്തിയിട്ടുള്ളത്.

അടുത്തിടെ വന്ന പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് വിഭജനം, മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ് എന്നിവിടങ്ങളിലെ സീറ്റുകളനുവദിക്കുന്നതിലും റാങ്ക് ലിസ്റ്റ് പരിഗണിക്കുന്നതിലും വന്ന വ്യത്യാസങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുന്നത്.

വയനാട്ടിലും മറ്റ് ആദിവാസി പിന്നോക്ക മേഖലകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സീറ്റ് ലഭിക്കാത്തതിനെതിരെ വയനാട് കളക്ടറേറ്റിന് മുന്നിലടക്കം നിരവധി സമരങ്ങള്‍ നടന്നുവരുന്ന ഘട്ടത്തിലാണ് സാമ്പത്തിക സംവരണമെന്ന പേരില്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതെന്നാണ് ദിളിത് ആക്ടിവിസ്റ്റും ഗവേഷക വിദ്യാര്‍ത്ഥിയുമായ ശ്രുതിഷ് കണ്ണാടിക്കല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘ഇന്ത്യയില്‍ റിസര്‍വേഷന്‍ അനുവദിക്കപ്പെട്ടതിന്റെ രണ്ടാം തലമുറയിലൂടെ കടന്ന് വരുന്ന വിദ്യാര്‍ത്ഥികളാണ് ഇന്ന് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവരെല്ലാം. ഇവിടെ നിന്നും മുന്നോട്ട് പോകുന്ന ഒരു തലമുറയ്ക്ക്, പ്രത്യേകിച്ചും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഒരു തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും ഉദ്യോഗസ്ഥ മേഖലയിലേക്കും കടന്ന് വരാനുള്ള വഴിയെ തടയുക എന്നതാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നത് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. മാത്രമല്ല, സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥിതിയും ഉണ്ടാകുന്നു,’ ശ്രുതിഷ് പറയുന്നു.

എന്താണ് സാമ്പത്തിക സംവരണം?

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംവരണത്തിന്റെ ഭാഗമാക്കുക എന്നതാണ് സാമ്പത്തിക സംവരണം. 124ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് മുന്നാക്ക സംവരണം നിയമപരമാകുന്നത്. 15 (6), 16(6) എന്നീ അനുച്ഛേദങ്ങള്‍ ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് മുന്നാക്ക സംവരണം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നത്.

2019 ജനുവരി ഏഴിനാണ് കേന്ദ്ര മന്ത്രിസഭ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള തീരുമാനം കൊണ്ടുവരുന്നത്. ജനുവരി എട്ടിന് അത് പാര്‍ലമെന്റില്‍ പാസാക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ അത് രാജ്യസഭയിലും പാസാക്കുന്നു.

2019 ജനുവരി പകുതിയോടെയാണ് ഇരു സഭകളിലും പാസാക്കിയ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസമേഖലയിലും പത്ത് ശതമാനം സംവരണം ഉറപ്പുവരുത്തുക എന്നതാണ് പുതിയ ഭേദഗതി.

നിലവില്‍ സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണ ആനുകൂല്യമുണ്ടാകും. എന്നാല്‍ പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പറേഷനില്‍ 50 സെന്റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്റെ പരിധിയില്‍ വരില്ല.

കേന്ദ്രം പാസാക്കിയ നിയമം രാജ്യത്ത് ആദ്യം നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. പുതിയ കേന്ദ്ര നിയമം വന്നതോടെ അതിന്റെ ചുവട് പിടിച്ച് കൊണ്ട് സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കി. ജനുവരിയില്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ ഫെബ്രുവരിയോടെ തന്നെ കേരളത്തിലും ഇത് നടപ്പാക്കുകയായിരുന്നു.

വിദ്യാഭ്യാസ മേഖലയിലാണ് ആദ്യം സംവരണം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍, മെഡിക്കല്‍ പി.ജി, എന്‍ജിനീയറിംഗ്, ഹയര്‍ സെക്കണ്ടറി എന്നിങ്ങനെയാണ് സംവരണ സംവിധാനം നടപ്പിലാക്കിയ വിദ്യാഭ്യാസ മേഖല.

സാമ്പത്തിക സംവരണം നടപ്പാക്കപ്പെടുന്നതിലെ അട്ടിമറിയെന്ത്?

