ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Jammu Kashmir
റമദാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഷോപ്പിയാനില്‍ ആക്രമണം
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 8:25pm

ശ്രീനഗര്‍: റമദാന്‍ മാസത്തില്‍ കാശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍ക്കകം ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ ജമ്‌നാഗിരിയില്‍ പട്രോളിങ്ങിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സൈന്യം തിരിച്ചടിച്ചു. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

റമദാന്‍ മാസത്തില്‍ കാശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം നല്‍കിയത് ഇന്ന് വൈകിട്ടാണ്. പുണ്യമാസത്തില്‍ മുസ്ലിം ജനത സമാധാന അന്തരീക്ഷത്തിലായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും ആത്മരക്ഷാര്‍ത്ഥവുമുള്ള നടപടികള്‍ മാത്രം എടുത്താല്‍ മതിയെന്നാണ് സേനയ്ക്ക് നല്‍കിയ നിര്‍ദ്ദേശം.

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് കേന്ദ്ര നിര്‍ദ്ദേശം. റമദാനില്‍ സൈനികാക്രമണം നിര്‍ത്തിവയ്ക്കാന്‍ മുഫ്തി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

വെടിനിര്‍ത്തലാക്കിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തന്നെ നേരിട്ട് വിളിച്ച് അറിയിച്ചതായി മെഹ്ബൂബ മുഫ്തി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇത് ശുഭകരമായ കാര്യമാണെന്നും എല്ലാവരും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.

Advertisement