പരീക്ഷയില്‍ പേടിക്കാനെന്തിരിക്കുന്നു കൂട്ടുകാരെ?
ന്യൂസ് ഡെസ്‌ക്

മാര്‍ച്ച് പതിമൂന്നിന് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുകയാണ്. സി.ബി.എസ്.സി പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്.

രൂക്ഷമായ വേനലിനൊപ്പം പരീക്ഷാ പേടി കൂടി ചേര്‍ന്നാല്‍ നമ്മുടെ കുട്ടികള്‍ തളര്‍ന്നു പോകും. ഉത്സാഹത്തോടെ ആസ്വദിച്ച് പഠിക്കാനും പഠിച്ചതെല്ലാം ഉത്തരക്കടലാസിലെഴുതാനും നമുക്ക് അവരെ സഹായിക്കാം.

നന്നായി പഠിച്ചില്ലേ. പഠിച്ചതോര്‍മിക്കാന്‍ കൃത്യമായി റിവിഷനുകളും നടത്തിയില്ലേ? പിന്നെന്തിനു പരീക്ഷയെ പേടിക്കണം?

തോല്‍വിയെ കുറിച്ചുള്ള ചിന്തയാണ് പരീക്ഷാപ്പേടിക്കുള്ള പ്രധാന കാരണം. വിചാരിക്കുന്നത്ര വലുതല്ല തോല്‍വിയുടെ പ്രത്യാഘാതം എന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കുന്നതാണ് പ്രതിവിധി. മ്യൂണിച്ചിലെ എല്‍.എം.യു യൂണിവേര്‍സിറ്റിയിലെ പ്രൊഫസര്‍ ആന്‍ ഫ്രെന്‍സല്‍ പറയുന്നു.

Also Read:  രാജ്യത്ത് 1.5 കോടി കന്നിവോട്ടര്‍മാര്‍; 1,035,918 പോളിംഗ് ബൂത്തുകള്‍

പരീക്ഷയുടെ തലേദിവസം റിവിഷന് വേണ്ടി ഉപയോഗിക്കാം. സ്വന്തം പഠനരീതി തിരിച്ചറിയുകയും എത്രനേരം ഏകാഗ്രത പാലിക്കാന്‍ കഴിയുമെന്നും കണ്ടെത്തി ഇടവേള കൊടുത്തും മാത്രം പഠനം തുടരാം.

വേനല്‍ക്കാലമാണ്, നല്ല ഭക്ഷണവും വെള്ളവും ശരീരത്തിനാവശ്യമാണ്. നല്ല ഉന്മേഷം ലഭിക്കുന്ന സാഹചര്യങ്ങളെയാണ് പഠനത്തിനൊരുക്കേണ്ടത്.

പരീക്ഷക്ക് അരമണിക്കൂര്‍ മുന്‍പ് ഇരിക്കേണ്ട ഹാളും സീറ്റും കണ്ടെത്തണം. ചിലപ്പോള്‍ ദിവസവും സീറ്റു മാറിയെന്ന് വരാം.

ചോദ്യപേപ്പര്‍ കിട്ടിയാല്‍ എല്ലാ ചോദ്യങ്ങളും വായിച്ച് എതെല്ലാം ഭാഗങ്ങള്‍ ആണ് ആദ്യം ഉത്തരമെഴുതേണ്ടത് എന്ന ധാരണയിലെത്തണം.

കുട്ടികളെ പരീക്ഷയെ കുറിച്ച് ഒര്‍മിപ്പിച്ച് ഭയപ്പെടുത്തുന്ന അധ്യാപകരും ഏറെയുണ്ട്. ഇത് ശരിയായ മാര്‍ഗ്ഗമല്ലെന്ന് മനശാസ്ത്രവിദഗ്ധര്‍ പറയുന്നു.

സമ്മര്‍ദ്ദം കൂട്ടുന്നത് ഒരു തരത്തിലും നല്ല ഫലം ചെയ്യില്ല. സമാധാനവും പൂര്‍ണ പിന്തുണയുമാണ് എല്ലാ കാലത്തും വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ടത്.