നിലവിലെ സംവരണങ്ങളെ ബാധിക്കാത്ത രീതിയില്‍ ഓപണ്‍ ക്വാട്ടയില്‍ നിന്നുമുള്ള 10 ശതമാനമായിരിക്കും സാമ്പത്തിക സംവരണമായി നടപ്പാക്കുക എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത് ആകെയുള്ള സീറ്റുകളുടെ 10 ശതമാനമാണ്. ഉദ്യോഗസ്ഥ മേഖലയിലും ഇത്തരത്തില്‍ തന്നെ നടപ്പാക്കപ്പെട്ടാല്‍ പിന്നാക്ക വിഭാഗക്കാരെ ഇത് ബാധിക്കുമെന്നാണ് സര്‍ക്കാര്‍ ജോലിക്കായി തയ്യാറെടുക്കുന്ന ദളിത് ഉദ്യോഗാര്‍ത്ഥി ഷിജിന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

ഭരണഘടനാ ഭേദഗതി പ്രകാരം പരമാവധി പത്ത് ശതമാനം വരെ സംവരണം നടപ്പാക്കുക എന്നതാണ് പറഞ്ഞുവെച്ചിരുന്നതെങ്കില്‍ 2019ലെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 12 ശതമാനത്തോളം സംവരണം മുന്നാക്ക സംവരണത്തിന് നല്‍കിയതായി സംവരണ വിദഗ്ധനും ‘മെക്ക’ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എന്‍. കെ അലിയും ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘എം.ബി.ബി.എസ് പ്രവേശനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ക്വാട്ടയുടെ അവസാന റാങ്ക് 933 ആണ്. ഈഴവരുടെ അവസാന റാങ്ക്-1654, മുസ്ലിം- 1417, പിന്നാക്ക ഹിന്ദു- 1771, ലത്തീന്‍ കത്തോലിക്ക-1943 എന്നിങ്ങനെയാണെങ്കില്‍ മുന്നാക്ക വിഭാഗത്തില്‍ 8416 ആണ് അവസാന റാങ്ക്. അതായത് ഒ.ബി.സി കാറ്റഗറിക്ക് ഉള്ളതിനെക്കാള്‍ താഴ്ന്ന റാങ്കിലാണ് മുന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ റാങ്ക്,’ എന്‍. കെ അലി പറഞ്ഞു.

ഇതേ വ്യത്യാസം പ്ലസ് വണ്‍ പ്രവേശനത്തിലും കാണാം. പ്ലസ് വണിന് നീക്കി വെച്ച ആകെ സീറ്റുകള്‍ 162,815 ആണ്. ഇതില്‍ ആകെ സീറ്റിന്റെ പത്ത് ശതമാനമാണ് മുന്നാക്ക സംവരണം.

ഈഴവര്‍ക്ക് നീക്കി വെച്ചിരിക്കുന്നത് 9 ശതമാനം സീറ്റുകളാണ്. അതായത് 13,00,2 സീറ്റുകള്‍. മുസ്ലിം സംവരണം 8 ശതമാനമാണ്. അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകളുടെ എണ്ണം 11,31,3 ആണ്. എന്നാല്‍ മുന്നാക്ക സംവരണത്തിലേക്ക് വരുമ്പോള്‍ 16,71,1 സീറ്റുകളാണ് മാറ്റി വെച്ചിട്ടുള്ളത്.

ആകെ അനുവദിക്കപ്പെട്ട സീറ്റുകളായ 162,815 ന്റെ പത്ത് ശതമാനമാണ് സാമ്പത്തിക സംവരണമായി അനുവദിച്ചിട്ടുള്ളത്. അതായത് ആകെ സീറ്റുകളുടെ പത്ത് ശതമാനം നല്‍കിയാല്‍ തന്നെ അനുവദിക്കേണ്ടത് 16,281 സീറ്റുകള്‍. എന്നാല്‍ നിലവില്‍ 16,711 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതായത് മാറ്റിവെക്കേണ്ട സീറ്റുകളേക്കാള്‍ 430 സീറ്റുകള്‍ അധികം.

