വ്യാജ പ്രചരണം; ഇസ്രാഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ പ്രത്യേക ടീമിനെ വിന്യസിക്കാനൊരുങ്ങി ഫേസ്ബുക്ക്
Social Media
വ്യാജ പ്രചരണം; ഇസ്രാഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ പ്രത്യേക ടീമിനെ വിന്യസിക്കാനൊരുങ്ങി ഫേസ്ബുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 4:59 pm

ന്യൂയോര്‍ക്ക്: ഫലസ്തീന്‍- ഇസ്രാഈല്‍ വിഷയത്തില്‍ വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ പ്രത്യേക ടീമിനെ വിന്യസിക്കാനൊരുങ്ങി ഫേസ്ബുക്ക്. തെറ്റായ വിവരങ്ങള്‍, വിദ്വേഷ പ്രചരണം, അക്രമത്തെക്കുറിച്ചുള്ള ആഹ്വാനം തുടങ്ങിയവ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെയാണ് ഫേസ്ബുക്കിന്റെ നടപടി.

അറബി, ഹീബ്രു ഉള്‍പ്പെടെയുള്ള ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരാണ് പുതിയ ഓപ്പറേഷന്‍ ടീമിലുള്ളത്. ഫേസ്ബുക്കിനെ കൂടാതെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സറ്റഗ്രാം വാട്‌സാപ്പ് പ്ലാറ്റ്‌ഫോമുകളും നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടും. ഫേസ്ബുക്കിന്റെ കമ്യൂണിറ്റി മാനണ്ഡങ്ങള്‍ ലംഘിക്കുന്നത് പ്രത്യേക ടീം സൂക്ഷമമായി നിരീക്ഷിക്കും. വ്യാജപ്രചരണം വഴിയുള്ള അപകടം തടയാന്‍ സഹകരിക്കുന്നതിന് ഇസ്രാഈല്‍-ഫലസ്തീന്‍ മേധാവികളുമായി സംസാരിച്ചതായി ഫേസ്ബുക്ക് അറിയിച്ചു.

ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നതിനായി വാട്‌സ്ആപ്പില്‍ പുതിയ സയണിസ്റ്റ് ഗ്രൂപ്പുകള്‍ വ്യാപകമായി രൂപീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ഒരു സ്വകാര്യ സന്ദേശമയക്കല്‍ സേവനം എന്ന നിലയില്‍ ആളുകളുടെ സ്വകാര്യ ചാറ്റുകളിലെ ഉള്ളടക്കങ്ങളിലേക്ക് ഞങ്ങള്‍ക്ക് പ്രവേശനമില്ല, എന്നാല്‍ ‘വിദ്വേഷത്തിന്’കാരണമായേക്കാമെന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ അക്കൗണ്ടുകള്‍ നിരോധിക്കാന്‍ നടപടിയെടുക്കും,’ വിഷയത്തില്‍ വാട്‌സ്ആപ്പ് വക്താവ് പ്രതികരിച്ചു.

അതേസമയം, ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം തള്ളി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇസ്രഈലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതു വരെ ഗാസയില്‍ ബോംബാക്രമണം തുടരുമെന്നാണ് ബൈഡന്റെ ഫോണ്‍ കോളിന് പിന്നാലെ നെതന്യാഹു അറിയിച്ചത്.

ഗാസയിലെ ഹമാസിനെതിരെയുള്ള ആക്രമണത്തില്‍ ഒരുതരത്തിലുള്ള അനുകമ്പയും വരുത്താന്‍ ഇസ്രാഈല്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ നെതന്യാഹു പറഞ്ഞിരുന്നു. ‘അവര്‍ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു, അവര്‍ ഞങ്ങളുടെ നഗരങ്ങളില്‍ റോക്കറ്റിട്ടു. ഇതിന് അവര്‍ വലിയ വില നല്‍കേണ്ടിവരും,” എന്നായിരുന്നു നെതന്യാഹു പറഞ്ഞിരുന്നത്.

ബുധനാഴ്ചയാണ് ഫലസ്തീനികള്‍ക്ക് നേരെ പട്ടാളം നടത്തുന്ന ഏറ്റുമുട്ടലുകളില്‍ ഇസ്രാഈല്‍ വലിയ രീതിയില്‍ കുറവ് വരുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞത്.

അതേസമയം, ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, മെയ് 10 മുതല്‍ 227 ഫലസ്തീനികളാണ് ഇസ്രാഈലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 64 കുട്ടികളും 38 സ്ത്രീകളും ഉള്‍പ്പെടുന്നു. 1500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 12 ഇസ്രാഈലികള്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലീങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.

പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLGHTS: Facebook to deploy special team on Israel-Palestine issue