എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം മുന്‍ എം.എല്‍.എ എം.എം മോനായി പാര്‍ട്ടി അംഗത്വം പുതുക്കിയില്ല
എഡിറ്റര്‍
Thursday 4th October 2012 10:35am

കൊച്ചി: സി.പി.ഐ.എം കുന്നത്തുനാട് മുന്‍ എം.എല്‍.എ അഡ്വ. എം.എം മോനായി പാര്‍ട്ടി വിടുന്നു. പാര്‍ട്ടി അംഗത്വം മോനായി പുതുക്കിയിരുന്നില്ല.

വ്യക്തിപരമായ കാരണങ്ങളാലാണ് അംഗത്വം പുതുക്കാത്തതെന്നാണ് മോനായി പറയുന്നത്.ജോലിത്തിരക്ക് കാരണം പാര്‍ട്ടിയില്‍ സജീവമാകാന്‍ സാധിക്കുന്നില്ലെന്നും മോനായി പറഞ്ഞു.

Ads By Google

ആറ് മാസം മുമ്പ് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം മോനായി എടുത്തത്.

പാര്‍ട്ടി മെമ്പര്‍ഷിപ്പുണ്ടെങ്കില്‍ അതിനോട് നീതി പുലര്‍ത്തണം. ജോലിത്തിരക്കുകളാല്‍ അതിന് സാധിക്കാറില്ല.

പാര്‍ട്ടി ഏരിയാ കമ്മിറ്റിയുമായും നേതൃത്വവുമായും ആലോചിച്ച് സമ്മതം വാങ്ങിയശേഷമാണ് അംഗത്വം പുതുക്കാതിരുന്നതെന്നും മോനായി പറഞ്ഞു.

തുടര്‍ന്നും സി.പി.ഐ.എമ്മിന്റെ ആളായി തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2006 ല്‍ നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മോനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയതത് മൂലം പാര്‍ട്ടിയുടെ ശാസനക്ക് വിധേയമായിരുന്നു.

നിയമസഭാ അംഗമായി തിരഞ്ഞെടുത്തതിന് ശേഷം എറണാകുളം ജില്ലാ സഹകരണ ബാങ്ക് നേതൃത്വത്തില്‍ നിന്നും മോനായിയെ ഒഴിവാക്കിയിരുന്നു. ഇത് പാര്‍ട്ടിയുമായി ചില അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് മോനായി തുടങ്ങിവെച്ച ചില സംരംഭങ്ങള്‍ പാര്‍ട്ടി ഇടപെട്ട് നിര്‍ത്തിവെക്കുകയും ചെയ്തു. ഇതിലെല്ലാമുള്ള അതൃപ്തിയാണ് സി.പി.എം. വിടാന്‍ കാരണമെന്നാണ് സൂചന.

അംഗത്വത്തില്‍ തുടരണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും മോനായി അത് നിരാകരിക്കുകയായിരുന്നു. നിലവില്‍ കൈരളി ടി.വി ഡയറക്ടര്‍ ബോര്‍ഡ് അംഗം, എ.പി വര്‍ക്കി മിഷന്‍ ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയാണ് മോനായി.

Advertisement