നിലവിലുള്ള സംവരണ സംവിധാനത്തെ അട്ടിമറിക്കാത്ത തരത്തില്‍ ഓപണ്‍ ക്വാട്ടയില്‍ നിന്നാണ് സംവരണ സീറ്റുകള്‍ അനുവദിക്കുകയെന്നാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. അങ്ങനെയാണ് സംവരണം നടപ്പാക്കിയിരുന്നതെങ്കില്‍ നിലവിലെ സംവരണ സംവിധാനത്തിന്റെ 48 ശതമാനം കഴിച്ച് 52 ശതമാനത്തില്‍ നിന്നാണ് 10 ശതമാനം അനുവദിക്കേണ്ടത്. ഇപ്രകാരമായിരുന്നെങ്കില്‍ അനുവദിക്കേണ്ട സീറ്റ് 84,663 ആണ്. ഇതല്ല നടപ്പാക്കപ്പെടുന്നത്.

മാത്രമല്ല, മുന്നോക്ക സംവരണത്തിലെ മുഴുവന്‍ സീറ്റുകളും പരിഗണിച്ചിട്ടും 8,967 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണെന്നും എന്‍. കെ അലി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ പി.ജിയില്‍ നല്‍കപ്പെട്ടിട്ടുള്ള കണക്കുകളിങ്ങനെയാണ്;

സംസ്ഥാനത്തെ ആകെ മെഡിക്കല്‍ പി.ജി സീറ്റുകളുടെ എണ്ണം 849 ആണ്. ഇതില്‍ 427 സീറ്റുകള്‍ മെറിറ്റില്‍ പെടുന്നതാണ്. ഈഴവര്‍ക്ക് 3 ശതമാനമാണ് നല്‍കിയിരിക്കുന്നത് (13 സീറ്റ്), മുസ്ലിം: 2 ശതമാനം (9 സീറ്റ്), ലത്തീന്‍: 1 ശതമാനം, പിന്നാക്ക ഹിന്ദു: 1 ശതമാനം എന്നിങ്ങനെയാണ് കണക്ക്. എന്നാല്‍ മുന്നാക്ക സംവരണമായ 10 ശതമാനം വരുമ്പോള്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് മാത്രം 30 സീറ്റുകളാണ് അനുവദിക്കപ്പെടുക. അതായത് ആകെ ഒ.ബി.സി സീറ്റുകള്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മുന്നാക്ക സംവരണത്തില്‍ പെടുന്നവര്‍ക്ക് മാത്രം ലഭിക്കും.

ആകെ ലഭിച്ച സീറ്റിന്റെ പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കി വെക്കുന്നത്. കേരളത്തില്‍ 65 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗത്തിന് ആകെ അനുവദിക്കുന്ന സംവരണം 9 ശതമാനമാണ്. ഇത് അനുപാതത്തില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേഖലയില്‍ സാമ്പത്തിക സംവരണം വരുമ്പോള്‍

പി.എസ്.സി യില്‍ ഒ.ബി.സിയ്ക്കും പിന്നാക്ക വിഭാഗത്തിനുമായി 40 ശതമാനം സംവരണമാണ് നിലവിലുള്ളത്. എന്നാല്‍ മുന്നാക്ക സംവരണം നടപ്പാക്കപ്പെടുന്നതോടെ പി.എസ്.സി വഴി എത്തുന്ന മുന്നാക്ക വിഭാഗത്തിലെ ജീവനക്കാരുടെ അനുപാതത്തില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടാകുമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്. കേരളത്തില്‍ മുന്നാക്കക്കാരുടെ സംവരണത്തെ നിശ്ചയിക്കുന്ന ഒരു മാനദണ്ഡം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തില്‍ പിന്നാക്ക സമുദായങ്ങള്‍ 70 ശതമാനത്തോളമുണ്ടെന്നാണ് കണക്ക്. 10 ശതമാനം എസ്.സി, എസ്.ടി വിഭാഗങ്ങളും ബാക്കി വരുന്ന 20 ശതമാനം മുന്നാക്ക സമുദായങ്ങളുമാണ് (മുന്നാക്ക ഹിന്ദുക്കള്‍, മുന്നാക്ക ക്രിസ്ത്യന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍, സംവരണമില്ലാത്ത മുസ്ലിം വിഭാഗത്തിലെ ചിലര്‍ എന്നിവര്‍ ഇതില്‍പ്പെടും).

പി.എസ്.സി റിസര്‍വേഷനിലേക്ക് വന്നാല്‍ രണ്ട് രീതിയിലാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ലാസ് 4 ജീവനക്കാര്‍ ഒരു കാറ്റഗറിയും ക്ലാസ് 4 അല്ലാത്ത ജീവനക്കാര്‍ മറ്റൊരു കാറ്റഗറിയുമായാണ് നടപ്പാക്കുന്നത്. രണ്ടിലും പിന്നാക്ക വിഭാഗക്കാര്‍ക്ക് 40% തന്നെയാണ് സംവരണം. ക്ലാസ് 4ല്‍ ഈഴവ റിസര്‍വേഷന്‍ 11ഉം മുസ്ലിം റിസര്‍വേഷന്‍ പത്തുമാണ്. ഹിന്ദു നാടാര്‍, വിശ്വകര്‍മ തുടങ്ങി ഒ.ബി.സി കാറ്റഗറിയില്‍ പെടുന്ന മറ്റു വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ക്വാട്ടയുണ്ട്. കൃത്യം ക്വാട്ടയില്ലാത്ത കമ്മ്യൂണിറ്റികളും ഇതിലുണ്ട്. ഇതെല്ലാം ചേര്‍ത്താണ് 40 ശതമാനം.

ബാക്കി വരുന്ന 60 ശതമാനം ജനറല്‍ മെറിറ്റാണ്. ഇത് ഏത് കാറ്റഗറിയില്‍ പെട്ടയാള്‍ക്കും അവകാശപ്പെട്ടതാണ്. ക്രീമി ലെയര്‍ കാറ്റഗറി വെച്ചാണ് ഒ.ബി.സി വിഭാഗക്കാരുടെ സാമ്പത്തികം കണക്കാക്കുന്നത്. എന്നാല്‍ മുന്നാക്കക്കാര്‍ക്ക് സംവരണം നിശ്ചയിക്കുന്ന ഒരു മാനദണ്ഡം ഇപ്പോഴില്ല. അതുകൊണ്ട് കേരളത്തില്‍ ഇത് നിശ്ചയിക്കുന്നത് ജസ്റ്റിസ് ശശിധരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ചാണ്.

സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക റിസര്‍വേഷന്‍ ആയിരുന്നു നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ അത് എല്ലാ കാറ്റഗറിയില്‍പ്പെട്ടവര്‍ക്കും ഒരു പോലെ പരിഗണിക്കേണ്ടതായിരുന്നു. മാത്രമല്ല, ഉദ്യോഗ തലങ്ങളിലുള്ള അനുപാതം ഇതുവരെ ഔദ്യോഗികമായി പുറത്ത് വിടുന്നുമില്ല.

ഇപ്പോള്‍ തന്നെ കേരളത്തില്‍ 20 ശതമാനം മാത്രം ജനസംഖ്യയുള്ള മുന്നാക്ക വിഭാഗക്കാരില്‍ 40 ശതമാനത്തിന് മുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കേരളത്തിലുണ്ട്. ബാക്കി 80 ശതമാനത്തിലധികം വരുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ 60 ശതമാനമേ വരുന്നുള്ളു. ഇതിന് പുറമേ സാമ്പത്തിക സംവരണം കൂടി നടപ്പാക്കുമ്പോള്‍ മുന്നോക്ക വിഭാഗത്തില്‍പ്പെടുന്നവരുടെ ആനുപാതത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും,’ സജീദ് ഖാലിദ് പറയുന്നു.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍

സംവരണ സംവിധാനം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുമ്പോള്‍ പിന്നാക്ക വിഭാഗക്കാരുടെ പ്രാധിനിത്യം എങ്ങനെയാണ് കുറയ്ക്കാന്‍ പോകുന്നതെന്നതിന് ചില കണക്കുകള്‍ പരിശോധിക്കേണ്ടതാണെന്നാണ് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകനായ ഒ. പി രവീന്ദ്രന്‍ പറയുന്നത്.

കണക്കുകളിങ്ങനെ; ‘നിലവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കക്കാരുടെ പ്രാധിനിത്യം എങ്ങനെയാണെന്ന് പരിശോധിക്കുമ്പോഴാണ് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ഭീതിതമായ സാഹചര്യം മനസിലാകുക.

യു.ജി.സിയുടെ കീഴില്‍ എല്ലാ കാലത്തും നടത്തിയിട്ടുള്ള ഒരു സര്‍വേയുണ്ട്. 2014ല്‍ അവര്‍ നടത്തിയ (ആള്‍ ഇന്ത്യ സര്‍വേ ഓഫ് ഹയര്‍ എഡുക്കേഷന്‍) സര്‍വേയില്‍ ഇന്ത്യയിലെ ഉന്നത സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങി 74സ്ഥാപനങ്ങളുടെ കണക്കുകള്‍ അപഗ്രഥിച്ച് പറയുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രാധിനിത്യം എന്ന് പറയുന്നത് 14.82 ശതമാണ് എന്നാണ്. അതായത് ഇന്ത്യന്‍ ജനസംഖ്യാ നിരക്കില്‍ 85 % പിന്നോക്കരും ദളിതരും മുസ്ലിങ്ങളുമൊക്കെയുള്ളതില്‍ 14.82 ശതമാണ് ആകെ പ്രാധിനിത്യം.

അതേസമയം 15 ശതമാനം വരുന്ന സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രധാനിത്യം 85% ആണ് താനും. ഇത് 2014ല്‍ വന്നിട്ടുള്ള കണക്കാണ്. ജെ.എന്‍.യു അടക്കമുള്ള സ്ഥാപനങ്ങളുടെ കണക്കാണിതെന്ന് നമ്മള്‍ മനസിലാക്കണം. അതായത് ഇത്തരം സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ 85 % പ്രാധിനിത്യം ഉണ്ട്. അതിലും 10 ശതമാനമാണ് വര്‍ധിപ്പിക്കാന്‍ പോകുന്നത്.

കേരളത്തില്‍ ആദ്യം സംവരണം കൊണ്ട് വരുന്നത് ദേവസ്വം ബോര്‍ഡിലാണ്. അന്ന് മുന്നാക്ക വിഭാഗങ്ങളുടെ ദേവസ്വം ബോര്‍ഡിലെ പ്രാധിനിത്യത്തെക്കുറിച്ച് അന്ന് കേരള കൗമുദി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അന്നത്തെ ചില കണക്കുകള്‍ വെച്ചുകൊണ്ട്. അതില്‍ പറയുന്നത് 84 % നായര്‍ വിഭാഗം, മൊത്തം 89 % സവര്‍ണ മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടായിരുന്നത് എന്നാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യമായി മുന്നാക്ക സംവരണം ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സമയത്ത് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗനിലയാണിവിടെ പറഞ്ഞത്. അവിടെയാണ് വീണ്ടും 10 ശതമാനം നടപ്പാക്കിയത്. എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്,’ഒപി രവീന്ദ്രന്‍ പറഞ്ഞു.

കണക്കുകള്‍ പുറത്ത് വിടാന്‍ മടിക്കുന്ന സര്‍ക്കാര്‍

കേരളത്തില്‍ ഒരു ആസൂത്രണ ബോര്‍ഡ് ഉണ്ടായിട്ടും യാതൊരു കണക്കുകളും പരിഗണിക്കപ്പെടുകയോ പുറത്ത് വിടുകയോ ചെയ്യുന്നില്ലെന്നും ഒ.പി രവീന്ദ്രന്‍ പറഞ്ഞു.

‘എന്നാല്‍ ഇവിടെ കാണാന്‍ പറ്റുന്ന സവിശേഷമായ പ്രത്യേകത എന്നു പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ ആയിക്കോട്ടെ, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആയിക്കോട്ടെ മുന്നോക്കക്കാരുടെ പിന്നാക്കവസ്ഥ നിര്‍ണയിക്കുന്നതില്‍ കണക്കുകളൊന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല. കണക്കുകളുണ്ടെങ്കില്‍ അത് എളുപ്പമാണ്. നമുക്ക് ആസൂത്രണ ബോര്‍ഡ് ഉണ്ട്. എന്നാല്‍ അവര്‍ ഇതുവരെയും ഒരു ഡാറ്റയും പുറത്ത് വിട്ടിട്ടില്ല.

ഡാറ്റ വെച്ച് ഇക്കാര്യങ്ങളെ വിശകലനം ചെയ്യുക എന്നത് ഇവര്‍ അവലംബിക്കുന്ന രീതിയല്ല എന്നാണ് മനസിലാക്കേണ്ടത്. ഡാറ്റയെ പരിഗണിക്കപ്പെടേണ്ട വിഷയമായിട്ട് കണക്കാക്കുന്നേ ഇല്ല എന്നതാണ്. ഇതല്ല പരിഗണിക്കപ്പെടേണ്ടതെങ്കില്‍ പിന്നെ എന്താണ് ആ ഘടകം എന്നതാണ് ചോദ്യം,’ ഒ. പി രവീന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ 34 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ കാണിച്ച് അന്നത്തെ സി.പി.ഐ.എം മാസികയായ ചിന്തയില്‍ ഒരു ലേഖനം വന്നിരുന്നു. എന്നാല്‍ മുന്നോക്ക വിഭാഗങ്ങളില്‍ അത്തരമൊരു സംഭവമുണ്ടായതായി എവിടെയും കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികമായും സാമൂഹ്യമായും ജാതീയമായും ഒരു ശ്രേണി നിലനിര്‍ത്തണമെന്നാണ് ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അത് ഈ കണക്കുകള്‍ വെച്ച് നോക്കിയാല്‍ നമുക്ക് കൃത്യമായി മനസിലാകും. എന്നാല്‍ സര്‍ക്കാര്‍ ഈ കണക്കുകളെ പരിഗണിക്കുന്നേയില്ല. പൊതുവിദ്യാസ മേഖലയില്‍ 68 ശതമാനത്തോളവും എയ്ഡഡ് മേഖലകളാണുള്ളത്. അതില്‍ ബാക്കിയെ സര്‍ക്കാര്‍ സ്‌കൂളുകളുള്ളു. ഈ എയ്ഡഡ് സ്‌കൂളുകളിലൊക്കെ തന്നെ 20 ശതമാനത്തോളം കമ്മ്യൂണിറ്റി ക്വാട്ടകളുണ്ട്. എന്‍.എസ്.എസ് കോളേജുകളിലും, ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകളിലും ഒക്കെ ഈ സംവിധാനം നിലനില്‍ക്കുന്നുണ്ട്.

ഇനി വരാനിരിക്കുന്ന കാലം സമൂഹത്തെ ചലിപ്പിക്കാനവുന്ന നയതന്ത്രപരമായ എല്ലാ മേഖലകളിലും സവര്‍ണ വിഭാഗത്തെ കൊണ്ട് വരുന്ന സ്ഥിതി ഉണ്ടാകാന്‍ പോകുന്നു എന്നാതാണ്.

സാധാരണ ഗതിയില്‍ പറഞ്ഞ് വരുന്നത് എസ്.സി എസ്.ടി വിഭാഗങ്ങളിലുള്ള കുട്ടികളാണ് ഇവിടെ ഏറ്റവും മേശം എന്നാണല്ലോ. എന്നാല്‍ അവരേക്കാള്‍ മാര്‍ക്ക് കുറവുള്ള കുട്ടികളാണ് മുന്നാക്ക സംവരണത്തില്‍ കോളെജുകളില്‍ പ്രവേശനം നേടുന്നതെന്നാണ് ചില അധ്യാപകര്‍ പറയുന്നത്. അതായത് സവര്‍ണ വിഭാഗം സംവരണത്തിനെതിരെ നില്‍ക്കുകയും അവര്‍ തന്നെ സംവരണത്തിന്റെ ആനുകൂല്യം കൈപ്പറ്റുകയും ചെയ്യുന്നുവെന്നും ഒ. രവീന്ദ്രന്‍ പറഞ്ഞു.

സാമ്പത്തിക സംവരണം കൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്?

സവര്‍ണ വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പിക്കുകയും അവര്‍ണ വിഭാഗങ്ങളുടെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുക എന്ന ബി.ജെ.പിയുടെ ദേശീയ നയമാണ് സംവരണം നടപ്പാക്കുന്നതിലൂടെ കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒ.പി രവീന്ദ്രന്‍ പറഞ്ഞു. ഇന്ത്യയില്‍ 2024 ആകുമ്പോഴേക്കും സംവരണം മുഴുവന്‍ ഇല്ലാതാക്കുമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംവരണത്തിന്റെ അടിസ്ഥാനം സാമൂഹികമായ പിന്നാക്കാവസ്ഥയാണെന്നും സാമ്പത്തികമല്ലെന്നും ഭരണഘടനയില്‍ തന്നെ പറയുന്നുണ്ട്. അതായത് സാമൂഹിക പിന്നാക്കാവസ്ഥയുണ്ടാക്കുന്ന ചില മാനദണ്ഡങ്ങള്‍ ഇവിടെ വെച്ചിട്ടുണ്ട്. ആ മാനദണ്ഡങ്ങളില്‍ വരുന്നവര്‍ മാത്രമേ സംവരണത്തിന് അര്‍ഹരായവരുള്ളു. അല്ലാതെ സാമ്പത്തികമായി പിന്നോക്കമായിരിക്കുന്നു എന്നുള്ളത് കൊണ്ട് അവര്‍ക്ക് സംവരണത്തിന് അവകാശമില്ലെന്നും ഒ. പി രവീന്ദ്രന്‍ പറയുന്നു.

ഭരണഘടനയില്‍ പറയുന്ന കാര്യങ്ങളെ മറികടക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ അത്രയില്ലെങ്കിലും പിന്നാക്ക വിഭാഗങ്ങള്‍ പ്രബലമായിത്തന്നെ നില്‍ക്കുന്നുണ്ട്. മുലായം സിങ് യാദവാണെങ്കിലും മായാവതിയാണെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ ചലിപ്പിക്കാന്‍ ശേഷിയുള്ള ഒരു വിഭാഗമായി പിന്നാക്ക വിഭാഗം നിലനില്‍ക്കുന്നുണ്ട്.

വിദ്യാഭ്യാസ രംഗത്തും അത്തരമൊരു ഉയര്‍ച്ചയുണ്ടാവുക എന്നത് ബി.ജെ.പിക്ക് വലിയൊരു പ്രശ്നമാണ്. അത് തകര്‍ത്താല്‍ മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരുടെ ഉദ്ദേശം നടപ്പാകൂ എന്ന കാര്യം അവര്‍ക്ക് വ്യക്തമായി അറിയാം. അത് നടക്കണമെങ്കില്‍ വിദ്യാഭ്യാസം, തൊഴില്‍ പോലുള്ള മേഖലകളില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളുടെ പ്രാധിനിത്യം കുറയ്ക്കേണ്ടതുണ്ട്. ഒരിക്കല്‍ ദേശസാല്‍ക്കരിച്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് പിന്നില്‍ ഇങ്ങനെയൊരു ലക്ഷ്യം കൂടിയുണ്ട്. അത്തരം ഇടങ്ങളില്‍ സംവരണം നടപ്പാക്കാന്‍ സാധിക്കില്ല. സംവരണം നടപ്പാക്കുന്നില്ല എന്ന് പറയുന്നതിനര്‍ത്ഥം അവിടെ ഇവര്‍ക്ക് പ്രാധിനിത്യം നടപ്പാക്കാന്‍ കഴിയില്ല എന്നാണെന്നും അദ്ദേഹം പറഞ്ഞു.

സവര്‍ണ വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പിക്കുകയും അവര്‍ണ വിഭാഗങ്ങളുടെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെ ദേശീയ നയമാണ്. എന്നാല്‍ സാമ്പത്തിക സംവരണം കേന്ദ്രം നടപ്പാക്കുന്നതിനും മുമ്പ് തിടുക്കപ്പെട്ട് നടപ്പാക്കിയത് ഇടതു പക്ഷം ഭരിക്കുന്ന കേരളമാണ്. അതായത് സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്നര്‍ത്ഥം.

58ല്‍ ഇ.എം.എസ് ആണ് ആദ്യമായി സാമ്പത്തിക സംവരണം കൊണ്ടുവരുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജാതീയമായ സംഘര്‍ഷങ്ങളില്ല, പകരം വര്‍ഗപരമായ സംഘര്‍ഷങ്ങളാണ്. അതുകൊണ്ട് തന്നെ അവര്‍ സാമ്പത്തിക സംവരണമാണ് മുന്നോട്ട് വെയ്ക്കുന്നത്. ജാതിപരമായി പുറത്താക്കപ്പെടുന്നതിനെ മാനദണ്ഡമായി പരിഗണിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facing consequences of economic reservation when its implemented

കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